കൊച്ചി: തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയുടെയും ഫൈസലിന്റെയും ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ശേഖരിച്ച കസ്റ്റംസും എൻഐഎയും കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ.
വിവിധ ബാങ്കുകളിലും ബാങ്കിതര സ്ഥാപനങ്ങളിലുമായി വന്‍ നിക്ഷേപമാണ് കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷിനു ഉള്ളത്. സ്വര്‍ണക്കടത്തുവഴി ലഭിച്ച പണം മറ്റാവശ്യങ്ങള്‍ക്ക് വിനിയോഗിച്ചപ്പോള്‍ ശമ്പളവും മറ്റുമായി ലഭിച്ച പണം സ്വപ്ന അക്കൗണ്ടില്‍ നിക്ഷേപിക്കുകയാണുണ്ടായത്.
ബാങ്ക് ലോക്കറുകളിൽ വരെ പണം സൂക്ഷിച്ചിട്ടുള്ളതായും പരിശോധനയില്‍ കണ്ടെത്തി. അതേസമയം കേസിലെ മുഖ്യപ്രതി ഫൈസല്‍ ഫരീദിന്റെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ച കസ്റ്റംസിന് ലഭിച്ചത് പ്രതീക്ഷിച്ചതല്ല.
തൃശൂരിലെ മൂന്ന് ബാങ്ക് അക്കൗണ്ടുകളിലായി മൂവായിരത്തില്‍ താഴെ രൂപമാത്രമാണ് കണ്ടത്. ഒരു ബാങ്കില്‍നിന്ന് വാഹന വായ്പയെടുത്ത് തിരച്ചടയ്ക്കാത്തതിന് ജപ്തി നടപടിയിലാണ്. 50 ലക്ഷം രൂപ വായ്പ എടുത്ത സഹകരണ ബാങ്കില്‍ തിരിച്ചടയ്ക്കാനുള്ളത് 37 ലക്ഷം.
കയ്പമംഗലത്തെ ബാങ്കുകളില്‍ ഫൈസലിന് അക്കൗണ്ടുകള്‍ ഉണ്ടെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഈ സ്ഥാപനങ്ങളില്‍ കസ്റ്റംസ് പരിശോധന നടത്തിയപ്പോള്‍ ഫൈസലിന്റെ പേരില്‍ അക്കൗണ്ടുകള്‍ ഓപ്പണ്‍ ചെയ്തിട്ടുള്ളതായും എന്നാല്‍ വര്‍ഷങ്ങളായി ഇതുവഴി ഇടപാടുകള്‍ നടന്നിട്ടില്ലെന്നും കണ്ടെത്തി.
ഇതില്‍ ഒരു ബാങ്കില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ എന്‍ആര്‍ഐ അക്കൗണ്ട് തുറന്നിരുന്നു.