ജോണ്സണ് വേങ്ങത്തടം
കോട്ടയം: സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലോടെ രണ്ടു വർഷത്തിനു ശേഷം സ്വർണക്കടത്ത് കേസ് വീണ്ടും രാഷ്്ട്രീയ കൊളിളക്കം സൃഷ്ടിക്കുന്നു.
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി, മന്ത്രി, സപീക്കർ തുടങ്ങിയവരെല്ലാം ആരോപണവിധേരായി വന്നിരുന്ന സ്വർണക്കടത്ത് കേസിലേക്കു മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും എത്തുന്പോൾ ആവിയായി പോയ കേസ് വീണ്ടും സജീവമായി ചൂടുപിടിക്കുന്നു.
മുഖ്യമന്ത്രി പിണറായി വിജയനെയും കുടുംബത്തെയും പ്രതിസ്ഥാനത്തേക്കു തള്ളിവിട്ടു ഭരണപക്ഷത്തെ മുൾമുനയിൽ നിർത്തിയാണ് സ്വപ്നസുരേഷ് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.
പിണറായി വിജയൻ, മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ, മുഖ്യമന്ത്രിയുടെ ഭാര്യ കമല, മകൾ വീണ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി.എം. രവീന്ദ്രൻ, മുൻമന്ത്രി കെ.ടി.ജലീൽ, നളിനി നെറ്റോ എന്നിവരുടെ ഇടപെടലിനെയും സ്വപ്ന സുരേഷ് തുറന്നു കാട്ടുന്നു.
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പേരു പറയാൻ അന്വേഷണ ഏജൻസി സമ്മർദ്ദം ചെലുത്തിയെന്ന് സ്വപ്ന പറയുന്നതായി നേരത്തെ പുറത്തുവന്നിരുന്നു.
എന്നാൽ ജയിലിൽ നിന്നിറങ്ങിയ ശേഷം അങ്ങനെ പറഞ്ഞത് പോലീസ് സമ്മർദ്ദം ചെലുത്തിയതുകൊണ്ടാണെന്നാണ് സ്വപ്ന വെളിപ്പെടുത്തിയത്.
എന്നാൽ ഇപ്പോഴത്തെ സ്വപ്നയുടെ വെളിപ്പെടുത്തലിൽ സിപിഎം കേന്ദ്രങ്ങൾ ഞെട്ടലിലാണ്. കെ.ടി. ജലീൽ മാത്രം പരിഹാസവുമായി രംഗത്തു വന്നിട്ടുണ്ടെങ്കിലും വരും ദിവസങ്ങളിൽ രാഷ്ട്രീയ കേരളത്തിൽ രാഷ്ട്രീയചർച്ചയാകുകയാണ് സ്വർണക്കടത്ത് കേസ്.
മുഖ്യമന്ത്രിയുടെ പ്രതിരോധം
തൃക്കാക്കരയുടെ തോൽവിയിൽനിന്നും തലയുയർത്താൻ സാധിക്കാത്ത ഭരണപക്ഷത്തിനു കിട്ടിയ മാരകപ്രഹരമാണ് സ്വപ്നയുടെ വെളിപ്പെടുത്തൽ.
സ്വപ്നയുടെ ആരോപണങ്ങളെ ഗൗരവമല്ലെന്നു പറഞ്ഞ് ആദ്യഘട്ടത്തിൽ സിപിഎം കേന്ദ്രങ്ങൾ തള്ളുന്നുണ്ടെങ്കിലും മുഖ്യമന്ത്രി പ്രസ്താവനയിലൂടെ പ്രതിരോധം തീർക്കുകയാണ്.
സ്വപ്നയുടെ ആരോപണങ്ങൾക്ക് മുഖ്യമന്ത്രിയുടെ മറുപടി പ്രസ്താവനയിലൊതുങ്ങുകയാണ്.
സ്വർണക്കടത്തും സ്വപ്നയുടെ വെളിപ്പെടുത്തലും മുൻകാലങ്ങളിൽ പറഞ്ഞതു പോലെ ഇതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന വാദമാകും സിപിഎം ഉയർത്തുക.
കേന്ദ്ര ഏജൻസികളെ സംശയനിഴലിൽ നിർത്താനും സിപിഎം ശ്രമിക്കും.
ദേശീയ അന്വേഷണ ഏജൻസികൾ
2020 ജൂലൈ അഞ്ചിനാണു തിരുവനന്തപുരം വിമാനത്താവളത്തിൽ നയതന്ത്ര ബാഗേജ് വഴി സ്വർണക്കടത്ത് നടത്തുന്നത്.
യുഎഇ കോണ്സുലേറ്റിന്റെ വിലാസത്തിലെത്തിയ ബാഗേജിൽ സംശയം തോന്നി കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു.
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്നതുവരെ കാര്യങ്ങൾ നീണ്ടു.
ദേശീയ അന്വേഷണ ഏജൻസികളായ എൻഐഎ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, കസ്റ്റംസ്്, സിബിഐ, റോ, ഐബി,എൻസിബി തുടങ്ങിയ പ്രമുഖ ഏജൻസികളെല്ലാം കേരളത്തിലെത്തിയിരുന്നു.
എന്നാൽ മുഖ്യമന്ത്രിയിലേക്കു കേസ് നീളാതെ അവസാനിക്കുകയായിരുന്നു.
സ്വർണക്കടത്ത് സംഘത്തിന് തീവ്രവാദ ബന്ധമുണ്ടെന്നും ദേശസുരക്ഷയ്ക്കു ഭീഷണിയാണെന്നുമുള്ള വിലയിരുത്തലിനെ തുടർന്നാണ് എൻഐഎ കേസ് ഏറ്റെടുത്തത്.
ലൈഫ് മിഷൻ പദ്ധതിക്കു കേന്ദ്രാനുമതിയില്ലാതെ വിദേശസഹായം സ്വീകരിച്ചതിനാണ് സിബിഐ അന്വേഷണം തുടങ്ങിയത്.
സ്വർണക്കടത്ത് കേസിലെ പ്രതികൾ തന്നെയാണ് ഈ കേസിലും ആരോപണവിധേയരായിരിക്കുന്നത്.
വിദേശ രാജ്യത്തു നിന്നുള്ള സ്വർണക്കടത്ത് നടത്താൻ സഹായം നൽകിയത് ആരൊക്കെയെന്നാണ് ഐബിഅന്വേഷിച്ചത്.
ബംഗളൂരു സിനിമാ ലഹരി മരുന്നു കേസിലെ പ്രതികൾക്ക് കേരളത്തിലെ സ്വർണക്കടത്ത് സംഘവുമായുള്ള ബന്ധമാണ് നർകോട്ടിക്സ് കണ്ട്രോൾ ബ്യൂറോയെ ഈ കേസുമായി ബന്ധിപ്പിച്ചത്.
തെളിവ് നശിപ്പിക്കൽ, കേസ് അട്ടിമറിക്കാൻ ശ്രമിക്കൽ എന്നീ കാര്യങ്ങളാണ് എൻഫോഴ്സ്മെനന്റ് ഡയറക്ടറേറ്റ് അന്വേഷിച്ചത്.