കൊച്ചി: സ്വർണക്കടത്തിലെ കള്ളപ്പണകേസിൽ രണ്ടാം പ്രതി സ്വപ്ന സുരേഷിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഇന്ന് വിശദമായി ചോദ്യം ചെയ്യും.
സാന്പത്തിക കുറ്റാന്വേഷണ കോടതിയിൽ സ്വപ്ന നൽകിയ 164 മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ.
മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് സ്വപ്ന നൽകിയ 164 മൊഴിയിലാണ് ഇ ഡി തുടർ അന്വേഷണം നടത്തുന്നത്.
ആദ്യപടിയായി ഇന്ന് രാവിലെ 11 മണിക്കാണ് വിശദമായ ചോദ്യം ചെയ്യലിന് ഹാജരാകാൻ സ്വപ്ന സുരേഷിന് ഇ ഡി നിർദ്ദേശം നൽകിയത്.
ക്ലിഫ് ഹൗസ് കേന്ദ്രീകരിച്ച് മുഖ്യമന്ത്രിയും മകളും ഭാര്യയുമടക്കം രാജ്യ വിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെട്ടെന്നും കോണ്സുൽ ജനറലിന്റെ വീട്ടിൽ നിന്ന് ക്ലിഫ് ഹൗസിലേക്ക് ബിരിയാണി ചെന്പിൽ ലോഹ വസ്തുക്കൾ കൊടുത്തയച്ചു എന്നുമുള്ള മൊഴികളാണ് സ്വപ്ന നൽകിയിട്ടുള്ളത്.
മുൻമന്ത്രി കെ.ടി. ജലീൽ, മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ എന്നിവർക്കെതിരേയും 164 മൊഴിയിൽ വെളിപ്പെടുത്തലുകളുണ്ട്.
മൊഴി പകർപ്പ് കേന്ദ്ര ഡയറകറേറ്റ് പരിശോധിച്ച ശേഷം ആണ് തുടർ അന്വേഷണവുമായി മുന്നോട്ട് പോകാൻ അന്വേഷണ സംഘത്തിന് നിർദ്ദേശം നൽകിയത്.
നേരെത്തെ സ്വപ്ന സുരേഷ് കസ്റ്റംസിനു നൽകിയ 164 മൊഴിയും ഇഡിക്ക് ലഭിച്ചിട്ടുണ്ട്.
ഇഡി ഹർജിയും ഇന്ന്
ഡോളർ കടത്തു കേസിൽ സ്വപ്ന കസ്റ്റംസിനു നൽകിയ 164 മൊഴി ആവശ്യപ്പെട്ടുള്ള ഇഡി ഹർജി ഇന്ന് സാന്പത്തിക കുറ്റന്വേഷണ കോടതി പരിഗണിക്കും.
കേന്ദ്ര സുരക്ഷ: സ്വപ്നയുടെ ഹർജി ഇന്ന് പരിഗണിക്കും
164 മൊഴി നൽകിയത്തോടെ ജീവന് ഭീഷണി ഉണ്ടെന്നും കേരളാ പോലീസിന്റെ സുരക്ഷയ്ക്ക് പകരം കേന്ദ്ര സേനയുടെ സുരക്ഷ ആവശ്യപ്പെട്ടുകൊണ്ടുള്ള സ്വപ്നയുടെ ഹർജി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും.