തിരുവനന്തപുരം: യുഎപിഎ ചുമത്തി കേസെടുത്ത സ്വർണക്കടത്തു കേസിലെ പ്രതികളുമായി മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറിയും മുൻ ഐടി പ്രിൻസിപ്പൽ സെക്രട്ടറിയുമായ എം. ശിവശങ്കറിനെതിരേ വകുപ്പുതല അന്വേഷണം പ്രഖ്യാപിക്കാത്ത സർക്കാർ നടപടി സംശയ നിഴലിൽ.
സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ശിവശങ്കറിന്റെ നടപടികൾ അന്വേഷണ വിധേയമാകാത്തത് സർക്കാരിന് എന്തെങ്കിലും ഒളിച്ചു വയ്ക്കാനുള്ളതുകൊണ്ടാണോ എന്ന വിമർശനവും ഉയരുന്നു.
ക്രിമിനൽ കേസുകളിൽ പ്രതികളുമായി അടുത്ത ബന്ധമുണ്ടെന്നു കണ്ടെത്തിയതിനെത്തുടർന്നു മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തുനിന്നും ഐടി പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തു നിന്നും ഒഴിവാക്കിയ ശിവശങ്കറിനെതിരേ വകുപ്പുതല അന്വേഷണം പ്രഖ്യാപിക്കാൻ മൂന്നു സാഹചര്യത്തിൽ കഴിയും.
• സിവിൽ സർവീസ് ഉദ്യോഗസ്ഥർ അഖിലേന്ത്യാ സർവീസിൽ പെട്ടവരായതിനാൽ കേന്ദ്ര സർക്കാരിനു നേരിട്ട് അന്വേഷണം നിർദേശിക്കാം. ഇക്കാര്യം ആവശ്യപ്പെട്ടു ചീഫ് സെക്രട്ടറിക്കു നിർദേശം നൽകാം.
• അന്വേഷണം ആവശ്യപ്പെട്ട് ആരെങ്കിലും സംസ്ഥാന ചീഫ് സെക്രട്ടറിക്കു പരാതി സമർപ്പിച്ചാൽ, അദ്ദേഹത്തിന് വകുപ്പുതല അന്വേഷണത്തിന് ഉത്തരവിടാം.
• ചീഫ് സെക്രട്ടറിക്കു പരാതി നൽകിയിട്ടും വകുപ്പുതല അന്വേഷണം നടത്താൻ തയാറാകാതിരുന്നാൽ ഹൈക്കോടതിയെ സമീപിച്ചാൽ കോടതി നിർദേശാനുസരണം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെടാം.
അഖിലേന്ത്യാ സർവീസിലെ പെരുമാറ്റച്ചട്ടത്തിൽ നിർദേശിക്കുന്ന മൂന്നു ചട്ടലംഘനം ശിവശങ്കർ നടത്തിയതായാണു പ്രധാനമായും പരാതി ഉയരുന്നത്.
• സ്വർണക്കള്ളക്കടത്തുമായി ബന്ധപ്പെട്ടു ദേശീയ അന്വേഷണ ഏജൻസിയും കസ്റ്റംസും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയ പ്രതികളുമായി അടുത്ത ബന്ധം പുലർത്തി.
നേരത്തേ ക്രൈംബ്രാഞ്ച് കേസിൽ ഉൾപ്പെട്ടവരുമായി ആഭ്യന്തര വകുപ്പു കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ സെക്രട്ടറി അടുത്ത ബന്ധം പുലർത്തി.
അഖിലേന്ത്യാ സിവിൽ സർവീസ് ചട്ടമനുസരിച്ച് എന്തെങ്കിലും കേസുകളിൽ പ്രതികളായവരുമായി അടുത്ത ബന്ധമുണ്ടെന്നു തെളിഞ്ഞാൽ ഇവർക്കെതിരേ അന്വേഷണം ആവശ്യമാണ്.
ഔദ്യോഗിക തലത്തിൽ ഇവർക്ക് എന്തെങ്കിലും സഹായം ചെയ്തിട്ടുണ്ടോ എന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിച്ചു വകുപ്പുതല സമിതി ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ട് സമർപ്പിക്കണം.
ക്രിമിനൽ കേസിലെ പ്രതികൾക്ക് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് എന്തെങ്കിലും സഹായം ചെയതതായി തെളിഞ്ഞാൽ ഇവരെ സർവീസിൽനിന്നു സസ്പെൻഡ് ചെയ്ത് തുടരന്വേഷണം നടത്തണമെന്നാണു ചട്ടത്തിൽ പറയുന്നത്.
• ഉന്നത പദവിയിലിരുന്ന് അനധികൃത നിയമനം നടത്തിയെന്ന് ആരോപണം നേരിടുന്ന സാഹചര്യത്തിൽ ഇക്കാര്യം പരിശോധിക്കാൻ ഉടൻതന്നെ വകുപ്പുതല അന്വേഷണം നടത്തേണ്ടതും വേഗത്തിൽ റിപ്പോർട്ട് സമർപ്പിച്ചു തുടർ നടപടി സ്വീകരിക്കേണ്ടതുമാണ്.
• ഓഫിസിനു പുറമേ ഒൗദ്യോഗിക താമസസ്ഥലത്ത് അടക്കം സർവീസ് ചട്ടത്തിനനുസരിച്ചു മാത്രമേ സന്ദർശകരെ പ്രവേശിപ്പിക്കാൻ പാടുള്ളു. ഇതിൽ ലംഘനം നടന്നോ എന്നും പരിശോധിക്കാം. സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ടു ശിവശങ്കറിന്റെ സെക്രട്ടേറിയറ്റിനു സമീപത്തെ ഫ്ളാറ്റിൽ ഇന്നലെ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു.