പറവൂർ: പ്രളയത്തിൽ വീട് നഷ്ടമായവർക്കു ലഭിക്കേണ്ട സഹായധനം അക്കൗണ്ട് നന്പർ മാറി മറ്റൊരാൾക്ക് നൽകിയതിനെ തുടർന്നു ഇപ്പോഴും ദുരിതമനുഭവിക്കുകയാണ് ഒരു കുടുംബം.
വടക്കേക്കര പഞ്ചായത്തിലെ കുഞ്ഞിത്തൈ തെറിയ്ക്കവില്ലയിൽ സ്വപ്നയും കുടുബവുമാണ് പ്രളയത്തിന്റെ ദുരന്തമുഖത്തുനിന്നും ഇപ്പോഴും കരകയറാനാകാത്ത അവസ്ഥയിലുള്ളത്.
സ്വപ്നയും മൂന്ന് പെൺകുഞ്ഞുങ്ങളും ഭർത്താവും വൃദ്ധയും രോഗിയുമായ ഭതൃമാതാവും അടങ്ങുന്ന ആറ് അംഗ കുടുംബം അന്തിയുറങ്ങുന്നത് ഉപയോഗശൂന്യമായ പ്ലാസ്റ്റിക്ക് ഷീറ്റ് മേഞ്ഞ കുടിലിലാണ്.
താമസിച്ചിരുന്ന ജീർണാവസ്ഥയിലായിരുന്ന ഓടിട്ടവീട് പ്രളയജലത്തിന്റെ കുത്തെഴുക്കിൽ തീർത്തും അപകടസ്ഥിതിയിലായതോടെ ജീവഭയത്താലാണ് ഷെഡിലേക്ക് താമസം മാറ്റിയത്.
വീട് പൂർണമായി വാസയോഗ്യമല്ലാതായെങ്കിലും പ്രളയ നാശനഷ്ടം കണക്കാക്കിയപ്പോൾ അനുവദിച്ചത് ഒന്നര ലക്ഷം രൂപ മാത്രം. അനുവദിച്ച ഈ തുകയെങ്കിലും ലഭിക്കാൻ സ്വപ്നയും, ഭർത്താവ് ആന്റണിയും കളക്ടറേറ്റിൽ കയറി ഇറങ്ങിയതിന് കണക്കില്ല.
അക്കൗണ്ട് നമ്പർ മാറി അനർഹരായ ആർക്കോ തുക കൈമാറിയതായിട്ടാണ് രേഖകൾ വ്യക്തമാക്കുന്നത്. ഉദ്യോഗസ്ഥർക്ക് സംഭവിച്ച കൈ പിഴവായിട്ടു പോലും പ്രളയം കഴിഞ്ഞ് രണ്ടര വർഷമായിട്ടും ഇതിനു പരിഹാരം കാണാൻ കളക്ടർ ഉൾപ്പെടെ ആർക്കും കഴിഞ്ഞിട്ടില്ല.
സ്വപ്നയുടെ കുടുംബത്തിന്റെ ദയനീയ സ്ഥിതി ബോധ്യപ്പെട്ട് സഹായഹസ്തവുമായി എത്തിയ കന്യാസ്ത്രീ മഠം അധികൃതർ വീട് പണിയാൻ തറ നിർമിച്ചു നൽകിയിട്ടുണ്ട്. വീടു പണിക്ക് ചില സാമഗ്രികളെങ്കിലും നൽകാൻ അഭ്യുതയകാംഷികളും സന്നദ്ധ സംഘടനകളും തയാറായി വന്നിട്ടു മുണ്ട്.
എന്നാൽ ആറ് അംഗ കുടുംബത്തിന് താമസിക്കാനുതകുന്ന തരത്തിൽ വീട് നിർമിച്ചു നൽകാൻ ഇവർക്ക് പരിമിതികളുണ്ട്.
സർക്കാർ റീബിൽഡ് കേരള ഇനത്തിൽ അനുവദിച്ച തുക ലഭ്യമാകുകയാണെങ്കിൽ മറ്റു അഭ്യുത കാംഷികളുടെ സഹായത്തോടെ തലചായ്ക്കാൻ സുരക്ഷിതമായൊരിടമാണ് ഇവർ പ്രതീക്ഷിക്കുന്നത്.