കൊച്ചി: സ്വപ്ന സുരേഷിന്റെ ലോക്കറിൽ നിന്നും കണ്ടെത്തിയ ഒരു കോടി രൂപ ശിവശങ്കറിന്റെ കമ്മീഷനാണെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയിൽ.
ഈ പണം ലൈഫ് മിഷൻ കരാർ നൽകിയതിന് യൂണിടാക് നൽകിയ കമ്മീഷനാണെന്നും ഇഡി കോടതിയിൽ വ്യക്തമാക്കി.ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് ഇഡി ഇക്കാര്യം ഹൈക്കോടതിയിൽ വെളിപ്പെടുത്തിയത്.
സ്വപ്നയ്ക്ക് മൂന്ന് ലോക്കറുകളുണ്ട്. ഇതിനുള്ള വരുമാനം സ്വപ്നയ്ക്കില്ല. കള്ളപ്പണം സൂക്ഷിക്കുന്നതിനു വേണ്ടി മാത്രമാണ് ലോക്കർ തുറന്നത്.
സ്വർണക്കടത്ത് സഹായിക്കുന്നതിന് ശിവശങ്കർ മുഖ്യമന്ത്രിയുടെ ഓഫീസിലെ പദവി ദുരുപയോഗം ചെയ്തുവെന്നും ഇഡി കോടതിയിൽ വ്യക്തമാക്കി.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഇഡി രജിസ്റ്റർ ചെയ്ത കേസിൽ ശിവശങ്കറിൻറെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഇതു ചോദ്യം ചെയ്താണ് ശിവശങ്കർ ഹൈക്കോടതിയെ സമീപിച്ചത്.
ഇഡി കള്ളക്കഥകൾ മെനയുകയാണെന്നും തനിക്കു സ്വർണക്കടത്തുമായി ബന്ധമില്ലെന്നുമാണ് ശിവശങ്കറിന്റെ വാദം.