കറുകച്ചാൽ: പങ്കാളിയെ ലൈംഗിക ബന്ധത്തിനു കൈമാറുന്ന സംഘം നിരവധി യുവതികളെ ചൂഷണം ചെയ്തിട്ടുള്ളതായി സംശയം. പീഡനത്തിന് ഇരയായ യുവതിയുടെ പരാതിയിലാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.ഒരു തവണ കുടുങ്ങുന്നവരുടെ ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയാണ് ചൂഷണം നടത്തിയിരുന്നത്.
പലരും ഇത്തരത്തിൽ ഇവരുടെ ഭീഷണിക്കു മുന്നിൽ കുടുങ്ങി രക്ഷപ്പെടാനാവാത്ത വിധം അകപ്പെട്ടു പോയിരിക്കുകയാണ്. സംഭവത്തിൽ സോഷ്യൽ മീഡിയ കേന്ദ്രീകരിച്ചു പങ്കാളികളെ കൈമാറുന്ന 14 സംഘങ്ങളെക്കുറിച്ച് അന്വേഷണം നടത്തുകയാണ്.
കറുകച്ചാലിൽ പരാതിക്കാരിയായ യുവതിയെ ഭീഷണിപ്പെടുത്തിയാണ് ഭർത്താവ് പീഡനത്തിനിരയാക്കിയതെന്നും കുടുംബത്തെ ഓർത്ത് സഹിക്കുകയായിരുന്നുവെന്നും ഇരയായ യുവതിയുടെ സഹോദരൻ വെളിപ്പെടുത്തിയിരുന്നു.വിവാഹം കഴിഞ്ഞ് ഏതാനും നാളുകൾക്കുശേഷം തന്നെ ഭർത്താവ് യുവതിയെ ക്രൂരമായി പീഡിപ്പിച്ചിരുന്നു.
മറ്റുള്ള പുരുഷന്മാരുമായി കിടപ്പറ പങ്കിടണമെന്ന് നിർബന്ധിച്ചതോടെ സഹോദരി വീട്ടിൽ വന്നുനിന്നു. തുടർന്ന് പോലീസിൽ പരാതി നൽകി. തമാശക്കായി പറഞ്ഞതാണെന്നും ഇനി ആവർത്തിക്കില്ലെന്നും പറഞ്ഞ് വീട്ടിലെത്തി മാപ്പുപറഞ്ഞശേഷം ഇയാൾ യുവതിയുമായി വീട്ടിലേക്ക് പോയി.
പിന്നീടും ഇതേ രീതിയിലുള്ള പ്രവർത്തനങ്ങൾ തുടർന്നു. നിർബന്ധപൂർവം യുവതിയെ മറ്റുള്ളവർക്ക് കൈമാറി. ഇവ ഫോണിലും കാമറയിലും പകർത്തി. ഇക്കാര്യം മറ്റാരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്നും മക്കളെ ഇല്ലാതാക്കുമെന്നും ഭീഷണിപ്പെടുത്തി.
സഹോദരങ്ങളോടും വീട്ടുകാരോടും പലപ്പോഴും യുവതി കാര്യങ്ങൾ പറയാൻ തുടങ്ങിയെങ്കിലും തൂങ്ങിമരിക്കുമെന്ന് ഇയാൾ ഭിഷണിപ്പെടുത്തി. കൂടാതെ തന്റെ കൈവശമുള്ള ലൈംഗിക ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി.
ഇതോടെയാണ് യുവതി കാര്യങ്ങൾ തുറന്നു പറയാൻ മടിച്ചതെന്നും നിരവധി പേർ തന്റെ സഹോദരിയെപ്പോലെ ഇത്തരം കെണികളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും സഹോദരൻ പറഞ്ഞു. നിരവധി സ്ത്രീകൾ ഇത്തരത്തിലുള്ള പീഡനങ്ങൾക്ക് ഇരയായിട്ടുണ്ടാകാമെന്നാണു കരുതുന്നുണ്ടെങ്കിലും കൂടുതൽ പരാതികൾ ഇതുവരെ ലഭിച്ചിട്ടില്ല.
പിടിയിലായ പ്രതികളുടെ ഫോണുകൾ, ലാപ്ടോപ്പുകൾ എന്നിവ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നുണ്ട്. നിലവിൽ കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിൽനിന്നുള്ള ആറു പ്രതികളാണ് അറസ്റ്റിലായത്. മൂന്ന് പേരെ കൂടി കണ്ടെത്താനുണ്ട്. ഇതിലൊരാൾ കഴിഞ്ഞ ദിവസം സൗദിയിലേക്ക് കടന്നിരുന്നു. മറ്റ് പ്രതികൾ ഒളിവിലാണ്. ഇവർക്കായി അന്വേഷണം ശക്തമാക്കി.