കൊച്ചി: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ കൂടുതൽ കുരുക്കിലാക്കി സ്വപ്ന സുരേഷിന്റെ മൊഴി.
സ്വർണക്കടത്തിനെക്കുറിച്ച് ശിവശങ്കറിന്റെ സംഘത്തിന് അറിവുണ്ടായിരുന്നെന്ന് സ്വപ്ന മൊഴി നൽകിയതായി ഇഡി കോടതിയെ അറിയിച്ചു. ശിവശങ്കറുമായി അടുപ്പമുള്ളവരുടെ പേരുകൾ സ്വപ്ന വെളിപ്പെടുത്തിയെന്നും ഇഡി അറിയിച്ചു.
സന്തോഷ് ഈപ്പനുമായും ഖാലിദുമായും ശിവശങ്കറിന് ബന്ധമുണ്ടായിരുന്നു. രഹസ്യ വിവരങ്ങൾ സ്വപ്നയും ശിവശങ്കറും പങ്കുവച്ചതിന് വാട്ട്സ്ആപ്പ് ചാറ്റുകൾ തെളിവുണ്ട്.
ലൈഫ് മിഷൻ പദ്ധതിയിലെ കോഴ ഇടപാടിലും ശിവശങ്കറിന് അറിവുണ്ടായിരുന്നു. ലൈഫ് മിഷൻ, കെ ഫോണ് കരാറുകളിൽ യൂണിടാകിനെ ഉൾപ്പെടുത്താൻ ശ്രമിച്ചതായും മൊഴിയിൽ പറയുന്നു.
സ്വപ്നയ്ക്ക് സ്മാർട്സിറ്റി, കെ ഫോണ്, ലൈഫ് പദ്ധതികളുമായി ബന്ധമുണ്ടെന്നും ഇഡി കോടതിയെ അറിയിച്ചു. തുടർന്നും ശിവശങ്കറിനെ ചോദ്യം ചെയ്യണമെന്ന് ഇഡി ആവശ്യപ്പെട്ടതിനെത്തുടർന്ന് ഒരുദിവസംകൂടി കസ്റ്റഡിയിൽ വിട്ടു.