തളിപ്പറമ്പ്: ഏറ്റവും വലിയ യുവജന സംഘടനയായ ഡിവൈഎഫ്ഐ യുവാക്കളുടെ പ്രശ്നങ്ങളില്‍ ഇടപെട്ടുകൊണ്ടുളള പ്രക്ഷോഭങ്ങള്‍ക്കു നേതൃത്വം നല്കുന്ന സംഘടന മാത്രമല്ല ഏറ്റവും മികച്ച ജീവകാരുണ്യ- പരിസ്ഥിതി സംഘടന കൂടിയാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എം. സ്വരാജ് എംഎല്‍എ പറഞ്ഞു.
ഡിവൈഎഫ്ഐ ഏഴോം മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പട്ടുവം മുതലപ്പാറ ദീന സേവന സഭയുടെ സെന്റ് ജോസഫ് അഗതിമന്ദിരത്തിലെ അന്തേവാസികള്‍ക്ക് ഭക്ഷണവും വസ്ത്രവും വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ ഏറ്റവും വലിയ രക്തദാന സേനയും ഡിവൈഎഫ്ഐയുടെ കീഴിലാണെന്ന് സ്വരാജ് കൂട്ടിച്ചേര്‍ത്തു. സ്നേഹസ്പര്‍ശം എന്ന പേരില്‍ നടന്ന പരിപാടിയില്‍ നിരവധി ഡിവൈഎഫ്ഐ പ്രവര്‍ത്തകരും നാട്ടുകാരും പങ്കെടുത്തു. ഉദ്ഘാടന പരിപാടിക്ക് ശേഷം ഭക്ഷണവും വിളമ്പി നല്‍കിയാണ് സ്വരാജ് തിരിച്ചു പോയത്.
ഉച്ചഭക്ഷണത്തിനു ശേഷം നിരവധി കലാകാരന്മാര് പങ്കെടുത്ത കരോക്കെ ഗാനമേളയും അരങ്ങേറി. പി.വി സമീഷ് അധ്യക്ഷത വഹിച്ചു. എം ഷാജിര്‍, എം.വി രാജീവന്, പയ്യരട്ട മോഹനന്, അനൂപ്, വരുണ്‍, സിസ്റ്റര്‍ ഗീല്ബര്ഗ്, സിസ്റ്റര്‍ റോസ്ലിന് എന്നിവര്‍ സംസാരിച്ചു.