തൃപ്പൂണിത്തുറ: ശബരിമല വിഷയത്തിൽ മാപ്പ് പറഞ്ഞ ദേവസ്വം മന്ത്രിയുടെ പാത പിന്തുടർന്ന് തൃപ്പൂണിത്തുറ എംഎൽഎ മാപ്പ് പറയുമോയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെ. ബാബുവിന്റെ തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദേഹം.
അഴിമതിയിൽ മുങ്ങിക്കുളിച്ച കൊള്ളക്കാരുടെ സർക്കാരാണിത്. മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ കള്ളക്കടത്തിന് നേതൃത്വം നൽകുന്നു എന്നും ചെന്നിത്തല പറഞ്ഞു.
യുഡിഎഫ് കൺവീനർ ബാബു ആന്റണി അധ്യക്ഷത വഹിച്ചു. കെ.ബാബു, ഹൈബി ഈഡൻ എംപി, രമേഷ് പിഷാരടി, കെ.ബി. മുഹമ്മദ് കുട്ടി, മുൻ ശബരിമല മേൽശാന്തി ഏഴിക്കോട് ശശിധരൻ തിരുമേനി, കെ.എൽ.മോഹനവർമ്മ, ഡൊമിനിക് പ്രസന്റേറേഷൻ, ഐ.കെ. രാജു, കറ്റാനം ഷാജി, രാജു പി നായർ, പോളച്ചൻ മണിയങ്കോട്, സി. വിനോദ്, ബേസിൽ മൈലന്തറ തുടങ്ങിയവർ പ്രസംഗിച്ചു.
സ്വരാജിന്റെ പഴയ പ്രസംഗം ആയുധമാക്കി യുഡിഎഫ്
തൃപ്പൂണിത്തുറ: എം. സ്വരാജിന്റെ വിവാദ ശബരിമല പ്രസംഗം പ്രചാരണത്തിലെ മുഖ്യവിഷയമാക്കി യുഡിഎഫ്. കേരളം മുഴുവൻ ശബരിമല വിഷയങ്ങൾ പ്രതിപക്ഷ കക്ഷികൾ മുഖ്യ വിഷയമാക്കുമ്പോൾ തൃപ്പൂണിത്തുറയിൽ എം. സ്വരാജ് മത്സരിച്ചാൽ നേർക്കുനേർ ഈ പരാമർശങ്ങൾ എടുത്തു പ്രയോഗിക്കുമെന്നത് ഉറപ്പായിരുന്നു.
കെ. ബാബുവിന്റെ തെരഞ്ഞെടുപ്പ് കൺവൻഷനിൽ രമേശ് ചെന്നിത്തലയുടെ പ്രസംഗവും സ്വരാജിന്റെ പഴയ പ്രസംഗത്തിലൂന്നിയായിരുന്നു. സ്വാഗത പ്രസംഗകൻ മുതൽ കെ. ബാബുവിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള പണം നൽകിയ മുൻ ശബരിമല മേൽശാന്തി ഏഴിക്കോട് ശശി നമ്പൂതിരി വരെ പ്രസംഗിച്ചത് ഈ വിഷയമായിരുന്നു.
മുൻപ് ഐശ്വര്യ കേരള യാത്രയിലെ സ്വീകരണ സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വേദിയിൽ കയറിയ ഉടനെ അവിടെയുള്ളവരെ കേൾപ്പിച്ചതും എം. സ്വരാജ് നടത്തിയ ശബരിമലയിലെ മാളികപ്പുറത്തമ്മയുമായി ബന്ധപ്പെട്ട വിവാദ പ്രസംഗത്തിന്റെ റെക്കോഡാണ്.
സാമൂഹ്യ മാധ്യമങ്ങളിലും ഇതുമായി ബന്ധപ്പെട്ട പോസ്റ്റുകൾ വന്നു തുടങ്ങിയപ്പോൾ എം.സ്വരാജ് ഡിജിപിക്ക് ഉൾപ്പെടെ പരാതി നൽകിയിരുന്നു.ഈ പരാതിയൊന്നും വക വയ്ക്കാതെയാണ് യുഡിഎഫ് നേതാക്കന്മാർ എം. സ്വരാജിന്റെ വിവാദ പരാമർശവും ശബരിമലയിലെ എൽഡിഎഫ് നിലപാടുകളും പ്രസംഗത്തിൽ പരാമർശിച്ചത്.