കാട്ടാക്കട : കോടികൾ വിലവരുന്ന ഭൂസ്വത്ത് വിളപ്പിൽ സർക്കാർ ആശുപത്രിക്ക് ദാനം നൽകിയ വിളപ്പിൽശാല അമ്പലത്തുംവിള ജെ. സരസ്വതി ബായി (96) യാത്രയായി. ഏറെനാളായി അസുഖ ബാധിതയായി കിടപ്പിലായിരുന്നു.
ചൊവ്വാഴ്ച രാത്രി 11 ന് ആയിരുന്നു അന്ത്യം. കുടുംബ ഓഹരിയായി കിട്ടിയ ഒന്നേകാൽ ഏക്കർ ഭൂമിയിൽ ഒരേക്കർ 1957 ലാണ് സരസ്വതി ബായി വിളപ്പിൽശാല സർക്കാർ ആശുപത്രിക്ക് സൗജന്യമായി നൽകിയത്. ഇന്ന് ഈ ഭൂമിക്ക് പത്ത് കോടിയോളം രൂപ വിലവരും.
ശേഷിച്ച 25 സെന്റ് പാവങ്ങൾക്ക് വീടുവയ്ക്കാൻ നൽകി. മക്കൾക്കുപോലും ഓഹരി നൽകാതെയാണ് സരസ്വതീഭായി ഈ പുണ്യകർമ്മം ചെയ്തത്. 1961 ൽ വിളപ്പിൽശാല ആശുപത്രി സരസ്വതീബായി നൽകിയ സ്ഥലത്തു പ്രവർത്തനം ആരംഭിച്ചത്. അന്നത്തെ മുഖ്യമന്ത്രി പട്ടം താണുപിള്ള സരസ്വതീബായിയെയും ഭർത്താവ് കൃഷ്ണപിള്ളയെയും വീട്ടിലെത്തി അഭിനന്ദിച്ചു.
ഭൂമി നൽകിയതിനു പകരമായി മക്കൾക്കോ കൊച്ചു മക്കൾക്കോ സർക്കാർ ജോലിയും അന്ന് മുഖ്യമന്ത്രി വാഗ്ദാനം ചെയ്തു. സരസ്വതീബായി പേരക്കുട്ടിക്ക് ഒരു ജോലിയെന്ന ആവശ്യവുമായി പലവട്ടം മന്ത്രിമന്ദിരങ്ങൾ കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല.
2013 ൽ വിളപ്പിൽശാല ആശുപത്രി സാമൂഹിക ആരോഗ്യകേന്ദ്രമായി ഉയർത്തിയതിനൊപ്പം പുതിയ ബഹുനില മന്ദിരവും വന്നു. വിളപ്പിൽശാല ആശുപത്രിയുടെ പുതിയ മന്ദിരത്തിന് സരസ്വതി ഭായിയുടെ പേര് നൽകണമെന്ന നാട്ടുകാരുടെ ആവശ്യം അധികൃതർ ചെവിക്കൊണ്ടില്ല.
ഒടുവിൽ പ്രതിഷേധം ശക്തമായപ്പോൾ 2017ൽ ആശുപത്രി ഹാളിന് സരസ്വതീഭായിയുടെ പേര് നൽകി. ആശുപത്രിയിൽ അവരുടെ ഛായാചിത്രവും സ്ഥാപിച്ചു. മകൻ റിട്ട. എസ് ഐ ഭദ്രകുമാറിന്റെയും മരുമകൾ ശാന്തയുടേയും സംരക്ഷണത്തിലും പരിചരണത്തിലുമായിരുന്നു അമ്മ കഴിഞ്ഞിരുന്നത്.
വിളപ്പിൽശാല ആശുപത്രിയിലെ സരസ്വതീഭായി ഹാളിൽ മൃതദേഹം പൊതുദർശനത്തിന് വച്ചു. സമൂഹത്തിലെ വിവിധ തുറകളിലുള്ളവർ അന്തിമോപചാരം അർപ്പിച്ചു.