ബോളിവുഡിലെ ഷൂട്ടിംഗ് സൈറ്റുകളിലുള്ളത് പുരുഷമേധാവിത്വത്തിലൂന്നിയ അരാജകത്വമെന്ന് നടി സ്വര ഭാസ്‌കര്‍. കുറച്ചു പേര്‍ നിര്‍ദ്ദേശം നല്‍കുന്നു മറ്റു ചിലര്‍ അടിമകളെപ്പോലെ അനുസരിക്കുന്നു എന്ന കീഴ് വഴക്കമാണ് ബോളിവുഡില്‍ നിലനില്‍ക്കുന്നതെന്ന് സ്വര പറയുന്നു. തുടക്കത്തിലുള്ള ഈ അധികാര സ്ഥാപനം പിന്നീട് ലൈംഗികാതിക്രമങ്ങളിലേക്കും ഇരകളെ നിശബ്ദരാക്കി ഇരുത്തുന്നതിലേക്കും വഴിവയ്ക്കുന്നുണ്ടെന്ന് താരം പറഞ്ഞു.
‘സിനിമയിലെ വേഷങ്ങള്‍ക്കായി കിടക്ക പങ്കിടാന്‍ പലരും വിളിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പലവേഷങ്ങളും നഷ്ടമായി. ഫിലിം സെറ്റുകളില്‍ ഇപ്പോഴും സ്ത്രീകള്‍ക്ക് വേണ്ടത്ര സുരക്ഷ ലഭിക്കുന്നില്ല. ഇക്കാരണങ്ങള്‍ കൊണ്ടാണ് സ്ത്രീ വീണ്ടും ഇത്തരം ആക്രമണങ്ങള്‍ക്ക് ഇരയായികൊണ്ടിരിക്കുന്നത്.’സ്വര പറയുന്നു. തന്റെ സിനിമാ ജീവിതത്തിന്റെ തുടക്കകാലത്ത് ഇത്തരം ഒരു അനുഭവം തനിക്ക് ഉണ്ടായിട്ടുണ്ടെന്നും സ്വര പറയുന്നു. തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് സ്വര പറയുന്നതിങ്ങനെ…
ഒരു കുഗ്രാമത്തിലായിരുന്നു സിനിമയുടെ ഷൂട്ട്. സിനിമ തുടങ്ങിയ അന്നു മുതല്‍ സംവിധായകന്‍ ശല്യം ചെയ്യാന്‍ തുടങ്ങി. ആദ്യമൊക്കെ നിരന്തരം മെസേജ് അയയ്ക്കുകയായിരുന്നു പതിവ്. പിന്നീട് ഡിന്നറിന് ക്ഷണിക്കാന്‍ തുടങ്ങി.ദിവസം മുഴുവന്‍ എന്നെ പിന്തുടരും, ഷൂട്ട് കഴിഞ്ഞാല്‍ രാത്രി ഫോണ്‍ വിളിക്കും. ഒരിക്കല്‍ രാത്രി സിനിമയിലെ അടുത്ത ദിവസത്തെ സീന്‍ ചര്‍ച്ച ചെയ്യാന്‍ സംവിധായകന്‍ ഹോട്ടല്‍റൂമിലേക്ക് വിളിച്ചു. അവിടെ ചെന്നപ്പോള്‍ അയാള്‍ മദ്യപിച്ചിരിക്കുകയാണ്. ഉടന്‍ തന്നെ അവിടെ നിന്നും ഓടി രക്ഷപ്പെടേണ്ടിവന്നു.
ഷൂട്ട് തുടങ്ങി ആദ്യ ആഴ്ചമുതല്‍ സെക്സും പ്രേമവും മാത്രമാണ് അയാള്‍ക്ക് സംസാരിക്കാനുണ്ടായിരുന്നത്. പിന്നീടൊരു ദിവസം രാത്രി എന്റെ മുറിയില്‍ മദ്യപിച്ചെത്തി ആലിംഗനം ചെയ്യാന്‍ ആവശ്യപ്പെട്ടു. ശരിക്കും പേടിച്ച് പോയിരുന്നു.അന്ന് ഞാന്‍ ഒറ്റയ്ക്കാണ്, ചെറുപ്പവും. സിനിമയുടെ പാക്ക് അപ്പ് സമയത്ത് റൂമിന്റെ ലൈറ്റ് ഓഫ് ചെയ്ത് ഇരുട്ടത്ത് ഇരുന്നാണ് മേക്കപ്പ് അഴിച്ചത്. അയാള്‍ വന്ന് നോക്കുമ്പോള്‍ ഞാന്‍ ഉറങ്ങുകയാണെന്ന് വിചാരിക്കും എന്ന് ഓര്‍ത്ത് ചെയ്തതാണ്. അത്രയ്ക്ക് ഗതികെട്ടിരുന്നു. സ്വര പറയുന്നു.