കോഴിക്കോട്: നഗരത്തിലെ വിവിധ ഭാഗങ്ങളിലുള്ള ജ്വല്ലറികളിലേക്ക് മുംബൈയില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ എത്തിക്കുന്ന രാജസ്ഥാന് സ്വദേശിയെ കേന്ദ്ര ജിഎസ്ടി വിഭാഗത്തിന് കൈമാറി. കോഴിക്കോട് റെയില്‍വേ പ്രൊട്ടക്ഷന്‍ (ആര്‍പിഎഫ്) പിടികൂടിയ രാജസ്ഥാന് സ്വദേശിയായ രഞ്ജിത്ത് സിംഗ്(30)നെയാണ് കോഴിക്കോട് യൂണിറ്റ് സെന്‍ട്രല്‍ ജിഎസ്ടി സീനിയര്‍ ഇന്റലിജന്‍സ് ഓഫീസര്‍ക്ക് കൈമാറിയത്.
രണ്ടുകോടി രൂപ വിലവരുന്ന 5.720 ഗ്രാം സ്വര്‍ണമാണ് രേഖകളില്ലാതെ ഇയാള്‍ കടത്താന്‍ ശ്രമിച്ചത്. ഇന്നലെ വൈകിട്ട് 6.45 ഓടെ കോഴിക്കോട് റെയില്വേസ്റ്റേഷന് വച്ച് രഞ്ജിത്ത്സിംഗിനെ പിടികൂടിയത്. നേത്രാവതി എക്സ്പ്രസില്‍ കയറാനായി എത്തിയ രഞ്ജിത്ത്സിംഗിനെ ആര്‍പിഎഫ് പരിശോധിച്ചപ്പോഴാണ് ബാഗില്‍ നിന്ന് സ്വര്‍ണം കണ്ടെത്തിയത്. മുംബൈയില്‍ നിന്നും ആഭരണങ്ങള്‍ നിര്‍മിച്ച് കോഴിക്കോട് എത്തിക്കുകയായിരുന്നുവെന്ന് രഞ്ജിത്ത് സിംഗ് ആര്‍പിഎഫിന് മൊഴി നല്കി.
കോഴിക്കോടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായുള്ളവരില് നിന്നാണ് സ്വര്‍ണക്കട്ടികള്‍ വാങ്ങിയതെന്നും ഇത് പിന്നീട് സ്വര്‍ണാഭരണങ്ങളാക്കി നല്‍കുകയാണ് ചെയ്യുന്നതെന്നും ഇയാള്‍ മൊഴി നല്കി. സംഭവം ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിനെ അറിയിക്കുകയും തുടര്‍ന്ന് കേന്ദ്രജിഎസ്ടി വിഭാഗത്തിന് കൈമാറുകയുമായിരുന്നു. പിടികൂടിയ സ്വര്‍ണത്തിന് പിഴ അടച്ചാല്‍ ജിഎസ്ടി വിഭാഗം വിട്ടുകൊടുക്കുമെന്നാണറിയുന്നത്.