തിരുവനന്തപുരം: സ്വർണക്കള്ളക്കടത്തുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്റെ ഭാഗമായി തിരുവനന്തപുരം വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാനുള്ള കസ്റ്റംസ് നീക്കത്തിന് തിരിച്ചടി.
വിമാനത്താവളത്തിലെ കാർഗോ കോംപ്ലക്സിൽ കസ്റ്റംസ് ആവശ്യപ്പെട്ട ഭാഗത്ത് പോലീസ് സിസിടിവി കാമറകളില്ലെന്നതാണ് കസ്റ്റംസിനെ കുഴയ്ക്കുന്നത്.
കസ്റ്റംസിനു ദൃശ്യങ്ങൾ വേണ്ട ഭാഗത്തുനിന്ന് അരകിലോമീറ്റർ അകലെ മുതലാണ് കാമറകൾ സ്ഥാപിച്ചിരിക്കുന്നത്. അന്വേഷണത്തിനായി ജനുവരി മുതലുള്ള ദൃശ്യങ്ങളാണ് കസ്റ്റംസ് ആവശ്യപ്പെട്ടിരുന്നത്. ആറ് പ്രത്യേക ദിവസങ്ങളിലെ ദൃശ്യങ്ങളായിരുന്നു കസ്റ്റംസിന് ആവശ്യമായിരുന്നത്.
അതേസമയം കൈവശമുള്ള ദൃശ്യങ്ങൾ നൽകാമെന്ന് കസ്റ്റംസിനെ പോലീസ് അറിയിച്ചിട്ടുണ്ട്. വിമാനത്താവളത്തിനു പുറത്ത് പേട്ട, ചാക്ക എന്നിവിടങ്ങളിലെ ദൃശ്യങ്ങളും കസ്റ്റംസ് പരിശോധിക്കും. ദൃശ്യങ്ങൾ ലഭ്യമാക്കണമെന്ന കസ്റ്റംസ് കമ്മീഷണറുടെ കത്ത് കഴിഞ്ഞ ദിവസം ഡിജിപിക്കു ലഭിച്ചിരുന്നു.