മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ താരമാണ് സ്വാസിക. സിനിമയിൽ ഇടയ്ക്കു വന്നുപോകുമെങ്കിലും ടെലിവിഷനിൽ അവതാരകയായും പരന്പരകളിലും നൃത്ത പരിപാടികളിലും സജീവ സാനിധ്യമാണ് ഈ നായിക. ഒപ്പം തന്നെ ഫ്ളവേഴ്സ് ടിവിയിലെ ഹിറ്റ് പരന്പര സീതയിലെ ടൈറ്റിൽ കഥാപാത്രമായും കുട്ടികളുടെ ഇഷ്ട പ്രോഗ്രാം കട്ടുറുന്പിലെ അവതാരകയായും കുടുംബ പ്രേക്ഷകർക്കും പ്രിയങ്കരിയാണ്. ഈസ്റ്റർ റിലീസായ കുട്ടനാടൻ മാർപാപ്പയിൽ ഒരു നിർണായക കഥാപാത്രമായി എത്തുന്ന സ്വാസികയുടെ വിശേഷങ്ങൾ.
കുട്ടനാടൻ മാർപാപ്പയുടെ വിശേഷങ്ങൾ എന്തൊക്കെയാണ്?
ജീനു എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്. ചാക്കോച്ചന്റെ പഴയ കാമുകിയുടെ വേഷമാണ്. സ്കൂൾ സമയത്തെ പ്രണയത്തിനു ശേഷം അതുവേണ്ടെന്നുവച്ചു പോവുകയും വർഷങ്ങൾക്കു ശേഷം തമ്മിൽ കണ്ടുമുട്ടുന്നതുമായ ഒരു കഥാപാത്രം. ജീനുവുമായുള്ള പ്രണയത്തകർച്ചയ്ക്കു ശേഷം ജീവിതത്തിൽ പെണ്ണുവേണ്ട എന്നുതീരുമാനിച്ച് മാർപാപ്പയെപ്പോലെ ജീവിക്കുന്നതാണ് ചാക്കോച്ചന്റെ കഥാപാത്രം. ഹ്യൂമറസ് പശ്ചാത്തലത്തിൽ പ്രണയവും തേപ്പുമൊക്കെയായി പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന സിനിമയായിരിക്കും കുട്ടനാടൻ മാർപാപ്പ.
ശ്രദ്ധേയമായ കഥാപാത്രങ്ങളുമായി സിനിമയിൽ നിറഞ്ഞു നൽക്കുന്നുണ്ടല്ലോ?
മലയാളത്തിൽ അഭിനയിച്ച സിനിമകളിൽ പ്രേക്ഷകർ ഏറെ ശ്രദ്ധിച്ചത് കട്ടപ്പനയിലെ ഋത്വിക് റോഷനാണ്. കട്ടപ്പനയിലെ ഋത്വിക് റോഷനും സ്വർണക്കടുവയും സീരിയലുകൾക്കിടയിൽ വലിയൊരു ഇടവേളയ്ക്കു ശേഷം ഞാൻ ചെയ്ത സിനിമകളായിരുന്നു. ചാക്കോച്ചനൊപ്പമുള്ള കുട്ടനാടൻ മാർപാപ്പ തിയറ്ററിലെത്തിയ സന്തോഷത്തിലാണ് ഇപ്പോൾ. ഇനിയും നമ്മളിലേക്കെത്തുന്ന കഥാപാത്രങ്ങളെ മികച്ചതാക്കി നല്ല ടീമിനൊപ്പം സിനിമ ചെയ്യണമെന്നാണ് ആഗ്രഹം.
കട്ടപ്പനയിലെ തേപ്പുകാരി എന്ന കഥാപാത്രത്തിന്റെ പ്രേക്ഷക പ്രതികരണം വലുതായിര ുന്നല്ലോ?
ആ സിനിമയിൽ അഞ്ചു ദിവസത്തെ ഷൂട്ടിംഗ് മാത്രമാണ് ഉണ്ടായിരുന്നത്. നല്ലൊരു സിനിമയാകുമെന്നു പ്രതീക്ഷിച്ചെങ്കിലും തേപ്പുകാരി എന്ന കഥാപാത്രം പ്രേക്ഷകർ ഇത്ര സ്വീകരിക്കുമെന്നു കരുതിയിരുന്നില്ല. ഇപ്പോഴും ട്രോളുകളിലും കോളജ് സ്റ്റുഡന്റസിന്റെ ഇടയിലും ആ കഥാപാത്രം നിറഞ്ഞു നിൽക്കുന്നുണ്ട്. ഞാൻ ചെയ്തതിൽ അത്രത്തോളം ഐഡന്റിറ്റി നൽകിയൊരു മറ്റൊരു കഥാപാത്രമില്ല.
സിനിമാ പശ്ചാത്തലമില്ലാത്ത കുടുംബത്തിൽ നിന്നുമുള്ള കടന്നുവരവ് എങ്ങനെയാണ്?
നൃത്തവും നാടകവു മൊക്കെ സ്കൂൾതലം മുതലുണ്ട്. പരസ്യം ചെയ്താണ് തുടങ്ങുന്നത്. ഒൻപതാം ക്ലാസിൽ പഠിക്കുന്ന സമയത്ത് ഒരു മാഗസിന്റെ കവർ എന്റെ ഫോട്ടോ ആയിരുന്നു. ആ സമയത്താണ് തമിഴ് സംവിധായകൻ സുന്ദർ എന്റെ ഫോട്ടോ കണ്ട് ഓഡിഷനിലേക്കു വിളി ക്കുന്നത്. അങ്ങനെയാണ് 2011-ൽ അദ്ദേഹത്തിന്റെ ആദ്യ തമിഴ് സിനിമ വൈഗയിൽ നായികയാകുന്നത്. അതിനു ശേഷം കുറച്ചു തമിഴ് ചിത്രങ്ങൾ കൂടി ചെയ്തു. പിന്നീടാണ് മലയാളത്തിലേക്കെത്തുന്നത്.
നായികയായി അരങ്ങേറിയെങ്കിലും പിന്നീട് സീരിയലിലേക്കെത്തുന്നത്?
തുടക്കസമയത്ത് മികച്ച തമിഴ് സിനിമകൾ ചെയ്തെങ്കിലും പിന്നീടു മികച്ച അവസരങ്ങൾ കിട്ടിയിരുന്നില്ല. അതിനുശേഷമാണ് മലയാളത്തിൽ അയാളും ഞാനും തമ്മിൽ, സിനിമ കന്പനി, ഒറീസ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിക്കുന്നത്. അപ്പോഴേക്കും സീരിയലിൽ നിന്നും അവസരങ്ങളെത്തി. ഒന്നും ചെയ്യാതിരിക്കുന്നതിനേക്കാൾ നല്ലതാണെന്ന തോന്നലാണ് സീരിയലിലേക്കെത്തിച്ചത്.
സീരിയലിൽ നിന്നും സിനിമയിലേക്കെത്തുന്നത് വെല്ലുവിളിയാണോ?
അത് ഓരോ സംവിധായകന്റേയും കാഴ്ചപ്പാടിനനുസരിച്ചാണ്. കട്ടപ്പനയിലേക്കു വിളിക്കുന്പോൾ നാദിർഷ എന്നെ കണ്ടിട്ടില്ല. ഇക്കയുടെ ഭാര്യ ഒരു ഡാൻസ് പ്രോഗ്രാം കണ്ടിട്ടാണ് എന്നെപ്പറ്റി പറയുന്നത്. അതു പ്രേക്ഷകർ സ്വീകരിക്കുമെന്ന സംവിധായകന്റെ തോന്നലിലാണ് ഞാൻ ആ കഥാപാത്രമായി എത്തിയത്.
സ്വർണക്കടുവയും കുട്ടനാടൻ മാർപാപ്പയും പൂർത്തിയാക്കിയ ഐന എന്ന ചിത്രത്തിലുമൊക്കെ സംവിധായകരുടെ വിശ്വാസത്തിൽ എത്തിയ കഥാപാത്രങ്ങളാണ്. ഞാൻ അവതരിപ്പിച്ച വാസന്തി എന്ന കഥാപാത്രത്തിനെ കേന്ദ്രീകരിച്ചുള്ള ഒരു ഹീറോയിൻ ഓറിയന്റഡ് മൂവിയും പോയ വർഷം ചെയ്തിരുന്നു. എന്നിൽ ഒരു കഥാപാത്രം സുരക്ഷിതമാണെന്നു സംവിധായകർക്കു തോന്നിയാൽ ഭാവിയിൽ മികച്ച കഥാപാത്രങ്ങൾ ചെയ്യാൻ സാധിക്കും.
അഭിനയത്തിനൊപ്പം നൃത്തവും ജീവിതത്തിന്റെ ഒപ്പമുണ്ടല്ലോ?
നൃത്തം ചെറുപ്പം മുതൽ തന്നെ പഠിക്കുന്നതാണ്. കാലടി ശ്രീശങ്കര കോളജിൽ നിന്നും ബി.എ ഭരതനാട്യം കോഴ്സ് ചെയ്തിരുന്നു. എം.എ കൂടി ചെയ്യണമെന്നു കരുതുന്നു. പിന്നെ ഭാവിയിൽ ഒരു നൃത്ത വിദ്യാലയം തുടങ്ങണം. അഭിനയത്തിനൊപ്പം ഡാൻസ് പ്രോഗ്രാമുകൾ ഇപ്പോഴും ചെയ്യുന്നുണ്ട്.
സിനിമയിലെ സ്ത്രീ സുരക്ഷയെപ്പറ്റിയുള്ള കാഴ്ചപ്പാട്?
കാസ്റ്റിംഗ് കൗച്ച്, പുരുഷ മേധാവിത്വം എന്നിവയൊക്കെ എല്ലാ ഇൻഡസ്ട്രിയിലുമുള്ളതാണ്. അത്തരത്തിൽ ഒരാൾ നമ്മളെ സമീപിക്കുന്പോൾ അതു നമ്മുടെ മാത്രം ഇഷ്ടത്തിന്റെ പുറത്തു പോകുന്നതാണ്. നേട്ടത്തിനുവേണ്ടി അതിനു പിന്നാലെ പോകുന്നവരുണ്ടാകും. പക്ഷേ, നമ്മുടെ കഴിവിലുള്ള വിശ്വാസവും നല്ല അവസരങ്ങൾ തേടിയെത്തുമെന്ന ധൈര്യവുമുണ്ടെങ്കിൽ നമുക്കതിനെ തരണം ചെയ്യാൻ സാധിക്കും. എന്തായാലും നിർബന്ധപൂർവമോ ബലാൽക്കാരമോ ആയി അത്തരമൊരു അനുഭവം നേരിടേണ്ടി വരില്ലെന്ന പൂർണ സുരക്ഷിതത്വം സിനിമ മേഖലയ്ക്കുണ്ടെന്നാണ് എന്റെ അഭിപ്രായം.
കുടുംബ വിശേഷങ്ങൾ എന്തൊക്കെയാണ്?
പെരുന്പാവൂരാണ് എന്റെ സ്ഥലം. അച്ഛനും അമ്മയും അനിയനുമാണ് ഉള്ളത്. അനിയൻ എൻജിനിയറിംഗിനു പഠിക്കുന്നു.