സ്ത്രീകൾക്ക് ജോലി ചെയ്യാൻ കഴിയുന്ന സുരക്ഷിതമായ മേഖല തന്നെയാണ് സിനിമ മേഖലയെന്ന് നടി സ്വാസിക.
ഒരു സിനിമ സെറ്റില്‍ നിന്ന് മോശമായി ഒരു അനുഭവമുണ്ടായാൽ അവിടെ നിന്നും ശക്തമായി പ്രതികരിച്ച് അന്തസോടെ ഇറങ്ങി പോരുകയാണ് ചെയ്യേണ്ടത്.
അതല്ലാതെ വർഷങ്ങൾ കഴിഞ്ഞു മീ ടുവുമായി വരികയല്ല ചെയ്യേണ്ടതെന്നും സ്വാസിക ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഇന്‍ഡസ്ട്രിയില്‍ ആരും ആരെയും പിടിച്ചുകൊണ്ടു പോയി റേപ്പ് ചെയ്യുന്നില്ലെന്നും അത്രയും സുരക്ഷിതമായ ഒരു ഇന്‍ഡസ്ട്രി തന്നെയാണ് സിനിമാ ഇൻഡസ്ട്രിയെന്നും നടി കൂട്ടിച്ചേർത്തു.
<i>ഡബ്ല്യുസിസി എന്ന സംഘടന മലയാള സിനിമയില്‍ ആവശ്യമുണ്ടോ എന്ന ചോദിച്ചാൽ, അവരുടെ പ്രവര്‍ത്തനം എന്താണെന്ന് കൃത്യമായി എനിക്ക് അറിയില്ലെന്നെ പറയാൻ കഴിയൂ.
എന്റെ വ്യക്തിപരമായ അഭിപ്രായം പറയുകയാണെങ്കില്‍, എനിക്ക് ഏതെങ്കിലും ഒരു സിനിമ സെറ്റില്‍ നിന്ന് മോശമായി ഒരു അനുഭവമുണ്ടായി കഴിഞ്ഞാല്‍ അപ്പോള്‍ തന്നെ അവിടെ നിന്ന് പ്രതികരിച്ച്, ഈ ജോലി വേണ്ടെന്ന് പറഞ്ഞ് ഇറങ്ങി വരുകയാണ് ചെയ്യുക.
നമ്മള് സ്ത്രീകള്‍ അതാണ് ആദ്യം പഠിപ്പിച്ചു കൊടുക്കേണ്ടത്. അതാണ് നമ്മള് ആര്‍ജിക്കേണ്ടത്. നമുക്ക് നോ എന്ന് പറയേണ്ട സ്ഥലത്ത് നോ പറയണം.
ഞാന്‍ ഈ സിനിമ ചെയ്തു കഴിഞ്ഞാല്‍, ഇത്രയും വലിയ ഹീറോയോട് അഭിനയിച്ചാല്‍ ഇത്രയും വലിയ തുക കിട്ടും, എന്നൊക്കെ ആലോചിച്ച് നമ്മളെ അബ്യൂസ് ചെയ്യുന്നതൊക്കെ സഹിച്ച് ആ സിനിമ ചെയ്യുക.
അതിനു ശേഷം നാല് വര്‍ഷം കഴിഞ്ഞ് മീ ടു എന്നൊക്കെ പറഞ്ഞ് വരുന്നതിനോട് ലോജിക്ക് തോന്നുന്നില്ല.
എന്താണ് ചെയ്യേണ്ടത് എന്ന് വച്ചാല്‍, എനിക്ക് നിങ്ങളുടെ സിനിമ വേണ്ട എന്ന് പറഞ്ഞ് ഇറങ്ങിവരിക. വേറൊരു സ്ഥലത്ത് അവസരം വരും എന്ന കോണ്‍ഫിഡന്‍സോട് കൂടി അവിടെ നിന്നിറങ്ങിപ്പോരണം.
അങ്ങനെ ഒരു സ്ത്രീക്ക് ഏതൊരു ജോലി സ്ഥലത്ത് നിന്നിറങ്ങി വരാനും ജോലി വേണ്ടെന്ന് വയ്ക്കാനും രണ്ട് വര്‍ത്തമാനം മുഖത്ത് നോക്കി പറയാനുള്ള ഒരു ധൈര്യം ഉണ്ടാവണം.
അതിനൊരു സംഘടനയുടെ ആവശ്യമുണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല. അത് നമ്മുടെ ഉള്ളില്‍ നിന്ന് വരേണ്ട ധൈര്യമാണ്..
ഇപ്പോള്‍ ഡബ്ല്യുസിസി ആയിക്കോട്ടെ, ഏത് സ്ഥലത്തായാലും നമ്മള് ഒരു പരാതിയുമായി ചെന്നെന്ന് കരുതുക, ആ പരാതി കൊണ്ടുചെന്നാല്‍ ഉടനെ തന്നെ നീതി ലഭിക്കുന്നുണ്ടോ.
നീതി കിട്ടുന്നുണ്ടോ ഇല്ലയോ എന്നതിനെക്കുറിച്ച് അറിയില്ല. അതിനും സമയമെടുക്കും.
നിങ്ങള്‍ക്ക് ഇഷ്ടപ്പെടാത്ത ഒരു സംഭവമുണ്ടായാല്‍ എന്തിനാണ് ഡബ്ല്യുസിസി പോലുള്ള സ്ഥലത്ത് എന്തിനാണ് പോയി പറയുന്നത്. പൊലീസ് സ്റ്റേഷനില്‍ പറഞ്ഞു കൂടെ, വനിത കമ്മിഷനില്‍ പറഞ്ഞു കൂടെ.
നിങ്ങള്‍ക്ക് ഇതേക്കുറിച്ച് രക്ഷിതാക്കളോട് പറയാം, നിങ്ങള്‍ക്ക് സ്വന്തമായി റിയാക്ട് ചെയ്യാം. ഈ ഇന്‍ഡസ്ട്രിയില്‍ ആരും ആരെയും പിടിച്ചുകൊണ്ടു പോയി റേപ്പ് ചെയ്യുന്നില്ല.
അത്രയും സുരക്ഷിതമായ ഒരു ഇന്‍ഡസ്ട്രി തന്നെയാണ് സിനിമാ ഇൻഡസ്ട്രി. നമുക്ക് നമ്മുടെ രക്ഷിതാക്കളെ കൊണ്ടു പോകാം, അസിസ്റ്റന്റ്സിനെ കൊണ്ടു പോകാം, ആരെ വേണമെങ്കിലും കൊണ്ടുപോകാം.
ഇതിനൊക്കെയുള്ള ഒരു ഫ്രീഡം തരുന്നുണ്ട്. ഇത്രയും സുരക്ഷിതമായ ഫീൽഡില്‍ നിന്നുകൊണ്ടാണ് ചിലർ ഇതുപോലെ പറയുന്നത്. ആ സമയത്ത് പ്രതികരിക്കാത്തതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്.
നോ പറയേണ്ടടത്ത് നോ പറഞ്ഞാൽ ഒരാളും നമ്മുടെ അടുത്ത് വന്ന് ബലമായി ഒന്നും ചെയ്യാന്‍ ആവശ്യപ്പെടില്ല.
നമ്മൾ ലോക്ക് ചെയ്ത റൂം നമ്മൾ തന്നെ തുറന്നുകൊടുക്കാതെ ഒരാളും അകത്തേക്ക് വരില്ല. ഞാൻ ലോക്ക് ചെയ്ത റൂം രാവിലെ മാത്രമേ തുറക്കൂ.
അസമയത്ത് വന്ന് ഒരാൾ വാതിലിൽ മുട്ടിയാൽ എന്തിനാണ് തുറന്നുകൊടുക്കുന്നത്. അവർക്ക് സംസാരിക്കാനും കള്ളുകുടിക്കാനും എന്തിനാണ് നമ്മളൊരു സ്പേസ് കൊടുക്കുന്നത്.
പ്രതികരിക്കാനുള്ള ധൈര്യമാണ് പെൺകുട്ടികൾക്കുവേണ്ടത്. സ്വാസിക വ്യക്തമാക്കി.