കട്ടപ്പനയിലെ ഹൃത്വിക് റോഷൻ എന്ന സിനിമയിലെ തേപ്പുക്കാരിയായി വന്ന് ശ്രദ്ധിക്കപ്പെട്ട നടിയാണ് സ്വാസിക വിജയ്. പിന്നീട് ടെലിവിഷൻ സീരിയലായ സീതയിലെ നായികയായെത്തി വീണ്ടും പ്രേക്ഷക പ്രശംസ നേടി. സീരിയയിലൂടെ തന്നെ ബിഗ് സ്ക്രീനിലേക്ക് വലിയ അവസരങ്ങൾ സ്വാസികയ്ക്ക് ലഭിച്ചിരുന്നു.
ഇപ്പോൾ ദിലീപിന്റെ സഹോദരിയുടെ വേഷത്തിൽ അഭിനയിക്കുകയാണ് നടി. ഇതിനിടെ നടൻ ഉണ്ണി മുകുന്ദന്റെ പേരിനൊപ്പം നിരന്തരം ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞു. ഉണ്ണിയെ അഭിനന്ദിച്ച് കൊണ്ട് ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് പിന്നാലെയായിരുന്നു ഗോസിപ്പുകൾ പ്രചരിച്ചത്.
ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ ഇക്കാര്യത്തെ കുറിച്ച് വീണ്ടും തുറന്ന് സംസാരിച്ചിരിക്കുകയാണ് നടി. ഞാനും ഉണ്ണി മുകുന്ദനും തമ്മിൽ പ്രണയത്തിലാണെന്ന വാർത്ത എങ്ങനെ പരന്നു എന്നതിനെക്കുറിച്ച് യാതൊരു ഐഡിയയുമില്ല.
പല തവണ ഞാൻ അതൊരു ഗോസിപ്പ് മാത്രമാണെന്ന് പറഞ്ഞിട്ടും ഇപ്പോഴും സോഷ്യൽ മീഡിയ വിട്ടിട്ടില്ല. എനിക്കിഷ്ടപ്പെട്ട ആർട്ടിസ്റ്റുകളുടെ സിനിമകൾ കാണുന്പോൾ അവരെ അഭിനന്ദിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ഇടാറുണ്ട്. അങ്ങനെയാണ് മാമാങ്കം കണ്ടിട്ട് ചന്ദ്രോത്ത് പണിക്കരെ കുറിച്ചും നല്ല വാക്കുകൾ കുറിച്ചത്.
അതിന് റിപ്ലൈ ചെയ്തു എന്നൊരു തെറ്റ് മാത്രമേ ഉണ്ണി ചെയ്തുള്ളു. ബാക്കി ആരും റിപ്ലേ ചെയ്യാറില്ല. ഉണ്ണി പോസ്റ്റിന് റിപ്ലേ ചെയ്തതോടെയാണ് എല്ലാവരും എന്തോ ഉണ്ട് എന്ന് പറഞ്ഞ് തുടങ്ങിയത്. പിന്നീട് അത് അവസാനിക്കുന്നില്ലെന്ന് മാത്രം.
ആദ്യം ഈ കഥ പരന്നപ്പോൾ ഞാൻ ടെൻഷനായി ഉണ്ണിയെ വിളിച്ച് സോറി പറഞ്ഞു. കുഴപ്പമില്ല, ഇതൊക്കെ ഇതിന്റെ ഭാഗമല്ലേ എന്ന് ഉണ്ണി ആശ്വസിപ്പിച്ചു. അന്ന് ഇത് പറഞ്ഞ് ഞങ്ങൾ കുറേ ചിരിച്ചതുമാണ്. പിന്നീട് ഞങ്ങൾ ഇക്കാര്യം സംസാരിച്ചിട്ടില്ല.
അതിനെ അതിന്റെ വഴിക്ക് വിട്ടു. ഇടയ്ക്ക് കുറേ പേരോട് ഇതിനെ കുറിച്ച് സമാധാനം പറഞ്ഞ് മടുത്തെന്ന് ഉണ്ണി പറഞ്ഞിരുന്നു. ഇനിയും ഉണ്ണിയുടെ നല്ല പ്രകടനം കണ്ടാൽ ഞാൻ അഭിനന്ദിക്കും. യാതൊരു മടിയുമില്ല.
വീട്ടിൽ കാര്യമായി കല്യാണം നോക്കുന്നുണ്ട്. തത്കാലം ഈ വർഷം വേണ്ട എന്നാണ് എന്റെ അഭിപ്രായം. ഇപ്പോൾ അഭിനയത്തിൽ ശ്രദ്ധിച്ചിട്ട് പിന്നീട് നോക്കാം എന്നാണ് തീരുമാനം. ആലോചനകൾ നടക്കട്ടെ എന്ന രീതിയിലാണ് വീട്ടുകാർ മുന്നോട്ട് പോകുന്നത്.
ഇപ്പോൾ കൊറോണ മുൻകരുതലിന്റെ ഭാഗമായി രണ്ടാഴ്ച വീട്ടിൽ തന്നെയാണ്. മുടങ്ങി കിടന്ന ഡാൻസ് പ്രാക്ടീസ് തുടങ്ങി. സിനിമകൾ കാണുന്നു. ഒപ്പം സ്വന്തമായ ചില സൗന്ദര്യ പരീക്ഷണങ്ങളും. എല്ലാവരും വീട്ടിലിരിക്കുക എന്നേ എനിക്ക് പറയാനുള്ളു. ചുമരുണ്ടെങ്കിൽ അല്ലേ ചിത്രമെഴുതാൻ സാധിക്കൂ എന്നും സ്വാസിക ചോദിക്കുന്നു.