കേന്ദ്രത്തിന്റെ ശുചിത്വ റാംങ്കിംഗില്‍ വീണ്ടും നാണംകെട്ട് കേരളം! ആദ്യ ഇരുന്നൂറില്‍ പോലും എത്താന്‍ സാധിക്കാതെ കേരളത്തിലെ നഗരങ്ങള്‍; പട്ടികയില്‍ ഇടം നേടിയിരിക്കുന്ന നഗരങ്ങള്‍ ഇവയൊക്കെ

കേരളത്തിന് വീണ്ടും കേന്ദ്രത്തിന്റെ തിരിച്ചടി. കേന്ദ്രത്തിന്റെ ശുചിത്വ നഗരങ്ങളുടെ റാങ്കിംഗിലാണ് കേരളമിപ്പോള്‍ നാണം കെട്ടിരിക്കുന്നത്. ഒരു ലക്ഷത്തിലധികം ജനസംഖ്യയുള്ള 485 നഗരങ്ങളുടെയാണ് പട്ടിക തയാറാക്കിയിരിക്കുന്നത്. പട്ടികയിലെ ആദ്യ ഇരുന്നൂറില്‍ പോലും എത്താന്‍ കേരളത്തിലെ നഗരങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. ഇക്കാരണത്താല്‍ കേന്ദ്ര സര്‍ക്കാരിന്റെ ശുചിത്വ റാങ്കിംഗില്‍ വീണ്ടും നാണംകെട്ടിരിക്കുകയാണ് കേരളം.

കേരളത്തില്‍ ഏറ്റവും ശുചിത്വമുള്ള നഗരമായി തിരഞ്ഞെടുക്കപ്പെട്ട പാലക്കാട് 211-ാം സ്ഥാനത്താണ്. കൊച്ചിക്ക് 250-ാം സ്ഥാനം മാത്രമാണു നേടാന്‍ കഴിഞ്ഞത്. മറ്റു നഗരങ്ങളുടെ റാങ്കിങ്: ആലപ്പുഴ-220, കൊല്ലം-249, തിരുവനന്തപുരം-289, കോഴിക്കോട്-335. കഴിഞ്ഞ വര്‍ഷം 434 നഗരങ്ങളുടെ പട്ടികയില്‍ കൊച്ചി (271) ക്കു പിന്നിലായിരുന്ന പാലക്കാട് ഇത്തവണ നില മെച്ചപ്പെടുത്തി.

കൊല്ലം (365), കണ്ണൂര്‍ (366), തിരുവനന്തപുരം (372) എന്നിങ്ങനെയായിരുന്നു കഴിഞ്ഞ വര്‍ഷത്തെ റാങ്കിങ്ങ്. 2016-ല്‍ 73 നഗരങ്ങളുടെ റാങ്കിങ്ങില്‍ തിരുവനന്തപുരം 40-ാം സ്ഥാനവും കോഴിക്കോട് 44-ാം സ്ഥാനവും കൊച്ചി 55-ാം സ്ഥാനവും നേടിയിരുന്നു.

ഈ വര്‍ഷം ജനുവരി 4 നും മാര്‍ച്ച് 10നും ഇടയില്‍ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തില്‍ ഇന്‍ഡോര്‍, ഭോപ്പാല്‍, ചണ്ഡിഗഡ്, ന്യൂഡല്‍ഹി, വിജയവാഡ, തിരുപ്പതി, വിശാഖപട്ടണം, മൈസൂരു, നവി മുംബൈ, പുണെ നഗരങ്ങളാണ് ശുചിത്വത്തില്‍ ആദ്യ പത്തിലുള്ളത്. കഴിഞ്ഞ വര്‍ഷവും ഇന്‍ഡോന്‍ തന്നെയായിരുന്നു ഒന്നാമത്. ബംഗളൂരു 216-ാം സ്ഥാനത്താണ്.

ഏറ്റവും ശുചിത്വമുള്ള 31 സംസ്ഥാന, കേന്ദ്രഭരണപ്രദേശങ്ങളുടെ റാങ്കിംഗില്‍ 19-ാം സ്ഥാനത്താണു കേരളം. ജാര്‍ഖണ്ഡാണ് ഒന്നാം സ്ഥാനത്ത്. ഏറ്റവും പിന്നില്‍ ത്രിപുര. മാലിന്യം ഉറവിടത്തില്‍ വേര്‍തിരിക്കല്‍, സംസ്‌കരിക്കല്‍, ശുചിത്വം, പൊതുയിട വിസര്‍ജനം, മാലിന്യ സംസ്‌കരണത്തിലെ പുത്തന്‍ സങ്കേതങ്ങള്‍, പ്രാദേശിക ഭരണകൂടങ്ങളുടെ സാമ്പത്തിക സ്ഥിരത തുടങ്ങി പലകാര്യങ്ങളും പരിഗണിച്ചാണ് റാങ്കിടുന്നത്.

Related posts