കോട്ടയം: ജില്ലയിലെ ഉന്നതനായ സിപിഎം നേതാവിന്റെ തണലിൽ വളരുന്ന ആരോപണ വിധേയനായ ഡിവൈഎസ്പിക്കെതിരേ നടപടിയുണ്ടാകില്ല.
ജില്ലയിൽ ഒരു ഡിവൈഎസ്പി ഉൾപ്പെടെ നാലു പോലീസ് ഉദ്യോഗസ്ഥർക്ക് കുപ്രസിദ്ധ ഗുണ്ടാ നേതാവ് അരുണ്‍ ഗോപനുമായി അടുത്ത ബന്ധമുണ്ടെന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.
സംഭവത്തിൽ ആരോപണ വിധേയനായ ഡിവൈഎസ്പിക്കെതിരേ നടപടി ഉണ്ടായേക്കില്ലെന്നാണ് സൂചന. നടപടിക്കുള്ള ശിപാർശ പോലും പ്രഹസനമാകാനാണ് സാധ്യത.
റിപ്പോർട്ട് പുറത്തു വന്നതോടെ ഡിവൈഎസ്പി അവധിയിൽ പ്രവേശിച്ചിരിക്കുകയാണ് നടപടയിൽ നിന്നും രക്ഷ നേടുന്നതിനായിട്ടാണ് അവധിയിൽ പ്രവേശിച്ചിരിക്കുന്നതെന്നും ആക്ഷേപമുണ്ട്.
നാളുകളായി കോട്ടയം ജില്ലയിലെ വിവിധ സബ് ഡിവിഷനുകളിൽ ഡിവൈഎസ്പിയായി തുടരുന്ന ആർ. ശ്രീകുമാർ ഉന്നത നേതാവിന്റെ രാഷ്ട്രീയ സംരക്ഷണയിലാണ് ഡിവൈഎസ്പിയായി ജോലി ചെയ്തിരുന്നത്.
സിപിഎമ്മിന്റെ ഈ ഉന്നത നേതാവിനാണ് ജില്ലയിലെ പോലീസ് സംബന്ധമായ കേസുകൾ കൈകാര്യം ചെയ്യുന്നതിനു സിപിഎം ചുമതല നൽകിയിരിക്കുന്നത്.
മന്ത്രി വി.എൻ. വാസവൻ ജില്ലാ സെക്രട്ടറിയായിരുന്നപ്പോഴും ഈ നേതാവായിരുന്നു പോലീസ് കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നത്. ഇപ്പോഴും അതു തുടരുകയാണ്.
മന്ത്രി വി.എൻ.വാസവൻ മന്ത്രിയായതോടെ മൂന്നു പ്രമുഖ നേതാക്കളുടെ കൈപ്പിടിയിൽ ജില്ലയിലെ സിപിഎം സംഘടനയും പോലീസും ഒതുങ്ങിയിരിക്കുകായണ്.
ഇവർ തീരുമാനിക്കുന്നതിനപ്പുറം ജില്ലയിലെ പോലീസ് ചലിക്കില്ലെന്നാണ് സംസാരം. ഗുണ്ടാ ബന്ധമുണ്ടെന്ന് ആരോപണമുയർന്ന പോലീസുകാരെല്ലാം ഈ നേതാക്കളുടെ സംരക്ഷണയിലാണ് പ്രവർത്തനം നടത്തിയിരുന്നത്.
മാസങ്ങൾക്കു മുന്‍പു മാടപ്പള്ളിയിൽ നടന്ന കെ-റെയിൽ സമരത്തിനിടയിൽ സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്കെതിരെ പോലീസ് മൃഗീയമായ രീതിയിൽ ആക്രമണം നടത്തിയതും ഇദേഹത്തിന്റെ നിർദേശ പ്രകാരമായിരുന്നു.
ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഉന്നത ഉദ്യോഗസ്ഥർക്കും ബന്ധപ്പെട്ടവർക്കും പരാതി നല്‍കിയിട്ടും ഇദ്ദേഹത്തിനെതിരെ നടപടിയുണ്ടായില്ല.
ജില്ലയിലെ ഉന്നതനായ സിപിഎം നേതാവിന്റെ അടുത്ത ആൾ ആയതിനാലാണ് നടപടികൾ സ്വീകരിക്കാത്തതെന്നു പരസ്യമായ രഹസ്യമാണ്.
അതേസമയം തന്റെ അധികാര പരിധിയിൽ അല്ലാത്ത സ്റ്റേഷനിലെത്തി ഗുണ്ടയെ ഭീഷണിപ്പെടുത്തിയ ഡിവൈഎസ്പിക്കെതിരെ സത്യ സന്ധമായ റിപ്പോർട്ട് ഐജിയ്ക്കു സമർപ്പിച്ച ജില്ലാ പോലീസ ചീഫിനെതിരെയും നീക്കവും അണിയറയിൽ സജീവമാണ്.
മാടപ്പള്ളിയിലെ സംഭവവുമായി ബന്ധപ്പെട്ടു ജില്ലാ പോലീസ് ചീഫ് നിരവധി പേരെ നേരിട്ടു വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തിയിരുന്നു. ഇവരെല്ലാം ഡിവൈഎസ്പിക്ക് എതിരായിട്ടാണു മൊഴി നല്‍കിയിരിക്കുന്നതെന്നാണ് സൂചന.
ആരോപണ വിധേയരായ ചങ്ങാശേരി ഡിവൈഎസ്പി ആർ. ശ്രീകുമാർ, സൈബർ സെൽ എസ്എച്ച്ഒ എം.ജെ. അരുണ്‍, ഡിസിആർബി എഎസ്ഐ അരുണ്‍ കുമാർ, സ്പെഷൽ ബ്രാഞ്ച് എ എസ്ഐ പി.എൻ. മനോജ് എന്നിവർക്കെതിരെ പാലാ ഡിവൈഎസ്പി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വിശദമായ അന്വേഷണത്തിനുശേഷം റിപ്പോർട്ട് സമർപ്പിച്ച ശേഷമായിരിക്കും വകുപ്പ് തല നടപടികൾ ഉണ്ടാകുന്നത്.
കഴിഞ്ഞ ഇലക്ഷൻ കാലത്തിനുശേഷം ഉദ്യോഗസ്ഥർക്കു തിരികെ അതാതു ജില്ലകളിലേക്കു ട്രാൻസഫർ നൽകിയപ്പോൾ ആരോപണ വിധേയനായ സിഐയ്ക്കു മലബാർ മേഖലയിലേക്കായിരുന്നു പോസ്റ്റിംഗ് ലഭിച്ചത്.
നിശ്ചിത നാളുകൾക്കുശേഷം ചില സിപിഎം നേതാക്കളുടെ ഒത്താശയിലാണ് ഇയാൾ തിരികെ കോട്ടയത്ത് എത്തിയത്.
സംഭവത്തിൽ ഉൾപ്പെട്ടിരിക്കുന്ന രണ്ടു എഎസ്ഐമാരായും വർഷങ്ങളോളം എസ്പിയുടെയും ഡിവൈഎസ്പിയുടെയും സ്പെഷൽ സ്ക്വാഡുകളിലുണ്ടായിരുന്നവരാണ്.
ഒരു എഎ്സഐയെ മാസങ്ങൾക്കു മുന്‍പ് ചില ഗുണ്ടകളുടെ രഹസ്യ ബന്ധം പുറത്തുവന്നതിന്റെ അടിസ്ഥാനത്തിൽ ജില്ലാ അതിർത്തിയായ സ്റ്റേഷനിലേക്കു ട്രാൻസ്ഫർ ചെയ്തിരുന്നു.
അടുത്ത നാളിൽ ആണ് ഇയാൾ സിപിഎം നേതാക്കളുടെ ഒത്താശയോ ജില്ലയിലെ സ്പെഷൽ ബ്രാഞ്ചിൽ എത്തുന്നത്.