നാഗ്പുർ: മലയാളി യുവാവ് നാഗ്പുരിൽ ദുരുഹസാഹചര്യത്തിൽ മരിച്ച കേസിൽ ഭാര്യ അറസ്റ്റിൽ. പാലക്കാട് തേന്‍കുറിശ്ശി വിളയംചാത്തനൂര്‍ ഗീതാലയത്തില്‍ സ്വാതിയാണ് അറസ്റ്റിലായത്. നാഗ്പുരിലെ ബജാജ് നഗര്‍ പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏപ്രിൽ 29നാണ് ആലപ്പുഴ കായംകുളം പുല്ലുകുളങ്ങര സ്വദേശി നിതിന്‍ നായരെ (27) വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. പോലീസ് കഴിഞ്ഞ ദിവസം സ്വാതിയെത്തേടി പാലക്കാട് എത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
നിതിന്‍ വീണ് തലയ്ക്കു മുറിവേറ്റ് മരിച്ചെന്നാണ് സ്വാതി വീട്ടില്‍ വിളിച്ചറിയിച്ചത്. നിതിന്റെ വീട്ടുകാര്‍ അവിടെച്ചെന്നപ്പോള്‍ നിതിന്‍ മരിച്ചു കിടക്കുന്നതായാണ് കണ്ടത്. മൃതദേഹ പരിശോധനയില്‍ ശ്വാസം മുട്ടിയുള്ള മരണമാണെന്ന് തെളിഞ്ഞതിനെത്തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. നിതിന്റെ സംസ്കാരം കഴിഞ്ഞയുടനെ സ്വാതിയും കുടുംബവും ഒളിവില്‍പ്പോയി. നിതിന്റെ മരണത്തിന്റെ ആഘാതത്തില്‍ അച്ഛന് രമേശ് നായരും തൊട്ടുപിന്നാലെ മരിച്ചു. നാഗ്പുരില്‍ വോഖാര്‍ട് ആസ്പത്രിക്ക് സമീപം വാടകവീട്ടിലായിരുന്നു നിതിനും സ്വാതിയും വിവാഹംകഴിഞ്ഞ് താമസിച്ചിരുന്നത്. നിതിന്റെ കുടുംബം മധ്യപ്രദേശിലെ ബേതുളിലാണ് താമസം.