സ്വന്തം കുട്ടിയെ തറയില്‍ കിടത്തി ജോലിയിലേര്‍പ്പെടുന്ന സ്വാതി ചിറ്റാല്ക്കറിന്റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചാവിഷയം. പൂനയിലെ ഒരു ബാങ്കില്‍ ഉദ്യോഗസ്ഥയായ സ്വാതി ചിറ്റാല്‍ക്കര്‍ ഈ മാസം 16നാണ് പോസ്റ്റിട്ടത്. പനി ബാധിച്ച മൂന്നു വയസുകാരനായ മകന് പുരുഷോത്തം സിംഗുമായാണ് സ്വാതി കഴിഞ്ഞ ദിവസം ബാങ്കില്‍ ജോലിക്കെത്തിയത്.
അമ്മയില്ലാതെ വീട്ടിലിരിക്കില്ലെന്നു മകന് വാശി പിടിച്ചതോടെ സ്വാതിക്കു മകനെ ഓഫീസിലേക്കു കൊണ്ടുവരാതെ നിവര്‍ത്തിയില്ലാതായി. അവധികള്‍ കഴിഞ്ഞതിനാല്‍ തുടര്‍ന്ന് അവധിയെടുക്കാനും കഴിയില്ല. ഓഫീസില്‍ കുട്ടികള്‍ക്കായി സ്ഥലമില്ലാത്തതിനാല്‍ സ്വന്തം സീറ്റിന്റെ പുറകില്‍ മകനെ കിടത്തുകയായിരുന്നു.
തന്റെ ദുരവസ്ഥ ചിത്രമടക്കം ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്യുകയായിരുന്നു സ്വാതി. ചിത്രത്തിനൊപ്പം ഹൃദയത്തില്‍ സ്പര്‍ശിക്കുന്ന ഈ വാക്കുകളും. “താഴെ കിടക്കുന്നത് ഒരു കുട്ടിയല്ല, എന്റെ ഹൃദയമാണ്. പനിബാധിച്ച എന്റെ മകന് വിട്ടു നില്ക്കാന് സമ്മതിച്ചില്ല. ഹാഫ് ഡേ ലീവ് കഴിഞ്ഞതിനാലും അത്യാവശ്യമായി ചില ലോണുകള്‍ പാസാക്കേണ്ടതിനാലും എനിക്ക് ഓഫീസില്‍ വരേണ്ടതായി വന്നു. എന്നാല്‍ എനിക്ക് എന്റെ രണ്ടു ചുമതലകളും ഒരേ സമയം നിറവേറ്റാന്‍ കഴിഞ്ഞു. അസംബ്ലിയില്‍ ഇരുന്നുറങ്ങുന്ന മന്ത്രിമാര്‍ക്കായി ഞാന്‍ ഈ സന്ദേശം സമര്‍പ്പിക്കുന്നു” സ്വാതി ഫെയ്സ്ബുക്കില്‍ കുറിച്ചു.