മൃഗശാലയിലെത്തുന്ന സന്ദര്‍ശകരെ പച്ചത്തെറി വിളിക്കുന്ന തത്തകളെ ഒടുവില്‍ അധികൃതര്‍ മാറ്റിപ്പാര്‍പ്പിച്ചു. യുകെയിലെ ലിങ്കണ്‍ഷെയര്‍ വൈല്‍ഡ് ലൈഫ് പാര്‍ക്കിലാണ് വിചിത്രമായ സംഭവം നടന്നത്.
ആഫ്രിക്കന്‍ ഗ്രേ പാരറ്റ് വിഭാഗത്തില്‍ പെട്ടവയാണ് തത്തകള്‍. കഴിഞ്ഞ മാസമാണ് അഞ്ച് വ്യത്യസ്ത ഉടമകളില്‍ നിന്നായി ചാരത്തത്തകള്‍ മൃഗശാലയിലെത്തിയത്. ക്വാറന്റീനിന്റെ ഭാഗമായി ഇവയെ ഒരുമിച്ചാണ് പാര്‍പ്പിച്ചിരുന്നത്.
ക്വാറന്റീന്‍ കഴിഞ്ഞു പുറത്തിറങ്ങിയ തത്തകള്‍ വരുന്നവരേയും പോകുന്നവരേയുമെല്ലാം കണ്ണുപൊട്ടുന്ന ചീത്തവിളിക്കാന്‍ തുടങ്ങിയതോടെയാണ് കാര്യങ്ങള്‍ കൈവിട്ടുപോയത്. കൂട്ടത്തിലുണ്ടായിരുന്ന ഏതെങ്കിലും ഒരു തത്തയില്‍ നിന്നാകാം മറ്റ് തത്തകള്‍ കൂടി മോശം വാക്കുകള്‍ പഠിച്ചതെന്നാണ് കരതുന്നത്.
മൃഗശാല സന്ദര്‍ശിക്കാനെത്തുന്ന കുട്ടികള്‍ക്കെല്ലാം തത്തകളുടെ പദപ്രയോഗം ബുദ്ധിമുട്ടുണ്ടാക്കാതിരിക്കാനാണ് ഇവയെ മാറ്റിപ്പാര്‍പ്പിക്കാനുള്ള തീരുമാനത്തിലെത്തിച്ചത്. ഇതിന്റെ ഭാഗമായി അഞ്ചു തത്തകളേയും വെവ്വേറെ തത്തകളുടെ കൂട്ടത്തിലാക്കി.
ഒന്നിച്ചിരുന്നു ചീത്തവിളിക്കുന്നതിലും നല്ലതാണല്ലോ ഒറ്റയ്ക്കിരുന്നു ചീത്തവിളിക്കുന്നത്. ഇപ്പോള്‍ മറ്റ് തത്തക്കൂട്ടങ്ങള്‍ക്കൊപ്പമിരുന്നാണ് ഇവയുടെ ചീത്തവിളി.
നല്ല തത്തകളുമായുള്ള സമ്പര്‍ക്കം ഇവയുടെ ചീത്തവിളി സ്വഭാവത്തെ മാറ്റുമെന്ന വിശ്വാസത്തിലാണ് അധികൃതര്‍ ഇങ്ങനെയൊരു പരീക്ഷണത്തിന് മുതിര്‍ന്നതെന്ന് എക്‌സ്‌ക്യൂട്ടീവ് ഓഫിസര്‍ സ്റ്റീവ് നിക്കോള്‍സ് വ്യക്തമാക്കി.
എന്നാല്‍ നല്ല സ്വഭാവമുള്ള തത്തകളെക്കൂടി ഇവര്‍ വഷളാക്കുമോയെന്ന സംശയവും അധികൃതര്‍ക്കുണ്ട്. എന്തായാലും ചീത്തവിളിക്കുന്ന തത്തകളെ മാറ്റിപ്പാര്‍പ്പിച്ചു കഴിഞ്ഞു.
‘ഇവരാണ് ചീത്തവിളിക്കുന്ന ആ തത്തകള്‍’ എന്ന അടിക്കുറിപ്പോടെ ഇന്നലെ മൃഗശാല അധികൃതര്‍ അവരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ തത്തകളുടെ ചിത്രവും പങ്കുവച്ചിരുന്നു.
മൃഗശാലയിലെ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ തത്തകള്‍ ചീത്തവിളിക്കുമ്പോള്‍ ചിരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. ഇതാകാം ഇവയ്ക്ക് കൂടുതല്‍ ചീത്തവാക്കുകള്‍ പറയാന്‍ വളമായതെന്നാണ് നിഗമനം. വഷളന്‍ തത്തകളുമായുള്ള സമ്പര്‍ക്കം മൂലം മറ്റു തത്തകള്‍ കൂടി തെറി പഠിച്ചാല്‍ എന്താവും സ്ഥിതിയെന്നാലോചിക്കുകയാണ് പലരും.