കോവിഡ് ലോകത്തിന്റെ വിവിധയിടങ്ങളെ വിവിധ രീതിയിലാണ് ബാധിച്ചിട്ടുള്ളത്. ദാരിദ്യവും തൊഴിലില്ലായ്മയും മാനസിക പ്രശ്നങ്ങളുമെല്ലാം ഇക്കൂട്ടത്തില്‍പ്പെടുന്നു.
എന്നാല്‍ കോവിഡ് വ്യാപനം സ്വീഡനെ മറ്റൊരു വലിയ പ്രശ്നത്തിലാക്കിയിരിക്കുകയാണ്. കോവിഡ് മഹാമാരി മൂലം പുരുഷന്മാര് ബീജദാനത്തിന് എത്താത്തതിനാല്‍ കൃത്രിമ ഗര്‍ഭധാരണത്തിനുള്ള സംവിധാനം ഇവിടെ നിലച്ചിരിക്കുകയാണ്.
നിലവില്‍ ബീജങ്ങള്‍ക്ക് കടുത്ത ക്ഷാമമാണ്. കഴിഞ്ഞ വര്‍ഷങ്ങളെപ്പോലെ ഞങ്ങള്‍ക്ക് ആവശ്യത്തിന് ബീജ ദാതാക്കളില്ല എന്നതാണ് പ്രശ്നമെന്ന് ഗോതെന്‍ബെര്‍ഗ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ റീപ്രൊഡക്ഷന്‍ യൂണിറ്റ് മേധാവി ആന്‍ തുരിന് ജെല്‍ബെര്‍ഗ് പറഞ്ഞു.
ബീജങ്ങള്‍ ലഭ്യമാവുന്നതിനുള്ള കാലതാമസമാണ് പ്രശ്നം. കുറവ് എന്നതുകൊണ്ട് അര്‍ഥമാക്കുന്നത് അസിസ്റ്റഡ് ഗര്‍ഭധാരണത്തിനുള്ള കാത്തിരിപ്പ് സമയം ഏകദേശം ആറുമാസം എന്നതില്‍ നിന്ന് കഴിഞ്ഞ വര്‍ഷം 30 മാസം വരെ വര്‍ധിച്ചു എന്നാണ്.
അതിനാല്‍ തന്നെ ഗര്‍ഭധാരണം ആവശ്യമുള്ളവരെ കൃത്യമായ ഒരു സമയമോ തീയതിയോ അറിയിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. ഇതുമൂലം പലരുടെയും ചികിത്സകള്‍ പാതിവഴിയില്‍ മുടങ്ങിക്കിടക്കുകയാണ്.
സ്വീഡനിലെ സ്വകാര്യ ക്ലിനിക്കുകള്‍ക്ക് വിദേശത്ത് നിന്നും ആവശ്യത്തിന് ബീജം വാങ്ങാനാകും. എന്നാല്‍ ഇവിടെ കൃത്രിമഗര്‍ഭധാരണത്തിന് ഒരു ലക്ഷം സ്വീഡിഷ് ക്രൗണ്‍ (ഏകദേശം 8.8 ലക്ഷം ഇന്ത്യന്‍ രൂപ) ആണ് ചെലവ്.
ഇത് പലര്‍ക്കും താങ്ങാനാവില്ല. സ്വീഡന്റെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസില്‍ കൃത്രിമഗര്‍ഭധാരണ ചികിത്സ സൗജന്യമാണ്.
സ്വീഡിഷ് നിയമപ്രകാരം ഒരു സ്പേം സാംപിള്‍ പരമാവധി ആറ് സ്ത്രീകളില്‍ മാത്രമേ ഉപയോഗിക്കാവൂ. അത്തരത്തില്‍ ദാനം ലഭിച്ച ബീജങ്ങളെല്ലാം ഇതുപ്രകാരം ഉപയോഗിച്ചുകഴിഞ്ഞു.
ഒരാളില്‍ നിന്ന് ബീജ സാംപിള്‍ എടുത്താലും പല ടെസ്റ്റുകള്‍ നടത്തി സുരക്ഷിതമാക്കിയ ശേഷമേ ഉപയോഗിക്കാനാകൂ. ടെസ്റ്റുകളില്‍ പരാജയപ്പെടുന്നതു മൂലവും തണുപ്പിച്ച് സൂക്ഷിക്കുന്നതിലെ പ്രശ്നങ്ങള്‍ മൂലവും ചില സാംപിളുകള്‍ ഉപയോഗിക്കാന്‍ സാധിക്കാത്ത അവസ്ഥയുണ്ടാകും.
അതിനാല്‍ തന്നെ അമ്പത് പുരുഷന്മാര് വന്നാല്‍ അതില്‍ പകുതി പേരില്‍ നിന്ന് മാത്രമേ ബീജങ്ങള്‍ സ്വീകരിക്കാന്‍ സാധിക്കുകയുള്ളുവെന്ന് കെയ്ന്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ റീപ്രൊഡക്ഷന്‍ യൂണിറ്റിലെ മാര്‍ഗരെറ്റ കിറ്റ്ലിന്‍സ്കി പറയുന്നു.
ബീജദാനത്തിനായി ആളുകളെ പ്രോത്സാഹിപ്പിക്കാന്‍ സോഷ്യല്‍ മീഡിയ വഴിയും മറ്റ് മാധ്യമങ്ങള്‍ വഴിയും ആഹ്വാനം ചെയ്യാനാനൊരുങ്ങുകയാണ് ഇവര്‍.