മിഠായി കഴിച്ച ശേഷം അതിന്റെ കടലാസ് ഉപയോഗിച്ച് പാവയെയും ചെറിയ രൂപങ്ങളുമൊക്കെ നാം ഉണ്ടാക്കാറുണ്ട്. എന്നാൽ മിഠായിക്കടലാസ് ഉപയോഗിച്ച് ഒരു വസ്ത്രമുണ്ടാക്കാൻ കഴിയും എന്ന് പറഞ്ഞാൽ ആരും അത്ഭുതപ്പെട്ടുപോകും. സംഭവം സത്യമാണ്. പെൻസിൽവാനിയയിലെ എലിസബത്ത് ടൗണിലുള്ള എമിലി സെയ്ൽഹാമെർ എന്ന യുവതിയാണ് ഈ അത്ഭുതം സൃഷ്ടിച്ചിരിക്കുന്നത്. തന്റെ അഞ്ചു വർഷത്തെ ശ്രമഫലമായാണ് എമിലി സ്റ്റാർബസ്റ്റ് കാൻഡി മിഠായിക്കടലാസുകൾ കൂട്ടിച്ചേർത്ത് വസ്ത്രം നിർമിച്ചത്.
ആണ്സുഹൃത്തായ മലാചിയാണ് എമിലിക്ക് ഇതിന് പൂർണ പിന്തുണ നൽകിയത്. സ്റ്റാർബസ്റ്റ് കാൻഡിയുടെ വലിയ ആരാധകനാണ് ഇദേഹം. ഇവർ തമ്മിൽ ആദ്യം കണ്ടു മുട്ടിയപ്പോൾ അദേഹം എമിലിക്കു നൽകിയതും സ്റ്റാർബസ്റ്റ് കാൻഡിയായിരുന്നും. മാത്രമല്ല എപ്പൊഴെല്ലാം ഇവർ ഒരുമിക്കുന്നുവോ അപ്പോഴും അദേഹം തന്റെ കാമുകിക്ക് ഈ കാൻഡി സമ്മാനിക്കുമായിരുന്നു.
പിന്നീടാണ് ഈ മിഠായിക്കടലാസ് കൊണ്ട് എന്തെങ്കിലും നിർമിക്കാൻ സാധിക്കും എന്ന തോന്നൽ എമിലിക്കുണ്ടായത്. അങ്ങനെ തനിക്കു വേണ്ടി സ്റ്റാർബസ്റ്റ് മിഠായിക്കടലാസ് ശേഖരിക്കാൻ മലാചിയോട് എമിലി ആവശ്യപ്പെട്ടു. പിന്നീട് ഓരോ തവണ എമിലിയെ കാണാൻ വരുന്പോഴും മലാചി പായ്ക്കറ്റു കണക്കിന് വ്യത്യസ്ത നിറത്തിലുള്ള സ്റ്റാർബസ്റ്റ് കടലാസുകൾ സമ്മാനിക്കുകയും ചെയ്തു. അഞ്ചുവർഷം കൊണ്ട് പതിനായിരത്തിലേറെ മിഠായിക്കടലാസുകൾ ശേഖരിച്ചു.
പക്ഷേ, ശരിക്കും പണി വരുന്നതേയുണ്ടായിരുന്നുള്ളൂ. അവയെല്ലാം നിറമനുസരിച്ച് വേർതിരിച്ച ശേഷം ഓരോ കടലാസും കോർക്കുന്നതിനായി മടക്കുക എന്ന ശ്രമകരമായ ജോലിയാണ് ബാക്കിയുണ്ടായിരുന്നത്. കോളജിലെ ഡോർമിറ്ററിയിൽ ആയിരിക്കുന്പോഴും പഠിക്കുന്പോഴും ടിവി കാണുന്പോഴുമെല്ലാം എമിലി മിഠായിക്കടലാസ് മടക്കുന്ന ജോലികൂടി ചെയ്തുകൊണ്ടിരുന്നു. തുടർന്ന് മടക്കിയ കടലാസുകളെല്ലാം ഇലാസ്റ്റിക് നൂലിൽ കോർത്ത് വസ്ത്രം തുന്നുകയായിരുന്നു.
സ്റ്റാർബസ്റ്റ് കന്പനി ചില നിറങ്ങൾ നിർത്തലാക്കിയപ്പോൾ എമിലിക്ക് തന്റെ വസ്ത്രത്തിന്റെ രൂപവും മാറ്റേണ്ടി വന്നിട്ടുമുണ്ട്. വസ്ത്രം മാത്രമല്ല മറ്റ് പല വസ്തുക്കളും എമിലി ഇതുപയോഗിച്ച് നിർമിച്ചിട്ടുണ്ട്. താൻ കോർത്ത് നിർമിച്ച സ്റ്റാർബസ്റ്റ് കാൻഡി വസ്ത്രം തന്റെ വിവാഹത്തിന് ധരിക്കാനുള്ള തീരുമാനത്തിലാണ് എമിലി ഇപ്പോൾ.