ആരോഗ്യജീവിതത്തിനു വെല്ലുവിളിയുയർത്തുന്ന വില്ലന്റെ റോളാണ് പലപ്പോഴും മധുരത്തിനുള്ളത്. സൂക്രോസാണ് (പഞ്ചസാര)ശുദ്ധമായ മധുരം. കരിന്പിൽ നിന്നാണ് അതുണ്ടാക്കുന്നത്. അതേസമയം ക്യൂബയിൽ മധുരക്കിഴങ്ങിൽ നിന്നും റഷ്യയിൽ ബീറ്റ്റൂട്ടിൽ നിന്നുമാണ് പഞ്ചസാര ഉണ്ടാക്കുന്നത്. ശർക്കര, കരുപ്പട്ടി എന്നിവിൽ നിന്നു കിട്ടുന്നതും സൂക്രോസ് തന്നെ.
പ്രായമേറിയവർ മധുരം കുറയ്ക്കണം
മുതിർന്നവർക്കു ദിവസം 20-30 ഗ്രാം പഞ്ചസാര ഉപയോഗിക്കാം. കുട്ടികൾക്ക് 40-50 ഗ്രാം വരെ ഉപയോഗിക്കാം. മുതിർന്നവർ കഴിവതും പഞ്ചസാര കുറയ്ക്കണം. അവർക്ക് ഏറെ മധുരം ആവശ്യമില്ല.
പഞ്ചസാര ശീലപ്പിക്കേണ്ട
ഒരു വയസുള്ള കുഞ്ഞുങ്ങൾക്കും മറ്റും പഞ്ചസാര കൊടുത്തു ശീലിപ്പിക്കാതിരിക്കുന്നതാണു നല്ലത്. പാലിൽ പഞ്ചസാര ഇടാതെ കൊടുത്തു ശീലിപ്പിക്കണം. മൂന്നു നാലു വയസാകുന്പോഴേക്കും പാലിൽ നിന്നു കിട്ടുന്നതിലുമധികം മധുരം മധുരപലഹാരങ്ങളിലൂടെയാണു കിട്ടുന്നത്. മധുരപലഹാരങ്ങളാണല്ലോ ആ പ്രായത്തിൽ കുട്ടികൾ ഇഷ്ടപ്പെടുന്നത്. എന്നാലും 20 – 25 ഗ്രാം പഞ്ചസാര വരെ ഈ പ്രായത്തിൽ അവർക്കു കൊടുക്കാം.
പഞ്ചസാര സൈഡ് ഡിഷ് അല്ല
കൊച്ചുകുട്ടികൾ മധുരപ്രിയരാണ്. ചില കുട്ടികൾ പഞ്ചസാര വെറുതേ വാരിക്കഴിക്കും. എല്ലാ വിഭവങ്ങളിലും പഞ്ചസാര ചേർത്തു കഴിക്കാൻ കുഞ്ഞുപ്രായത്തിൽത്തന്നെ രക്ഷിതാക്കൾ ശീലിപ്പിക്കാറുണ്ട്. അത് ആരോഗ്യകരമല്ല. അത്തരം ശീലങ്ങൾ ഒഴിവാക്കണം. ഉപ്പുമാവിനും പുട്ടിനുമൊപ്പം പഞ്ചസാര ചേർത്തു കൊടുക്കുന്നതിനു പകരം കടലക്കറിയോ പയർ പുഴുങ്ങിയതോ കൊടുക്കാം. പഞ്ചസാരയുടെ അളവു കുറയ്ക്കാം, പ്രഭാതഭക്ഷണം പോഷകസമൃദ്ധമാക്കാം. ദോശയ്ക്കൊപ്പം പഞ്ചസാരയ്ക്കു പകരം ചട്ണിയോ കടലക്കറിയോ നല്കാം. പഞ്ചസാര ഒരു സൈഡ് ഡിഷായി ശീലിക്കരുത്.
സോഫ്റ്റ് ഡ്രിംഗ്സിനു മധുരം കൂടും
ഗാഢത കൂടിയ പഞ്ചസാരയാണ് സോഫ്റ്റ് ഡ്രിംഗ്സിലൂടെ കിട്ടുന്നത്. ഒരാൾക്ക് ഒരു ദിവസം ആവശ്യമായതിന്റെ മൂന്നിരി പഞ്ചസാര സോഫ്റ്റ് ഡ്രിംഗ്സിൽ നിന്നു ലഭിക്കും. അതിനാൽ അത് ശീലമാക്കേണ്ട.
കൽക്കണ്ടം പഞ്ചസാര തന്നെ
ശർക്കരയിൽ നിന്ന് ഇരുന്പ്, കോപ്പർ തുടങ്ങിയ ധാതുക്കൾ കൂടി കിട്ടുന്നതിനാൽ പഞ്ചസാരയേക്കാൾ ഭേദം. തേൻ, കരുപ്പട്ടി എന്നിവയും മധുരമായി ഉപയോഗിക്കാം. കല്ക്കണ്ടം വാസ്തവത്തിൽ പഞ്ചസാര തന്നെയാണ്. റിഫൈൻ ചെയ്യാത്ത പഞ്ചസാര.
പഞ്ചസാര ഏറിയാൽ അമിതഭാരം
അമിതഭാരമാണ് പഞ്ചസാര കൂടുതൽ കഴിച്ചാലുണ്ടാകുന്ന മുഖ്യ ആരോഗ്യപ്രശ്നം. തൂക്കം പെട്ടെന്നു കൂടും. നാം കഴിക്കുന്ന ആഹാരത്തിൽ നിന്നു ശരീരം വിറ്റാമിനുകളും ധാതുക്കളും ആഗിരണം ചെയ്യുന്നതിന്റെ നിരക്കും പഞ്ചസാരയുടെ തോതുമായി നേരിട്ടു ബന്ധമില്ല.
പനം കൽക്കണ്ടം പഞ്ചസാരയെക്കോൾ ഗുണപ്രദം
മധുരമാണ് ഭക്ഷണം സ്വാദുള്ളതാക്കുന്നത്. അതിനാൽ പൂർണമായി നിഷേധിക്കാനുമാവില്ല. മിതമായി കഴിക്കാം. എന്നാൽ പഞ്ചസാരയ്ക്കു പകരം ശർക്കരയോ കരുപ്പട്ടിയോ കഴിക്കുന്നതാണ് ആരോഗ്യകരം. തേനിന്റെ സ്ഥാനം ഇവ കഴിഞ്ഞുമാത്രം. പനംകൽക്കണ്ടം പഞ്ചസാരയെക്കാൾ ഗുണപ്രദം. അതിലുള്ളതു സ്വാഭാവിക പഞ്ചസാരയാണ്.
മധുരവും ട്രൈ ഗ്ലിസറൈഡും
മധുരം ഏതു രീതിയിൽ കഴിച്ചാലും കുടലിൽ വച്ച് അത് ആഗിരണം ചെയ്യപ്പെട്ട ശേഷം രക്തത്തിൽ ഗ്ലൂക്കോസ് പഞ്ചസാരയായി മാറും. ആഹാരത്തിൽ നിന്നു ലഭിക്കുന്ന കാർബോഹൈഡ്രേറ്റും ഗ്ലൂക്കോസായാണു മാറുന്നത്. ഫലത്തിൽ രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവു കൂടും. അമിതമായി മധുരത്തിന്റെ കാലറി കൂടിയിൽ ശരീരത്തിൽ അതു അസിറ്റേറ്റിന്റെ തോതു കൂടും. തത്ഫലമായി ട്രൈഗ്ലിസറൈഡിന്റെ തോതും കൂടും.
(കൊളസ്ട്രോൾ പോലെയുള്ള മറ്റൊരു ഘടകമാണ് ട്രൈഗ്ലിസറൈഡുകൾ. എത്രത്തോളം മധുരം കഴിക്കുന്നുവോ ട്രൈഗ്ലിസറൈഡുകൾ ഉണ്ടാകാനുള്ള സാധ്യത അത്രത്തോളം കൂടും. ഉയർന്ന തോതിൽ ട്രൈ ഗ്ലിസറൈഡ് ഉണ്ടാകുന്നതു ഹാർട്ട് അറ്റാക്കിനു വരെ കാരണമാവാം. കൊളസ്ട്രോളിന്റെ അത്രയുമില്ലെങ്കിലും ഹൃദയാഘാത സാധ്യത വർധിപ്പിക്കുന്ന(റിസ്ക് ഫാക്ടർ) ഘടകങ്ങളിലൊന്നാണ് ട്രൈഗ്ലിസറൈഡ്.) ബേക്കറി വിഭവങ്ങൾ, ഐസ്്ക്രീം, ചോക്ലേറ്റ് എന്നിവയിലുമുള്ള ബട്ടറും പഞ്ചസാരയും ട്രൈഗ്ലിസറൈഡിന്റെ തോതു വർധിപ്പിക്കും. ഹൃദയസംബന്ധമായ രോഗങ്ങളുള്ളവർ പ്രത്യേകം ശ്രദ്ധിക്കുക..പഞ്ചസാര കൂടുതൽ ഉപയോഗിച്ചാൽ ശരീരഭാരം കൂടും. കൂടാതെ അതു ട്രൈ ഗ്ലിസറൈഡിന്റെ തോതു കൂട്ടും.
മധുരവും പ്രമേഹവും
ഇൻസുലിൻ ഉത്പാദിപ്പിച്ചാണ് ശരീരം രക്തത്തിലെ പഞ്ചസാരയുടെ തോതു നിയന്ത്രിക്കുന്നത്. ഇൻസുലിനു കുറവുണ്ടാവുകയോ പുറപ്പെടുവിക്കപ്പെടുന്ന ഇൻസുലിന്റെ ഗുണനിലവാരം കുറയുകയോ ചെയ്താൽ പഞ്ചസാര ഫാറ്റായി മാറാതെ മൂത്രത്തിലൂടെ പുറന്തള്ളപ്പെടും. അതാണ് പ്രമേഹം.
പ്രമേഹബാധിതർ മധുരം കഴിച്ചാൽ
ആരോഗ്യമുള്ള ഒരു വ്യക്തി പഞ്ചസാര അധികമായി കഴിച്ചാൽ അതു ശരീരത്തിൽ കൊഴുപ്പായി ശേഖരിച്ചു വയ്ക്കും. എന്നാൽ പ്രമേഹബാധിതരിൽ അധികമുള്ള പഞ്ചസാര കൊഴുപ്പാകാതെ അതു മൂത്രത്തിലൂടെ പുറത്തുപോകും. അതുകൊണ്ടാണു പ്രമേഹബാധിതർ പലപ്പോഴും മെലിയുന്നത്. പഞ്ചസാരയും അവരുടെ ഫാറ്റ് മെറ്റബോളിസവുമായി ബന്ധമുണ്ട്.
പഞ്ചസാരയിലുള്ളത് എംറ്റി കലോറി
പഞ്ചസാരയുടെ അമിതോപയോഗമാണ് അമിതഭാരത്തിന്റെ പ്രധാന കാരണം. എനർജി കിട്ടുമെന്ന ന്യായം പറഞ്ഞ് പഞ്ചസാര കൂടുതലായി കഴിക്കരുത്. പഞ്ചസാരയിലുള്ളത് എംറ്റി(ശൂന്യം) കലോറിയാണ്. അതിൽ പോഷകങ്ങളില്ല. വെറും കലോറി മാത്രം. അധികമായുള്ള കലോറി ശരീരത്തിലെത്തിയാൽ അതു കൊഴുപ്പായി മാറും. പഞ്ചസാര കഴിച്ചാൽ ഇൻസ്റ്റൻറ് ആയി എനർജി കിട്ടുമെങ്കിലും അതിൽ പോഷകങ്ങളില്ലാത്തതിനാൽ ഗുണത്തേക്കാൾ ദോഷമാണു കൂടുതൽ.
അടയിൽ ശർക്കര മതി
അട, കൊഴുക്കട്ട തുടങ്ങിയ പലഹാരങ്ങൾ തയാറാക്കുന്പോൾ തേങ്ങയ്ക്കൊപ്പം പലരും പഞ്ചസാര ചേർക്കാറുണ്ട്. അവിടെ പഞ്ചസാരയേക്കാൾ ഗുണപ്രദം ശർക്കര തന്നെയാണ്. അതിൽ നിന്ന് ഇരുന്പും മറ്റുചില പോഷകങ്ങളും ശരീരത്തിനു കിട്ടുന്നു.
അമിതഭാരവും കാൻസർ സാധ്യതയും
പഞ്ചസാരയും കാൻസറും തമ്മിൽ നേരിട്ടു ബന്ധമില്ല. പഞ്ചസാര കൂടുതൽ കഴിച്ചാൽ അമിതഭാരം ഫലം! അമിതഭാരം കാൻസർസാധ്യത വർധിപ്പിക്കുമെന്നു പഠനങ്ങളുണ്ട്.
ജാം, സോഫ്റ്റ് ഡ്രിംഗ്സ്… മിതമായി
ജാം, സോഫ്റ്റ് ഡ്രിംഗ്സ് എന്നിവയിലൊക്കെ പഞ്ചസാര ഉയർന്ന തോതിലാണുള്ളത്. കൂടാതെ കളറുകളും പ്രിസർവേറ്റീവുകളും ചേർക്കാറുമുണ്ട്. ചില സീസണിൽ മാത്രമുണ്ടാകുന്ന പഴങ്ങൾ അടുത്ത സീസണ് വരെ ഉപയോഗിക്കാൻ പ്രിസർവേറ്റീവുകളും മറ്റും ചേർത്തു നിർമിക്കുന്നതാണ് ജാമും സ്ക്വാഷും മറ്റും. അവയിൽ പോഷകമൂല്യത്തിനൊന്നും കാര്യമായ സ്ഥാനമില്ല. എന്നാൽ, പഴുത്ത വരിക്കച്ചക്കയിൽ ശർക്കര ചേർത്തു വരട്ടിയതു കഴിക്കുന്നതു കൊണ്ടു ദോഷമില്ല.
സാക്കറിനും കോൺ സിറപ്പും
ചില ബേക്കറി വിഭവങ്ങളിൽ പഞ്ചസാരയ്ക്കു പകരം കോണ് സിറപ്പും( ചോളത്തിൽ നിന്നു തയാറാക്കുന്നത്) സാക്കറിനുമൊക്കെ ചേർക്കാറുണ്ട്. സാക്കറിനു വില കുറവാണ്. പക്ഷേ, അമിതമായി ഉപയോഗിക്കരുത്. കോണ് സിറപ്പ് ഫ്രക്ടോസാണ്, അതും അമിതമായി കഴിക്കരുത്. ശരീരത്തിൽ അധികമായി വരുന്ന പഞ്ചസാരയെ അസിറ്റേറ്റാക്കി മാറ്റി അതു ട്രൈ ഗ്ലിസറൈഡിന്റെ തോതു കൂട്ടുന്നതിനിടയാക്കും.
ഹൃദയാഘാതം വന്നവർ, സർജറി കഴിഞ്ഞവർ.
ഹൃദയാഘാതം വന്നവർ, സർജറി കഴിഞ്ഞവർ എന്നിവർക്ക് പ്രമേഹമില്ലെങ്കിൽ ചായയ്ക്ക് മിതമായ തോതിൽ പഞ്ചസാര ചേർത്തു കഴിക്കാം. വല്ലപ്പോഴും മധുരപലഹാരങ്ങൾ മിതമായി കഴിക്കാം. എന്നാൽ അതു ശീലമാക്കരുത്. എന്നാൽ എത്രത്തോളം പഞ്ചസാര കഴിക്കാം എന്നതു തീരുമാനിക്കുന്നത് വണ്ണമുള്ള ആളോണോ മെലിഞ്ഞ ആളാണോ എന്നിങ്ങനെയുള്ള കാര്യങ്ങൾ കൂടി പരിഗണിച്ചാണ്. വണ്ണമുള്ള ആളുകളോടു പഞ്ചസാര കഴിക്കാൻ നിർദേശിക്കാറില്ല. എന്നാൽ വണ്ണം കുറഞ്ഞവരോട് മറ്റു രോഗങ്ങൾ ഒന്നും ഇല്ലെങ്കിൽ വല്ലപ്പോഴും കഴിക്കാം എന്നു പറയാറുണ്ട്. അതായതു വ്യക്തിയുമായി ബന്ധപ്പെട്ട ചില ഘടകങ്ങൾ പരിഗണിച്ചാണ് എത്രത്തോളം പഞ്ചസാര കഴിക്കാം എന്നു നിർദേശിക്കുന്നത്. ഒരു നുട്രീഷനിസ്റ്റിന്റെ സഹായത്തോടെ എത്രത്തോളം മധുരം കഴിക്കാം എന്നു തീരുമാനിക്കാം.
കൗമാരം കരുതലോടെ…
കൗമാരപ്രായത്തിലുള്ളവർക്കു ദിവസം 50 ഗ്രാം വരെ (10 ടീ സ്പൂണ് )പഞ്ചസാര കഴിക്കാം. പക്ഷേ, ഇപ്പോൾ അത്രയും കഴിക്കണം എന്നു നിർദേശിക്കാറില്ല. കാരണം, ഇപ്പോൾ കൗമാരപ്രായത്തിലുള്ളവരുടെ ശാരീരിക അദ്ധ്വാനം തീരെ കുറവാണ്. കൗമാരക്കാർ കഴിക്കുന്ന ചായ, സോഫ്റ്റ് ഡ്രിംഗ്സ്, ചോക്ലേറ്റ്, മറ്റു മധുരപലഹാരങ്ങൾ എന്നിവയിലൂടെ അത്രയും പഞ്ചസാര ശരീരത്തിലെത്തുന്നുണ്ട്. ഷാർജഷേക്കിലും മറ്റും പഞ്ചസാരയുടെ തോത് കൂടുതലാണ്. ഇതെല്ലാം അമിതഭാരത്തിനും പൊണ്ണത്തടിക്കും കാരണമാകുന്നു.
വിവരങ്ങൾ: ഡോ. അനിതമോഹൻ ക്ലിനിക്കൽ
ന്യുട്രീഷനിസ്റ്റ് & ഡയറ്റ് കണ്സൾട്ടന്റ്