ജോണ്സണ് വേങ്ങത്തടം
കൊച്ചി: അന്വേഷണ സംഘം കോടതിയില്‍ കൊടുത്ത റിപ്പോര്‍ട്ട് ഏറ്റുപറഞ്ഞാല്‍ മാപ്പുസാക്ഷിയാക്കാമെന്നു വാഗ്ദാനം ലഭിച്ചതായി സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലില്‍ വിവാദം തുടരുമ്പോഴും കേസ് അട്ടിമറിക്കാനുള്ള നീക്കം മുന്നില്‍ കണ്ടു എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.
വരും ദിവസങ്ങളില്‍ ചില ഉന്നതരിലേക്കു കേസിന്റെ അന്വേഷണം പോകുമെന്നു മുന്നില്‍ കണ്ടുള്ള ചിലരുടെ രാഷ്ട്രീയപരമായ ഇടപെടലായി മാത്രമാണ് ഇഡി ഇതിനെ കാണുന്നത്.
ഏതായാലും വിവാദങ്ങള്‍ക്കിടയില്‍ ഉന്നതരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഇഡി.
മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടുള്ള അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് ഉള്‍പ്പെടെ ഏതാനും പേരിലേക്കു അന്വേഷണം വ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ കേസ് അട്ടിമറിക്കുക എന്നതാണ് ചിലരുടെ ലക്ഷ്യമെന്നാണ് ഇഡി സംശയിക്കുന്നത്.
എന്നാല്‍ ഇതിനു പിന്നിലുള്ള ഉറവിടം കണ്ടെത്താനുള്ള ആകാംക്ഷ നിലനില്‍ക്കുമ്പോഴും അതിനു സമയം കളയാനില്ലെന്ന നിലപാടും ഇഡി സ്വീകരിക്കുന്നു.
മറ്റു ദേശീയ അന്വേഷണ ഏജന്‍സികളായ ഐബിയും എന്‍ഐഎയും ഇതിനെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്.
സ്വര്‍ണക്കടത്തിനെയും മറ്റു കേസുകളെയും രാഷ്ട്രീയപരമായി ഏറ്റെടുത്തിട്ടില്ലെന്നും തങ്ങളുടെ പക്കല്‍ അതിനുള്ള രേഖകളുണ്ടെന്നും ഇഡി വൃത്തങ്ങള്‍ നല്കുന്ന സൂചന. വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തിലാണ് ഈ കേസുമായി മുന്നോട്ടു പോകുന്നത്.
സ്വപ്നസുരേഷ് ഇഡിയുടെ മുന്നില്‍ ഏറ്റു പറഞ്ഞ മൊഴികള്‍ മാറ്റി പറയാന്‍ കഴിയില്ല. പിന്നെ എന്തിനാണ് ഇഡി ആശയക്കുഴപ്പത്തിലാകുന്ന ചോദ്യമാണ് ഉദ്യോഗസ്ഥര്‍ ഉയര്‍ത്തുന്നത്.
സ്വപ്ന എന്‍ഫോഴ്സ്മെന്റിലാണ് മൊഴി നല്‍കിയത്. ഇതു പോലീസില്‍ നല്കുന്ന മൊഴി പോലെ അല്ല. പിന്നീട് മാറ്റി പറയാന്‍ ആകില്ല. മാറ്റി പറഞ്ഞാല്‍ അതിന്റെ കേസ് വേറെ വരും. മൊഴിക്ക് 100 ശതമാനം എവിഡന്സറി വാല്യൂ കോടതിയില്‍ ഉണ്ട്.
മാത്രമല്ല യുഎപിഎ നിയമപ്രകാരം കേസെടുത്താല്‍ അത്തരം പ്രതികള്‍ കോടതിയില്‍ കുറ്റവാളികളല്ലെന്ന് തെളിയിക്കേണ്ടത് പ്രതികളുടെ മാത്രം ഉത്തരവാദിത്വമാണ്. എന്നാല്‍ സാധാരണ കേസില്‍ പ്രോസിക്യൂഷന് വേണം കോടതിയില്‍ കുറ്റം തെളിയിക്കാന്‍.
ഇപ്പോള്‍ ഉയരുന്നതെല്ലാം രാഷ്ട്രീയ മുതലെടുപ്പിനു മാത്രമാണെന്നും ഇഡി വിശ്വസിക്കുന്നു.
രാഷ്ട്രീയപരമായിട്ടാണ് ഈ കേസിനെ കൈകാര്യം ചെയതിരുന്നെങ്കില്‍ ഇത്രയും മാസം എടുക്കാതെ കേസുമായി മുന്നോട്ടു പോകമായിരുന്നുവെന്നും തെളിവും രേഖകളും മാത്രമാണ് കേസില്‍ നോക്കുന്നതെന്നും ഇഡിവൃത്തങ്ങള് നല്കുന്ന സൂചന.
ഇതേ സമയം ശബ്ദരേഖയില്‍ അന്വേഷണം കൂടിയേ തീരുവെന്നാണ് ജയില്‍ ഡിജിപി ഋഷിരാജ് സിംഗിന്റെ നിലപാട്. എന്നാല്‍ അന്വേഷണം വേണ്ടെന്ന് പോലീസും പറയുന്നു.
എന്നാല്‍ ഉറവിടം കണ്ടെത്തുന്നതിനൊടൊപ്പം പ്രതികളുടെ ഉന്നത ബന്ധം തെളിയിക്കാനുള്ള അവസരമായിട്ടാണ് ദേശീയ ഏജന്‍സികള്‍ ഇതിനെ കാണുന്നത്.
ശബ്ദത്തിന് സാമ്യമുണ്ട്. പക്ഷെ തന്റേത് ആണെന്ന് ഉറപ്പില്ലെന്ന മൊഴിയാണ് സ്വപ്ന ഡിഐജിക്ക് നല്‍കിയിട്ടുള്ളത്. ഈ ശബ്ദ സന്ദേശം അട്ടക്കുളങ്ങര വനിത ജയിലില്‍നിന്ന് റെക്കോഡ് ചെയ്തത് അല്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
ശബ്ദ സന്ദേശത്തിന്റെ ആധികാരികത പോലീസ് ഹൈടെക്ക് സെല്‍ അന്വേഷിച്ചു കണ്ടെത്തണമെന്നാണ് ജയില്‍ വകുപ്പിന്റെ ഇപ്പോഴത്തെ നിലപാട്.
ഇതു സംബന്ധിച്ചു അഡ്വക്കേറ്റ് ജനറലില്‍ നിന്ന് നിയമോപദേശം സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാവും തുടര്‍ നടപടികള്‍ സ്വീകരിക്കുക.