ഇന്ത്യൻ മഹാസമുദ്രത്തിലെ ദക്ഷിണഭാഗത്ത് ലഭിക്കുന്ന ശക്തമായ കാറ്റാണ് കള്ളക്കടൽ അഥവാ സ്വെൽ വേവ്സ് പ്രതിഭാസത്തിനു കാരണം. അകലെ പുറംകടലിൽ ശക്തമായ കാറ്റു മൂലം തിരമാലകൾ ഒരു മേഖലയിൽനിന്ന് മറ്റൊരു മേഖലയിലേക്ക് പ്രവഹിച്ചെത്തുമ്പോൾ വൻ തിരകളായി മാറും.
ആഴക്കടലിലെ ഉപരിതലത്തിൽ ശക്തമായ കാറ്റ് അടിക്കുന്നതോടെ തിരമാലകളുടെ ഊർജം കൂടുകയും തീരത്ത് ആഞ്ഞടിക്കുകയും ചെയ്യും. കാറ്റുമൂലം പ്രവഹിക്കുന്ന തിരമാലകൾ കിലോമീറ്ററുകൾ സഞ്ചരിച്ചാണ് തീരത്തെത്തുന്നത്. അതിനാൽ ഇത്തരം തിരമാലകൾക്ക് പ്രഹരശേഷിയും ഉയരവും കൂടുതലാണ്.
ആറുമുതൽ പത്തുവരെയുള്ള തിരമാലകളുടെ കൂട്ടമാണ് ഓരോതിരയ്ക്കുള്ളിലുമുള്ളത്. ചില സന്ദർഭങ്ങളിൽ പ്രളയത്തിന് തുല്യമായ തോതിൽ ജലം തീരത്തെത്തുമെന്നും ശാസ്ത്രജ്ഞർ പറയുന്നു. വേലിയേറ്റ സമയത്ത് കള്ളക്കടൽ തിരകൾ കൂടി എത്തുന്നതോടെ കടലാക്രമണം ശക്തമാകും. എന്നാൽ ആഴക്കടലിൽ ഈ പ്രതിഭാസത്തിന്റെ ശക്തി വളരെ കുറവായിരിക്കും.
അപ്രതീക്ഷിതമായി എത്തി തീരം വീഴുങ്ങുന്നതിനാലാണ് സ്വെൽ വേവ്സ് പ്രതിഭാസത്തെ തീരവാസികൾ ’കള്ളക്കടൽ’ എന്നു വിളിക്കുന്നത്.