കഠുവ ബലാത്സംഗക്കേസിലെ തെളിവുകള്‍ ശേഖരിക്കുന്നതില്‍ കടുത്ത ബുദ്ധിമുട്ടുകള്‍ നേരിടുന്നതായി സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം (എസ്ഐടി) അംഗം ശ്വേതാംബരി ശര്‍മ. ജമ്മുവില്‍ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു ശര്‍മയുടെ വെളിപ്പെടുത്തല്‍.
എട്ടുവയസ്സുകാരിയായ കഠുവയിലെ പെണ്‍കുട്ടിയുടെ കേസില്‍ തെളിവുകള്‍ ശേഖരിക്കുന്നതിന് നിരവധി ബുദ്ധിമുട്ടുകള്‍ നേരിട്ടു. പ്രകോപനപരമായ പെരുമാറ്റങ്ങളെക്കൊണ്ടും പ്രക്ഷോഭങ്ങളെക്കൊണ്ടും തെളിവുകള്‍ ശേഖരിക്കുന്നതും മൊഴികളെടുക്കുന്നതും എളുപ്പമായിരുന്നില്ല. അവര്‍ കൂട്ടിച്ചേര്‍ത്തു. സ്ത്രീപീഡകരേയും കൊലപാതകികളേയും ത്രിവര്‍ണ പതാകയേന്തി അനുകൂലിക്കുന്നത് വേദനയുണ്ടാക്കുന്നു. സാക്ഷികളെ പ്രദേശവാസികള്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ശ്വേതാംബരി ശര്‍മ വെളിപ്പെടുത്തി.
ഞാന്‍ ഡോഗ്രിയാണ്. നമ്മുടെ പെണ്മക്കള് എല്ലാവരുടേതുമാണെന്ന് ഞങ്ങളുടെ സംസ്കാരത്തില്‍ പറയുന്നു. മതത്തിന്റെയോ ജാതിയുടെയോ പേരില്‍ ഞങ്ങള്‍ക്കിടയില്‍ വിവേചനങ്ങളുണ്ടായിരുന്നില്ല. അവര്‍ പറഞ്ഞു. മനുഷ്യത്വമാണ് ഇവിടെ കൊലചെയ്യപ്പെട്ടിരിക്കുന്നതെന്ന് നമ്മള് തിരിച്ചറിയണമെന്നും അവര്‍ പറഞ്ഞു.
എസ്.ഐ.ടിയിലെ ഏക വനിതാ ഉദ്യോഗസ്ഥയായ ശര്‍മയെ അവഹേളിച്ചുകൊണ്ട് പ്രതിഭാഗം അഭിഭാഷകന് നേരത്തെ രംഗത്തെത്തിയിരുന്നു. ‘ഒരു സ്ത്രീയാതിന്റെ പേരില്‍ തന്റെ ബുദ്ധിശക്തിയെ ചോദ്യം ചെയ്തതും ലക്ഷ്യംവച്ച് ആക്രമിക്കുന്നതും വേദനിപ്പിക്കുന്നു’, അവര്‍ പ്രതികരിച്ചു. നമ്മുടെ ജുഡീഷ്യറി നീതി ഉറപ്പാക്കുമെന്നതില്‍ സംശയമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
താനുള്‍പ്പെടുന്ന കഠുവ അന്വേഷണ സംഘത്തിനു നേരെ ആക്രമണങ്ങളും നടന്നതായി ശ്വേതാംബരി ശര്‍മ വെളിപ്പെടുത്തി. അക്രമികള്‍ക്കെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യാനാവശ്യപ്പെട്ടുകൊണ്ട് എസ്.പി, എസ്.എസ്.പിക്ക് കത്തെഴുതിയതായും അവര്‍ വ്യക്തമാക്കി.