ആറ്റിങ്ങൽ: ആറ്റിങ്ങലിൽ ഓടിക്കൊണ്ടിരിക്കെ സ്വിഫ്റ്റ് ബസിന് തീപിടിച്ചു. കണ്ണൂരിൽ നിന്നു തിരുവനന്തപുരത്തേക്ക് പോയ സ്വിഫ്റ്റ് ബസിനാണ് മാമം പാലം ബസ് സ്റ്റോപ്പിൽ വച്ച് തീ പിടിച്ചത്. ഇന്നു രാവിലെ ആറിനാണ് സംഭവം.
യാത്രയ്ക്കിടെ ബസിന്റെ അടിഭാഗത്ത് നിന്നും പുകയുയരുന്നത് ഡ്രൈവറിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് ഡ്രൈവർ ബസ് നിർത്തുകയും യാത്രക്കാരോട് പുറത്തിറങ്ങാൻ നിർദേശിക്കുകയുമായിരുന്നു. മുപ്പത് യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. യാത്രക്കാരെല്ലാം സുരക്ഷിതരാണ്.
ഷോർട്ട് സർക്യൂട്ട് ആണ് തീ പിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. ആറ്റിങ്ങൽ ഫയർ ഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തി തീ കെടുത്തുകയായിരുന്നു. അപകടത്തെ തുടർന്ന് ദേശീയ പാതയിലെ ഗതാഗതം അല്പനേരം തടസപ്പെട്ടു.