പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: ദീർഘ ദൂര സർവീസ് നടത്തുന്ന കെ സ്വിഫ്റ്റ് ബസുകളിൽ പണം വെട്ടിപ്പ്. പരിശോധകർ ഇത് കണ്ടെത്തിയതിനെ തുടർന്ന് 35 ജീവനക്കാർക്ക് പിഴ ശിക്ഷ വിധിച്ചു.
ആദ്യത്തെ വീഴ്ചയായതിനാൽ മൃദുസമീപനമാണ് മാനേജ്മെന്റ് സ്വീകരിക്കുന്നതെന്നും ആവർത്തിച്ചാൽ ഗുരുതരമായ നടപടികളിലേയ്ക്ക് നീങ്ങുമെന്നും മുന്നറിയിപ്പ്.
ആഡംബര സർവീസുകളായ കെ സ്വിഫ്റ്റിലെ ഡ്രൈവർ കം കണ്ടക്ടർമാർക്കാണ് പിഴ ഒടുക്കാൻ നിർദ്ദേശം. ഇവരുടെ വേതനത്തിൽ നിന്നും മൂന്ന് ഗഡുക്കളായി പിഴ തുക ഈടാക്കും.
യാത്രാക്കൂലി വാങ്ങിയിട്ട് ടിക്കറ്റ് നല്കാതിരിക്കുക, ടിക്കറ്റ് ചാർജ് വാങ്ങുകയോ ടിക്കറ്റ് നല്കുകയോ ചെയ്യാതെ സൗജന്യ യാത്ര അനുവദിക്കുക, ചെറിയ ദൂരത്തിന്റെ ടിക്കറ്റ് നല്കിയിട്ട് അധിക ദൂരം യാത്ര ചെയ്യാൻ അനുവദിക്കുക, ലഗേജ് ചാർജ് ഈടാക്കാതിരിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ഡ്രൈവർ കം കണ്ടക്ടർമാർ ചെയ്തിരിക്കുന്നത്.
500 രൂപ മുതൽ 7500 രൂപ വരെയാണ് ഓരോരുത്തർക്കും പിഴ.35 പേരിൽമറ്റുള്ളവർക്ക് 1000 രൂപ മുതൽ മുകളിലുള്ള തുകയാണ്. അധികം പേർക്കും 3000, 4000, 5000 എന്നീ നിരക്കുകളാണ്.
കുറ്റം ആവർത്തിച്ചാൽ കരുതൽ ധനമായി ഇവർ കെ സ്വിഫ്റ്റിൽ അടച്ച തുക പിടിച്ചെടുക്കുകയും കഠിനമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് എം.ഡി. മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.