പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: കെഎസ്ആർടിസിയിലെ വനിതാ ജീവനക്കാർ ഉറങ്ങാനും വിശ്രമിക്കാനുമായി ഉപയോഗിച്ചു കൊണ്ടിരുന്ന മുറിയിൽ നിന്ന് അവരെ കുടിയിറക്കി.
സ്വതന്ത്രസ്ഥാപനമായ, പ്രത്യേകം മാനേജ്മെന്റിന് കീഴിൽ പ്രവർത്തിക്കുന്ന കെ – സ്വിഫ്റ്റിലെ ദിവസ വേതനക്കാരായ ഡ്രൈവർമാർക്ക് വേണ്ടിയാണ് കെഎസ്ആർടിസി ജീവനക്കാരെ ദുരിതത്തിലാക്കിയത്.
തിരുവനന്തപുരം തമ്പാനൂർ ബസ്സ്റ്റേഷനിലെ മൂന്നാം നിലയിലെ ഒരു മുറിയാണ് വനിതാ ജീവനക്കാർ ഇത്രയും കാലം ഉപയോഗിച്ചു കൊണ്ടിരുന്നത്.
രാത്രി വൈകി ഡ്യൂട്ടി കഴിയുന്നവരും പുലർച്ചെ ഡ്യൂട്ടിക്ക് പോകേണ്ടവരുമായ വനിതാ ജീവനക്കാർ ഈ മുറിയിലാണ് രാത്രി കഴിയുന്നത്.
ഉത്തര കേരളത്തിലെ ഡിപ്പോകളിൽ നിന്നും എത്തുന്ന ദീർഘദൂര സർവീസുകളിലെ വനിതാ കണ്ടക്ടർമാരും ഭക്ഷണം കഴിക്കാനും വിശ്രമിക്കാനും പ്രാഥമികാവശ്യങ്ങൾ നിർവഹിക്കുന്നതിനും ഈ മുറിയാണ് ഉപയോഗിച്ചു കൊണ്ടിരുന്നത്.
യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് കെഎസ്ആർടിസിയിലെ വനിതാ ജീവനക്കാരെ ഈ മുറിയിൽ നിന്നു കുടിയിറക്കിയത്. പകരം കെ സ്വിഫ്റ്റിലെ ഏതാനും വനിതാ ഡ്രൈവർമാരെ ഈ മുറിയിൽ കുടിയിരുത്തി.
കെഎസ്ആർടിസിയുടെ മുറിയിൽ നിന്നു കെ എസ്ആർടി സി ജീവനക്കാരെ കുടിയിറക്കിയതിൽ പ്രതിഷേധമുയർന്നിട്ടുണ്ട്.
മറ്റൊരു സ്വതന്ത്ര സ്ഥാപനത്തിന് വേണ്ടിയാണ് കുടിയിറക്കിയതെന്നത് അതീവ ഗൗരവമുള്ള കാര്യമാണെന്ന് ജീവനക്കാരുടെ സംഘടനയായ ഫോറം ഫോർ ജസ്റ്റിസ് അറിയിച്ചു.
കെഎസ്ആർടിസിയെ കെ – സ്വിഫ്റ്റ് എന്ന സ്വതന്ത്ര കമ്പിനി വിഴുങ്ങുന്നതിന്റെ അവസാനത്തെ തെളിവാണ് ഇതെന്നും അവർ ആരോപിച്ചു.