ചാത്തന്നൂർ: കെ സ്വിഫ്റ്റ് ബസ് സർവീസുകൾ നഷ്ടത്തിലാണെന്ന് വിവരാവകാശ രേഖ പ്രകാരം അധികൃതർ വ്യക്തമാക്കുന്നു. എന്നാൽ ഈ നഷ്ടത്തിന്റെ ബാധ്യതയും പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന കെ എസ് ആർ ടി സി യുടെ ചുമലിലാണ്. കെഎസ്ആർടിസിയുടെ ദീർഘദൂര സർവീസുകൾക്ക് പകരമാണ് സ്വിഫ്റ്റ് ബസുകൾ ഓടിക്കുന്നത്. കെ എസ് ആർ ടി സി യുടെ എല്ലാ വിധ സംവിധാനങ്ങളും സ്വിഫ്റ്റ് പ്രയോജനപ്പെടുത്തുന്നുമുണ്ട്.
സ്വിഫ്റ്റിന്റെ ഒരു ബസ് ഏകദേശം 500 കിലോമീറ്റർ സർവീസ് നടത്തുമ്പോൾ 23,750 രൂപയാണ് വരുമാനം. ഒരു കിലോമീറ്റർ ദൂരത്തിന് ( ഇപി കെ എം ) 47.50 രൂപ മാത്രം.ഏകദേശം 97 ലിറ്റർ ഡീസൽ വേണ്ടി വരും. ഇതിന് 12,000 ത്തിലധികം രൂപയാകും. കെഎസ്ആർടിസിയുടെ റൂട്ടിൽ സ്വിഫ്റ്റ് ഓടുന്പോൾ ലഭിക്കുന്ന വരുമാനം കെഎസ്ആർടിസി ഡിപ്പോയിൽ അടയ്ക്കുന്നു.
ഒരു കിലോമീറ്ററിന് 28 രൂപ നിരക്കിൽ ഒരു ബസിന് കെ എസ് ആർ ടി സി 14,000 രൂപ വാടക നല്കുന്നുമുണ്ട്. 26,000 രൂപ ചിലവാകുമ്പോൾ സ്വിഫ്റ്റിന്റെ ബസ് നേടുന്നത് 23,750 രൂപയാണ്. ഒരു സർവീസിന് മാത്രം 2,250 രൂപ നഷ്ടം.ലാഭകരമായി പ്രവർത്തിപ്പിക്കാനായി രൂപീകരിച്ച സ്വിഫ്റ്റ് ഇപ്പോൾ കെ എസ് ആർടിസിക്ക് അധിക ബാധ്യതയായിരിക്കുകയാണ്.
കെഎസ്ആർടിസിയ്ക്ക് വേണ്ടി കരാർ അടിസ്ഥാനത്തിൽ ഓടുന്നതിനാൽ സ്വിഫ്റ്റ് ബസുകൾക്ക് കെഎസ്ആർടിസി കൃത്യമായി വാടക നല്കിക്കൊണ്ടിരിക്കുകയാണ്. അതിനാൽ സർവീസ് നടത്തുന്നതിലെ നഷ്ടങ്ങൾ സ്വിഫ്റ്റിനെ ബാധിക്കുന്നില്ല. കെഎസ്ആർടിസിയുടെ പെർമിറ്റ്, ഡീസൽ ഓഫീസ് സംവിധാനം, വർക്ക് ഷോപ്പ് സംവിധാനം എന്നിവ എല്ലാം ഉപയോഗിക്കുന്നുമുണ്ട്. ഇതിന് പുറമേ വാടകയും കിട്ടുന്നുണ്ട്.
സ്വിഫ്റ്റ് സർവീസ് മൂലം കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് കെ എസ് ആർടിസിക്ക് ഉണ്ടാകുന്നത്. കെ എസ് ആർ ടിസിയുടെ സ്വന്തം ബസുകൾ സർവീസ് നടത്തിയാൽ ഇത്രത്തോളം നഷ്ടം സംഭവിക്കില്ലെന്ന് ജീവനക്കാരുടെ കൂട്ടായ്മയായ ഫോറം ഫോർ ജസ്റ്റിസ് (എഫ്എഫ് ജെ) ചൂണ്ടിക്കാട്ടുന്നു.
സ്വിഫ്റ്റിന്റെ വരവ്- ചെലവ് കണക്കുകളെക്കുറിച്ച് വ്യക്തമായ രൂപമില്ലെന്നും ഓഡിറ്റ് നടന്നുവരികയാണെന്നും ആറ്റിങ്ങലിലെ ഒരു കെഎസ്ആർടിസി ജീവനക്കാരന്റെ വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിനുള്ള മറുപടിയിൽ വ്യക്തമാക്കുന്നുണ്ട്. പൊതുഗതാഗതത്തിന്റെ നിലനിൽപ്പ് ഉറപ്പ് വരുത്തണമെന്നും കെഎസ്ആർടിസിയെ ആശ്രയിക്കുന്ന പൊതുജനത്തിന് ഗുണകരമായ രീതിയിൽ കെഎസ് ആർടിസിക്ക് പുതിയ വണ്ടികൾ വാങ്ങണമെന്നും എഫ്എഫ്ജെ ആവശ്യപ്പെട്ടു.
പ്രദീപ് ചാത്തന്നൂർ