വീടിന് മുന്നിൽതന്നെ ചിമ്മിനി നിർമിച്ചാലുള്ള അഭംഗിയൊഴിവാക്കുന്നതിനായി കണ്ടെത്തിയ ചൊട്ടുവിദ്യ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു.
വീടിന്റെ ടെറസിൽ നിർമിച്ച കാറാണ് നിർമാണ വൈദഗ്ധ്യത്താൽ ശ്രദ്ധേയവും കൗതുക കാഴ്ചയുമാകുന്നത്. പയ്യന്നൂർ മന്പലം ജംഗ്ഷനിൽ പ്രസൂണ്‍ മൈത്രി നിർമിച്ച പുതിയ വീടിന്റെ ടെറസിലാണ് ഈ മാരുതി സ്വിഫ്റ്റ് കാറുള്ളത്.
വാഹനങ്ങൾ കെട്ടിടത്തിന് മുകളിലേക്ക് ഓടിച്ചു കയറ്റി പാർക്ക് ചെയ്യാനുള്ള സൗകര്യങ്ങൾ പലയിടങ്ങളിലുമുണ്ട്.
അത്തരത്തിലുള്ള സൗകര്യമാണ് പ്രസൂണ്‍ തന്റെ പുതിയ വീട്ടിലൊരുക്കിയതെന്ന് കരുതിയാൽ തെറ്റി. ഇതിന്റെ കൗതുക വിശേഷങ്ങൾ പ്രസൂണ്‍ തന്നെ പങ്കുവയ്ക്കുകയാണ്.
ചിമ്മിനി തന്ന പണി
കഴിഞ്ഞ മാർച്ച് 31നാണ് കാസർഗോഡ് എആർ ക്യാന്പിലെ പ്രസൂണിന്റെ വീടിന്റെ ഗൃഹപ്രവേശനം നടന്നത്. വീടിന്റെ മുന്നിൽത്തന്നെയാണ് അടുക്കള ഉള്ളത്. അടുക്കളയിലെ പുകയില്ലാത്ത അടുപ്പിൽനിന്നുള്ള പുക പുറത്തേക്ക് പോകുന്നതിന് പൈപ്പ് സ്ഥാപിച്ചിരുന്നു.
എന്നാൽ ഇതിലൂടെ പൂർണമായും പുക പുറത്തേക്ക് പോകില്ലെന്ന് മനസിലായപ്പോൾ ചിമ്മിനി നിർമിക്കേണ്ടതായി വന്നു. വീടിന്റെ മുന്നിൽത്തന്നെ ചിമ്മിനി വന്നാലുള്ള അഭംഗിയൊഴിവാക്കുന്നതിനുള്ള ചർച്ചകൾക്കൊടുവിൽ കണ്ടെത്തിയതാണ് കാറിന്റെ മാതൃക.
സ്വിഫ്റ്റ് കാർ തന്നെ
രണ്ടുവർഷത്തോളം പോലീസ് വാഹനമോടിച്ചിരുന്ന പ്രസൂണിന് പോലീസ് എന്നെഴുതി ബീക്കണ്‍ ലൈറ്റും പിടിപ്പിച്ച ബൊലീറോ ആയിരുന്നു മനസിൽ. ഇതിൽ നിയമ പ്രശ്നമുണ്ടാകാൻ ഇടയുണ്ടെന്ന് മനസിലായപ്പോഴാണ് സ്വിഫ്റ്റ് കാറിലേക്ക് തിരിഞ്ഞത്.
കാറിനുള്ളിൽ ചിമ്മിനി വരുന്ന രീതിയിലുള്ള ഇതിന്റെ നിർമാണം പയ്യന്നൂരന്പലത്തിന് സമീപത്തെ പി.വി.രാജീവൻ ശിൽപിയേയാണ് ഏൽപ്പിച്ചത്. 12 അടി നീളത്തിലും ആറടി ഉയരത്തിലും അഞ്ചടി വീതിയിലും യഥാർഥ സ്വിഫ്റ്റ് കാറിന്റെ അളവിലായിരുന്നു നിർമാണം.
ചക്രങ്ങൾ തമ്മിലുള്ള അകലവും ഗ്ലാസുകളുടേയും ഇൻഡിക്കേറ്ററുകളുടേയും അളവുകളും അക്ഷരങ്ങളും കൃത്യമായ അനുപാതത്തിൽത്തന്നെ കാറിലുൾപ്പെടുത്താൻ ശിൽപ്പിക്കായി.
കന്പികെട്ടി കോണ്‍ക്രീറ്റ് ചെയ്ത് അതിനുമുകളിൽ കാറിന്റെ ബോഡിയിലെ ഒടിവുകളും വളവുകളും കൃത്യതയോടെ തേച്ചുപിടിപ്പിച്ച് മിനുക്കിയെടുക്കുകയായിരുന്നു.
പുക പുറത്തേക്ക്
അരലക്ഷം രൂപയുടെ അസംസ്കൃത വസ്തുക്കളാണ് ഇതിനായി ഉപയോഗിച്ചത്. കൂലിയും മറ്റു ചെലവുകളുമുൾപ്പെടെ ഒന്നരലക്ഷം രൂപയാണ് പുരപ്പുറത്തെ കാറിനായി ചെലവായത്.
ടെറസിനും കാറിന്റെ ചക്രങ്ങളക്കുമിടയിലൂടെയാണ് ആരുടേയും ശ്രദ്ധയിൽപെടാത്തവിധം പുക പുറത്തേക്ക് പോകുന്നത്.
ഒന്നരലക്ഷം രൂപ ചെലവായെങ്കിലും കാറിനുള്ളിൽ ചിമ്മിനിയൊളിപ്പിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് പ്രസൂണും പരിയാരം മെഡിക്കൽ കോളജിലെ ടെക്നീഷനുമായ ഭാര്യ നീതുവും.
കാറിന്റെ അവസാനഘട്ട മിനുക്കുപണികൾ ബാക്കിനിൽക്കേ പുരപ്പുറത്തെ കാർ സമൂഹ മാധ്യമങ്ങളിൽ വൈറലായതിന്റെ സന്തോഷവും ഇവർക്കുണ്ട്.