ഓണ്‍ലൈൻ ഫുഡ് ഡെലിവറി കന്പനിയായ സ്വിഗ്ഗിയിലൂടെ ഈവർഷം ഏറ്റവും കൂടുതൽ ഓർഡർ ചെയ്ത ഭക്ഷണം ഏതെന്ന് അറിയണോ? സാക്ഷാൽ ബിരിയാണി. ഓരോ മിനിറ്റിലും 158 ബിരിയാണി ഓർഡറുകളാണ് സ്വിഗ്ഗിയില്‍ വന്നത്. 83 മില്യണ്‍ ബിരിയാണി ഈവർഷം ഇതുവരെ വിതരണംചെയ്തു. ദോശയ്ക്കാണ് രണ്ടാം സ്ഥാനം. 23 മില്യണ്‍ ഓർഡറുകൾ ദോശയ്ക്ക് ലഭിച്ചു. സ്നാക്സ് വിഭാഗത്തില്‍ ചിക്കൻ റോള്‍ ആണ് ഒന്നാം സ്ഥാനത്ത്.
സ്വിഗ്ഗി പുറത്തുവിട്ട 2024ലെ ഭക്ഷണവിതരണ കണക്കുകളിലാണ് ഈ വിവരങ്ങളുള്ളത്. കൗതുകകരമായ വേറെയും വിവരങ്ങൾ കണക്കുകളിലുണ്ട്. ഇഷ്ടഭക്ഷണമായ പാസ്ത കഴിക്കാൻ കന്നഡക്കാരനായ യുവാവ് ഈവർഷം ചെലവഴിച്ചത് 49,900 രൂപയാണ്. ഡല്‍ഹിയിലെ ഉപഭോക്താവ് ഒറ്റ ഓർഡറില്‍ 250 പിസ ആവശ്യപ്പെട്ടതാണ് ഈ വർഷത്തെ സ്വിഗ്ഗിയുടെ റിക്കാർഡ് ഓർഡർ.
രാത്രിഭക്ഷണമാണ് സ്വിഗ്ഗിയിലൂടെ ഏറ്റവും കൂടുതൽ ഓർഡർ ചെയ്യപ്പെട്ടതെന്നും കണക്കുകളിൽനിന്നു വ്യക്തമാകുന്നു. ഉച്ചഭക്ഷണത്തേക്കാളും 29 ശതമാനത്തിലധികമാണു രാത്രിഭക്ഷണത്തിന്റെ ഓർഡർ. ഡല്‍ഹിക്കാർക്ക് കോള്‍ ബട്ടൂരയും ചണ്ഡീഗഡ്കാർക്ക് ആലു പൊറോട്ടയും കോല്ക്കത്തക്കാർക്കു കച്ചോറിയുമാണു കൂടുതല്‍ ഇഷ്ടം.