ആവശ്യഘട്ടങ്ങളിൽ സഹായിക്കുന്നവരോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. നമ്മൾ ഒരിക്കലും പ്രതീക്ഷിക്കാത്തവരിൽ നിന്നാകും ചിലപ്പോൾ സഹായങ്ങൾ ലഭിക്കുന്നത്. അത്തരത്തിലൊരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
ആർത്തവ സമയത്ത് നിരവധി സ്ത്രീകളാണ് വയറുവേദന കാരണം കഷ്ടപ്പെടുന്നത്. ചിലർക്ക് അസഹ്യനീയമായ വേദന കാരണം ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയാവും ഉണ്ടാവുക. അത്തരത്തിലുള്ള സാഹചര്യത്തിൽ തനിക്ക് ഉണ്ടായ മറക്കാൻ കഴിയാത്ത അനുഭവത്തെ കുറിച്ച് എക്സിൽ പോസ്റ്റിട്ടിരിക്കുകയാണ് റാഞ്ചിയിൽ നിന്നുള്ള നന്ദിനി ടാങ്ക് എന്ന യുവതി.
തനിക്ക് ആർത്തവമായിരുന്ന സമയത്ത് സഹിക്കാനാവാത്ത വയറുവേദനയായിരുന്നു. അതിനാൽ മരുന്ന് വാങ്ങാൻ പോലും സാധിച്ചില്ല എന്നാണ് യുവതി പറയുന്നത്. അങ്ങനെ താൻ സ്വിഗിയിൽ ഭക്ഷണം ഓർഡർ ചെയ്തു. ഇതിനൊപ്പം ഡെലിവറി ബോയിയോട് മരുന്ന് വാങ്ങുമോ എന്നും ചോദിച്ചു.
അയാൾ വളരെ നല്ല ഒരാളായിരുന്നു. മരുന്ന് വാങ്ങിക്കൊണ്ടു വന്നു എന്നാണ് നന്ദിനി എക്സിൽ കുറിച്ചിരിക്കുന്നത്. ഒപ്പം അയാൾ വാങ്ങിയ മരുന്നിന്റെ ചിത്രവും (Meftal-Spas) പോസ്റ്റിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.
പോസ്റ്റ് വൈറലായതിന് പിന്നാലെ ഡെലിവറി ഏജന്റിന്റെ നല്ല മനസിനെ പുകഴ്ത്തി പലരും കമന്റുകളുമായെത്തി. എന്നാൽ ചിലർ യുവതി വാങ്ങിയ മരുന്നിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് പറയുകയും ചെയ്തു.