കൊച്ചി: സംസ്ഥാനത്തെ കോസ്റ്റല്‍ പോലീസുകാര്‍ ഇനി കൂടുതല്‍ സ്മാര്‍ട്ടാകും. കോസ്റ്റല്‍ പോലീസ് ഉദ്യോഗസ്ഥരെ കടലില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് പ്രാപ്തരാക്കുന്നതിന്റെ ഭാഗമായുളള നീന്തല്‍ പരീക്ഷയ്ക്ക് തുടക്കമായി. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുളള തീര സുരക്ഷയുടെ ഭാഗമായി 18 കോസ്റ്റല്‍ പോലീസ് സ്റ്റേഷനുകളാണ് സംസ്ഥാനത്ത് ഉള്ളത്.
ഇവിടെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് നീന്തല്‍ പരീക്ഷ നടത്തുന്നത്. ഇതില്‍ ഒമ്പതോളം കോസ്റ്റല്‍ സ്റ്റേഷനുകളിലെ പോലീസുകാരുടെ നീന്തല്‍ പരീക്ഷയ്ക്ക് തുടക്കമമായി. ഫോര്‍ട്ടുകൊച്ചി കോസ്റ്റല്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ ദ്വിദിന നീന്തല്‍ പരീക്ഷ ഇന്ന് തീരും.
കോസ്റ്റല്‍ പോലീസ് ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തന മികവ് മെച്ചപ്പെടുത്തുന്നതിനായി സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തിലുള്ള പരീക്ഷ നടത്തി പരിശീലനം നല്‍കുന്നത്. നീന്തല്‍ പരീക്ഷയ്ക്ക് മൂന്ന് കാറ്റഗറിയുണ്ട്.
രണ്ടു മിനിറ്റില്‍ 50 മീറ്റര്‍ നീന്തി കടന്നാല്‍ സാറ്റിസ്ഫാക്ടറി ക്രൈറ്റീരിയ, 80 സെക്കന്‍ഡിനുള്ളില്‍ 60 മീറ്റര്‍ നീന്തിയാല്‍ ഗുഡ് ക്രൈറ്റീരിയ, നീന്തിയെത്താനെടുക്കുന്ന സമയം 60 സെക്കന്‍ഡില്‍ താഴെയാണെങ്കില്‍ എക്സലന്‍സ് ക്രൈറ്റീരിയ എന്നിങ്ങനെയാണ് നീന്തല്‍ ടെസ്റ്റ് തരംതിരിച്ചിരിക്കുന്നത്. 18 കോസ്റ്റല്‍ പോലീസ് സ്റ്റേഷനുകളിലെയും പോലീസുകാരുടെ നീന്തല്‍ ടെസ്റ്റ് പൂര്‍ത്തിയാകുന്ന മുറയ്ക്ക് വിജയികളുടെയും പരിശീലനം നല്‍കേണ്ടവരുടെയും ലിസ്റ്റ് തയാറാക്കും.
പരീക്ഷയില്‍ വിജയിച്ചവര്‍ക്ക് കടലില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനായി സ്കൂബ ഡൈവിംഗ് പരിശീലനവും കടലില്‍ നീന്തുന്നതിനുള്ള പരിശീലനവും നല്‍കും. പരീക്ഷയില്‍ വിജയിക്കാത്തവര്‍ക്ക് തുടര്‍ന്ന് അതാതത് ജില്ലകളില്‍ ഒരു മണിക്കൂര്‍ നീന്തല്‍ പരിശീലനം നല്കിയ ശേഷം ഒരു മാസത്തിനകം വീണ്ടും ടെസ്റ്റ് നടത്തും.
സംസ്ഥാനത്ത് 580 കോസ്റ്റല്‍ പോലീസ് ഉദ്യോഗസ്ഥരാണുള്ളത്. ഇതില്‍ ഈ വര്‍ഷം സര്‍വീസില്‍ നിന്ന് വിരമിക്കുന്നവരെയും കാന്‍സര്‍ പോലുള്ള ഗുരുതര രോഗമുള്ളവരെയും നീന്തല്‍ പരീക്ഷയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് കോസ്റ്റല്‍ പോലീസ് അഡീഷണല്‍ ഇന്‍സ്പെക്ടര്‍ ജനറല്‍ ജി.പൂങ്കുഴലി പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കടലിനോട് ഭയം ഉണ്ടാകാന്‍ പാടില്ല. നീന്തല്‍ അറിയില്ലെന്ന കാരണത്താല്‍ ആരെയും പുറത്താക്കില്ല.
നീന്തല്‍ എന്ന ലൈഫ് സ്കില്‍ കൂടിയാണ് അവരെ പഠിപ്പിക്കുന്നത്. രണ്ടു മാസം മുമ്പ് മുഴുവന്‍ കോസ്റ്റല്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കും ഫയര്‍ ഫോഴ്സിന്റെ സഹായത്തോടെ ഫസ്റ്റ് എയ്ഡ് പരിശീലനം നല്‍കിയെന്നും എഐജി ജി. പൂങ്കുഴലി പറഞ്ഞു.
തിരുവനന്തപുരം ജില്ലയിലെ പൂവാര്‍, വിഴിഞ്ഞം, അഞ്ചുതെങ്ങ്, കൊല്ലം ജില്ലയിലെ നീണ്ടകര, ആലപ്പുഴ ജില്ലയിലെ തോട്ടപ്പള്ളി, അര്‍ത്തുങ്കല്‍, എറണാകുളം ജില്ലയിലെ ഫോര്‍ട്ടുകൊച്ചി, തൃശൂര്‍ ജില്ലയിലെ അഴീക്കോട്, മനക്കക്കടവ്, മലപ്പുറം ജില്ലയിലെ പൊന്നാനി, കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍, ഏലത്തൂര്‍, വടകര, കണ്ണൂര്‍ ജില്ലയിലെ അഴീക്കല്‍, തലശേരി, കാസര്‍ഗോഡ് ജില്ലയിലെ തൃക്കരിപ്പൂര്‍, ബേക്കല്‍, കുമ്പള എന്നിവിടങ്ങളിലാണ് കോസ്റ്റല്‍ പോലീസ് സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്നത്.
കേരള തീരത്തു നിന്ന് 12 നോട്ടിക്കല്‍ മൈല്‍ വരെയുള്ള കോസ്റ്റല്‍ പോലീസ് സ്റ്റേഷനുകളുടെ പരിധി. ആ മേഖലയിലുള്ള കുറ്റകൃത്യങ്ങളും മത്സ്യബന്ധനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുമാണ് കോസ്റ്റല്‍ പോലീസ് കൈകാര്യം ചെയ്യുന്നത്. കടല്‍ക്ഷോഭത്തില്‍പ്പെട്ട് കടലില്‍ അകപ്പെട്ട മത്സ്യത്തൊഴിലാളികളും തിരയില്‍പ്പെട്ട വിനോദസഞ്ചാരികളും ഉള്‍പ്പെടെ നിരവധി പേരെ ഇതിനകം കോസ്റ്റല്‍ പോലീസ് രക്ഷിച്ചിട്ടുണ്ട്.
സീമ മോഹന്‍ലാല്‍