കണ്ണൂർ: ഏച്ചൂർ പന്നിയോട്ട് കരിയിൽ ഇന്നലെ അച്ഛനും മകനും കുളത്തിൽ മുങ്ങിമരിച്ചത് പ്ലസ് വൺ പ്രവേശനത്തിന് ഗ്രേസ് മാർക്ക് ലഭിക്കാൻ നീന്തൽ പഠിക്കുന്നതിനിടെയെന്നു സൂചന.
പ്ലസ് വൺ പ്രവേശനത്തിന് ഗ്രേസ് മാർക്ക് ലഭിക്കാൻ നീന്തല്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമായി വന്നതിനെ തുടര്‍ന്നാണ് മകനെ തറവാട് വീടിനടുത്തുള്ള കുളത്തിൽ ഷാജി നീന്തൽ പഠിപ്പിച്ചിരുന്നത്.
നീന്തൽ സർട്ടിഫിക്കറ്റുള്ളവർക്ക് രണ്ടു മാർക്കാണ് ഗ്രേസ് മാർക്കായി ലഭിക്കുക. എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും ജ്യോതിരാദിത്യയ്ക്ക് എപ്ലസ് ലഭിച്ചിരുന്നു.
ഇരുവർക്കും നീന്തൽ അറിയില്ലായിരുന്നു. നാട്ടുകാരനായ ഒരാളാണ് രണ്ടാഴ്ചയായി കുട്ടിയെ നീന്തൽ പഠിപ്പിച്ചിരുന്നത്. എന്നാൽ, ഇന്നലെ അദ്ദേഹം എത്തിയിരുന്നില്ല. അതിനാൽ ഷാജിയും മകനും തനിച്ചാണ് കുളത്തിലെത്തിയത്.
അതേസമയം, പ്ലസ് വൺ പ്രവേശനത്തിന് ഗ്രേസ് മാർക്ക് കിട്ടാനായി നീന്തൽ സാക്ഷ്യപത്രത്തിനായി നെട്ടോട്ടമോടുകയാണ് വിദ്യാർഥികളും രക്ഷിതാക്കളും.
നീന്തൽ അറിയാത്ത വിദ്യാർഥികളെ നീന്തൽ പഠിപ്പിക്കുന്ന തിരക്കിലാണ് രക്ഷിതാക്കൾ. ഈ സാഹചര്യത്തിൽ അപകടങ്ങൾ കൂടാൻ സാധ്യതയേറെയാണ്.
കോവിഡിനെ തുടർന്ന് കഴിഞ്ഞ രണ്ടു വർഷങ്ങളിൽ വിദ്യാർഥികൾ താമസിക്കുന്ന സ്ഥലത്തെ പഞ്ചായത്ത് പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും ഒപ്പോടുകൂടിയ കടലാസ് മതിയായിരുന്നു നീന്തലിന്റെ ഗ്രേസ് മാർക്ക് ലഭിക്കാൻ.
അതേസമയം, ഇത്തവണ എസ്എസ്എല്‍സി ഫലം വന്ന് ആഴ്ചകൾ പിന്നിട്ടിട്ടും നീന്തലിൽ ഗ്രേസ് മാർക്ക് വേണമോയെന്ന കാര്യത്തിൽ ഇനിയും തീരുമാനമാകാത്തതിനാൽ വിദ്യാർഥികളും രക്ഷിതാക്കളും ആശങ്കയിലാണ്.
രക്ഷിതാക്കളുടെ നിർബന്ധത്തിനു വഴങ്ങി നിരവധി വിദ്യാർഥികളാണ് നീന്തൽ പഠിച്ച് ബോണസ് മാർക്കിനായി കാത്തിരിക്കുന്നത്.
വിദ്യാര്‍ഥികളില്‍ പലര്‍ക്കും തദ്ദേശസ്ഥാപനങ്ങളിലെ സാക്ഷ്യപത്രവുമായി ദിവസേന ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫീസില്‍ കയറിയിറങ്ങേണ്ട സ്ഥിതിയാണ്.