ആറു വർഷം മുന്പ് മാർട്ടിൻ ഹോബ്സ് എന്ന ആഫ്രിക്കക്കാരന് ഒരു കിലോമീറ്റർ നീന്തുന്നതിനെപ്പറ്റി ചിന്തിക്കാൻ പോലും കഴിയുമായിരുന്നില്ല. എന്നാൽ കഴിഞ്ഞ ആഴ്ച തുടർച്ചയായ 54 ദിവസംകൊണ്ട് 581 കിലോമീറ്റർ നീന്തി രണ്ടു ലോക റിക്കാർഡുകൾ കുറിച്ചിരിക്കുകയാണ് മാർട്ടിൻ ഹോബ്സ്.
ഒരു തടാകത്തിലൂടെ തനിച്ച് ഏറ്റവും കൂടുതൽ ദൂരം നീന്തിയ വ്യക്തി, ആഫ്രിക്കയിലെ മലാവി തടാകം തനിച്ച് നീന്തിക്കടന്ന വ്യക്തി എന്നീ റിക്കാർഡുകളാണ് ഈ നാൽപ്പത്തഞ്ചുകാരൻ സ്വന്തം പേരിലാക്കിയത്.
പണ്ടുതൊട്ടേ കായികമേഖലകളോടായിരുന്നു മാർട്ടിന് താത്പര്യം. ഒരു ബൈക്ക് റൈഡറായിട്ടാണ് അദ്ദേഹം തന്റെ കരിയർ തുടങ്ങിയത്. എന്നാൽ നട്ടെല്ലിന് പരിക്കേറ്റതോടെ അദ്ദേഹത്തിന് ബൈക്കോടിക്കാൻ കഴിയാതെയായി. അതോടെയാണ് നീന്തലിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചുതുടങ്ങിയത്. മരിക്കുന്നതിനുമുന്പ് എന്തെങ്കിലുമൊക്കെ ലോകറിക്കാർഡുകൾ തന്റെ പേരിൽ കുറിക്കണമെന്ന് അദ്ദേഹം ഉറപ്പിച്ചിരുന്നു.
ആഫ്രിക്കയിലെ മൂന്നാമത്തെ നീളം കൂടിയ നദിയാണ് മലാവി. ധാരാളം മുതലകളുള്ള ഈ തടാകത്തിലൂടെയുള്ള നീന്തൽ തികച്ചും സാഹസികമായിരുന്നു. നീന്തലിനിടയിൽ ഇടയ്ക്കിടെ കൂടെ വന്നുകൊണ്ടിരുന്ന കപ്പലിൽ കയറി ഭക്ഷണം കഴിച്ചിരുന്നു. രാത്രിയിലെ നീന്തൽ പരമാവധി ഒഴിവാക്കിയിരുന്നു.