വടക്കാഞ്ചേരി: ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ വാഴാനിയിൽ വർഷങ്ങൾക്കു മുന്പ് നിർമാണം പൂർത്തിയാക്കിയ സ്വിമ്മിംഗ് പൂൾ ഇപ്പോൾ വിനോദ സഞ്ചാരികളുടെമാലിന്യ തൊട്ടിയായി മാറി. എ.സി.മൊയ്തീൻ വടക്കാഞ്ചേരി എംഎൽഎയായിരിക്കെയാണ് അരകോടി രൂപയോളം ചെലവഴിച്ച് ഡാമിൽ സ്വിമ്മിംഗ് പൂൾ നിർമിച്ചത്.
എന്നാൽ നിയമാനുസൃതമായി ആറടി താഴ്ചയാണ് കുളത്തിന് വേണ്ടത്. ജെസിബി ഉപയോഗിച്ച് കുളം താഴ്ത്താൻ തുടങ്ങിയതോടെ കുഴിയിൽ കളിമണ്ണ് കണ്ടതിനെ തുടർന്ന് സ്വിമ്മിംഗ് പൂൾ നിർമാണം ഉദ്യോഗസ്ഥരും നിർമാണം ഏൽപ്പിച്ചവരും മറന്നു പോകുകയായിരുന്നു.
എല്ലാം കഴിഞ്ഞ് നോക്കുന്പോൾ സ്വിമ്മിംഗ് പൂളിന്റെ താഴ്ച പത്ത് മീറ്റർ കഴിഞ്ഞിരുന്നു. ഇതോടെ കുളത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് കളിമണ്ണ് വിറ്റ് സമീപത്തെ ചില നേതാക്കൾ കോടിശ്വരൻമാരായിമാറി. തുടർന്ന് കുളിയ്ക്കാനായി ഉണ്ടാക്കിയ കുളത്തിൽ മീൻ വളർത്താൻ തുടങ്ങി.
പിന്നീട് 2010 – 15 വർഷത്തിൽ തെക്കുംകര പഞ്ചായത്തിൽ സുനിൽ ജേയ്ക്കബിന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് ഭരണസമിതി അധികാരത്തി 2014 ലെ ഓണാഘോഷങ്ങളുടെ ഭാഗമായി കുളത്തിൽ സഞ്ചാരികളെ ആകർഷിക്കാൻ ഫൈബർ ബോട്ട് ഇറക്കിയെങ്കിലും സമീപത്തെ ചില നേതാക്കളുടെ ഇടപ്പെടലിനെ തുടർന്ന് ബോട്ട് സവാരി നിരോധിക്കുകയും ചെയ്തു.
വാഴാനി ഡാം മൈനർ ഇറിഗേഷന്റെ കൈവശമാണെങ്കിലും പൂർണാധികാരം തെക്കുംകര പഞ്ചായത്തിനാണ്. വാഴാനി ഡാം കാണാൻ എത്തുന്നവർ കഴിക്കുന്ന ഭക്ഷണ സാധനങ്ങളുടെ അവശിഷ്ടം വലിച്ചെറിയുന്ന മാലിന്യ തൊട്ടിയായി ഇപ്പോൾ സ്വിമ്മിംഗ് പൂൾ മാറി കഴിഞ്ഞു.
ഡാമിലെത്തുന്ന വിനോദ സഞ്ചാരികൾ കുളത്തിനു സമീപത്തേക്ക് കടക്കാതിരിക്കാൻ കുളത്തിന്റെ ചുറ്റും ഇപ്പോൾ കയർ കെട്ടുകയും അപകടമേഖലയുടെ ബോർഡും അധികൃതർ സ്ഥാപിച്ചിട്ടുണ്ട്.