മേപ്പാടി(വയനാട്): വയനാട്ടിലെ മേപ്പാടിയിൽ റിസോർട്ടിലെ സ്വിമ്മിംഗ് പൂളിൽ എംബിബിഎസ് വിദ്യാർഥി ഷോക്കേറ്റു മരിച്ച സംഭവത്തിൽ റിസോർട്ട് നടത്തിപ്പുകാരിൽ ഒരാളെ മേപ്പാടി പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട്, താമരശേരി ചുണ്ടകുന്നുമ്മൽ സി.കെ. ഷറഫുദ്ദീനെ(32)യാണ് അറസ്റ്റ് ചെയ്തത്. മനഃപൂർവമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. സംഭവത്തിൽ കൂടുതൽ പേർ പിടിയിലാകുമെന്ന് പോലീസ് അറിയിച്ചു.
കഴിഞ്ഞ മാർച്ച് 24നു രാത്രിയോടെയാണ് ദിണ്ടിഗൽ, മെഡിക്കൽ കോളജിലെ വിദ്യാർഥിയായ ബാലാജി(21) റിസോര്‍ട്ടില്‍ ഷോക്കേറ്റ് മരിച്ചത്. തുടർന്ന്, പോലീസ് നടത്തിയ ശാസ്ത്രീയവും കൃത്യവുമായ അന്വേഷണത്തിലാണ് ബാലാജിയുടെ മരണത്തിൽ റിസോർട്ട് ജീവനക്കാർക്കുണ്ടായ കുറ്റകരമായ അലംഭാവവും ഉത്തരവാദിത്വമില്ലായ്മയും തെളിഞ്ഞത്.
സംഭവം നടന്നയുടൻ മേപ്പാടി പോലീസ് റിസോട്ട് സീൽ ചെയ്ത് ബന്തവസിലാക്കിയിരുന്നു. തുടർന്ന്, ഇലക്ട്രിക്കൽ ഇൻസ്പെക്ടറും ഫോറൻസിക് വിദഗ്ധരും കെഎസ്ഇബിയും പരിശോധിച്ച് പോലീസിന് റിപ്പോർട്ട് നൽകി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൃത്യമായ അന്വേഷണം നടത്തി, കൂടുതൽ വിവരങ്ങൾ കണ്ടെത്തി.
റിസോർട്ടിൽ വയറിംഗ് നടത്തിയയാളെ ചോദ്യം ചെയ്തതിൽനിന്നാണ് നിർണായക വിവരങ്ങൾ കണ്ടെത്തിയത്. അപകടത്തിനു തലേദിവസം ഇയാളും ഷറഫുദീനും നടത്തിയ വാട്സാപ്പ് സന്ദേശങ്ങൾ വീണ്ടെടുത്ത് നടത്തിയ അന്വേഷണത്തിലാണ് ഷറഫുദീന്‍ വൈദ്യുതിത്തകരാറിനെക്കുറിച്ച് മുൻകൂട്ടി ബോധ്യമുള്ളതായും, അത് ഉപയോഗിക്കരുതെന്ന വയറിംഗുകാരന്റെ നിർദേശം അവഗണിച്ചതായും പോലീസിന് വ്യക്തമായത്.
പൂളിനു സമീപമുള്ള വൈദ്യുതിത്തകരാർ മുൻകൂട്ടി അറിഞ്ഞിട്ടും, തകരാർ പരിഹരിക്കാതെ വിദ്യാർഥികൾക്ക് പൂളിലേക്ക് പ്രവേശനം നൽകിയതാണ് അപകടത്തിനു കാരണമായത്.മാർച്ച് 24നാണ് ബാലാജിയടക്കമുള്ള 12 മെഡിക്കൽ വിദ്യാർഥികൾ റിസോർട്ടിലെത്തിയത്.
രാത്രി ഏഴ് മണിയോടെ ബാലാജിയും സുഹൃത്തുക്കളും സ്വിമ്മിംഗ് പൂളിലിറങ്ങി. 7.20 ഓടെ ഭക്ഷണം ഓർഡർ ചെയ്യുന്നതിനായി പൂളിനു പുറത്തേക്ക് ഇറങ്ങുമ്പോഴാണ് സ്വിമ്മിംഗ് പൂളിന് ചുറ്റുമുള്ള ഇരുമ്പ് ഫെൻസിംഗിന്റെ മധ്യഭാഗത്തുള്ള ഗേറ്റിൽനിന്ന് ബാലാജിക്കും സുഹൃത്തുക്കൾക്കും ഷോക്കേൽക്കുകയും ബാലാജി മരിക്കുകയും ചെയ്തത്.