സ്വന്തം ലേഖകൻ
തൃശൂർ: അണിഞ്ഞൊരുങ്ങി സുന്ദരിയായ തൃശൂർ അക്വാട്ടിക് കോംപ്ലെക്സിനെ വീണ്ടും സുന്ദരിയാക്കാൻ കോടികളുടെ കിലുക്കം!!തൃശൂർ അക്വാട്ടിക് കോംപ്ലെക്സിനെ കൂടുതൽ നവീകരിക്കാൻ അഞ്ചു കോടി രൂപയാണ് കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ യോഗം അംഗീകാരം നൽകിയത്.ഇക്കഴിഞ്ഞ മെയ് മാസത്തിൽ നാലരക്കോടി രൂപയ്ക്ക് നവീകരണം നടത്തിയ അക്വാട്ടിക് കോംപ്ലെക്സിന് വീണ്ടും കോടികൾ അനുവദിച്ചതിലൂടെ കൂടുതൽ സൗകര്യങ്ങൾ ഇവിടെ സജ്ജമാക്കി ഇന്ത്യയിലെ മികച്ച അക്വാട്ടിക് കോംപ്ലെക്സുകളിലൊന്നാക്കി തൃശൂർ അക്വാട്ടിക് കോംപ്ലെക്സിനെ മാറ്റാനാകും.
ഈ വർഷം മേയിലാണ് നാലര കോടി ചിലവിട്ട് നവീകരണം പൂർത്തിയാക്കി അക്വാട്ടിക് കോപ്ലക്സിലെ നീന്തൽ കുളം ഉദ്ഘാടനം നടന്നത്. 32 വർഷം മുന്പ് പണിതതാണ് തൃശൂരിലെ നീന്തൽക്കുളം. ദേശീയമത്സരങ്ങൾക്കടക്കം വേദിയാകാൻ കഴിയുന്ന വിധത്തിലാണ് നവീകരണം പൂർത്തിയാക്കിയിട്ടുള്ളത്. അക്വാട്ടിക് കോംപ്ലക്സിന്റെ ഏറ്റവും മുകൾനിലയിലാണ് എട്ടു ട്രാക്കുകളും ഏഴടി താഴ്ചയുമുള്ള 50 മീറ്റർ നീന്തൽക്കുളവും 20 അടി താഴ്ചയുള്ള ഡൈവിംഗ് പൂളും. 4.33 കോടിരൂപ ചെലവിലായിരുന്നു നവീകരണം.
സ്പെയിനിൽനിന്ന് ഇറക്കുമതിചെയ്ത ശുദ്ധീകരണ പ്ലാന്റ് ഉപയോഗിച്ചാണ് നീന്തൽക്കുളം ശുദ്ധീകരിക്കുന്നത്. ഒളിന്പിക്സിലും ലോക ചാന്പ്യൻഷിപ്പിലുമടക്കം ഉപയോഗിക്കുന്ന ഓസോണേറ്റഡ് പ്ലാന്റാണ് ശുദ്ധീകരണത്തിന് ഉപയോഗിക്കുന്നത്.ഹോസ്റ്റൽ, ലൈബ്രറി, ജിംനേഷ്യം എന്നിവയടക്കം പൂർത്തിയാക്കിയിരുന്നു. കനത്ത മഴയിൽ അക്വാട്ടിക് കോംപ്ലക്സിന്റെ ചുറ്റുമതിൽ തകർന്നു തുടങ്ങിയിരുന്നു. അഞ്ച് കോടിയിൽ അക്വാട്ടിക് കോംപ്ലക്സിൽ വൻ വികസനമാണ് വരാനിരിക്കുന്നത്.
കായിക പരിശീലന കേന്ദ്രത്തോടു കൂടിയ രണ്ട് നില ഹോസ്റ്റൽ, നാല് കടകൾ ഉൾപ്പടെ നാലു നില കെട്ടിടം, കോംപ്ലെക്സിന്റെ പ്രധാന കെട്ടിടത്തിന്റെ മേൽക്കൂരയുടെ പ്ലാസ്റ്ററിംഗ്, ലേണിംഗ് പൂളിന്റെ മേൽക്കൂര പ്ലാസ്റ്ററിംഗ് എന്നിവയെല്ലാം ഇപ്പോൾ അനുവദിച്ച അഞ്ചുകോടികൊണ്ട് പൂർത്തിയാക്കാനാണ് പദ്ധതി. നേരത്തെ സമർപിച്ച ഈ പദ്ധതികൾ സർക്കാർ ഇപ്പോൾ അംഗീകരിക്കുകയായിരുന്നു.