
ബേണ്‍: ആഗോളതലത്തിൽ കോവിഡ്-19 കത്തിപ്പടരുമ്പോൾ മെഡിസിൻ കണ്ടുപിടിത്തങ്ങളുടെ, സന്പന്നതയുടെ നാടായ സ്വിറ്റ്സർലൻഡും ആശങ്കയിൽ.
പ്രതിസന്ധിയെ അഭിമുഖീകരിക്കുന്പോൾ മാത്രം മുഴങ്ങുന്ന പ്രസിദ്ധമായ മണി മുഴങ്ങി. കൊറോണയ്ക്കെതിരായ പോരാട്ടത്തിൽ ലോസേൻ ജനതയുടെ ഐക്യദാർഢ്യം സൂചിപ്പിക്കാനായിരുന്നു ഇപ്പോഴത്തെ മണിമുഴക്കം. അത് ഓരോ മണിക്കൂറിലും മുഴങ്ങും.
1518ൽ നിർമിച്ചതാണ് ഈ മണി. 3.4 ടണ്‍ ഭാരം, ഉരുക്കിലാണ് നിർമിതി. രാത്രിയിലും പകലും ഇപ്പോൾ നിരന്തരമായി മുഴങ്ങുന്ന മണിക്ക് ഒരു നൈറ്റ് വാച്ച്മാൻ കൂടിയുണ്ട്. കാരണം ഒാരോദിവസവും പെരുകുന്ന കോവിഡ് കേസുകൾ രാജ്യത്തെ ആശങ്കയിലേക്കു നയിച്ചിരിക്കുകയാണ്.
അച്ചടക്കത്തോടെ
അച്ചടക്കമുള്ള സ്വിസ് ജനത പരിഭ്രാന്തരല്ല. സാധനങ്ങൾ വാങ്ങിക്കൂട്ടുന്നില്ല. സർക്കാർ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ സ്വിസ് ജനത ഏറെക്കുറെ പൂർണമായി അനുസരിക്കുന്നു. കൊറോണ വൈറസിനെ നേരിടാൻ സ്വിറ്റ്സർലൻഡിൽ പ്രസിഡന്റ് സിമോണെറ്റ സൊമ്മാരുഗ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
യൂറോപ്പിലെ ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനവും ലോകാരോഗ്യ സംഘടനയും ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര സ്ഥാപനങ്ങളുടെ ആസ്ഥാനമായ ജനീവ നഗരത്തിൽ വീടിനകത്തോ പുറത്തോ അഞ്ചിലധികം ആളുകളുടെ ഇതര സമ്മേളനങ്ങൾ നിരോധിച്ചു.പൊതുസ്വകാര്യ പരിപാടികളെല്ലാം നിരോധിച്ചു. സ്കൂളുകൾ ഏപ്രിൽ നാലു വരെ അടച്ചു.
ഫെബ്രുവരി 25 നാണ് കൊറോണ വൈറസ് സ്വിറ്റ്സർലൻഡിൽ വ്യാപിച്ചതായി സ്ഥിരീകരിച്ചത്. അതേസമയം, തന്നെ ഇറ്റലിയിലും കോവിഡ് ബാധ തുടങ്ങിയെന്നു സ്ഥിരീകരിച്ചിരുന്നു.
ഇറ്റലിയുടെ അതിർത്തിയിലുള്ള സ്വിസിലെ ടിസിനോ(ഭാഷ ഇറ്റാലിയൻ) കന്റോണിലെ 70കാരനായ ഒരാൾക്ക് രോഗം പോസിറ്റീവാണെന്നു കണ്ടെത്തി. ഇയാൾ മുന്‍പ് മിലാൻ സന്ദർശിച്ചിരുന്നു.
അതിനു ശേഷം, ഇറ്റലി ക്ലസ്റ്ററുകളുമായി ബന്ധപ്പെട്ട ഒന്നിലധികം കേസുകൾ ബാസൽ സിറ്റി, സൂറിച്ച്, ഗ്രൗബുണ്ടൻ എന്നിവയുൾപ്പെടെ ഒന്നിലധികം കന്റോണുകളിൽ കണ്ടെത്തി. എന്നാൽ, ഇറ്റലി ക്ലസ്റ്ററുകളുമായി ബന്ധമില്ലാത്ത ഒറ്റപ്പെട്ട ഒന്നിലധികം കേസുകളും പിന്നീട് സ്ഥിരീകരിച്ചു.
റിസർവ് സേന
പുറത്തു നടക്കാനോ ഓടാനോ പോകുന്നതിനു നിരോധനമില്ലെങ്കിലും നിയന്ത്രണം ഏർപ്പെടുത്തി. കുട്ടികൾ ഒരുമിച്ചു കളിക്കാനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
അഞ്ചു കുട്ടികളിൽ കൂടുതലുള്ള സംഘങ്ങളെ ഒരുമിച്ചു ചേരാൻ അനുവദിക്കരുതെന്നാണു നിർദേശം. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് അയ്യായിരം ഫ്രാങ്ക് പിഴ ടിസിനോ പ്രാദേശിക ഭരണകൂടം പ്രഖ്യാപിച്ചു. രണ്ടാം ലോകയുദ്ധത്തിനു ശേഷം ആദ്യമായി സ്വിറ്റ്സർലൻഡ് ആർമി റിസർവേ സേനയെ വിളിച്ചു ചേർക്കുന്നു.
കൊറോണ വൈറസ് ബാധ പടരുന്പോൾ ആശുപത്രികൾ നേരിടുന്ന സമ്മർദം ലഘൂകരിക്കുന്നതിനാണു നടപടി. എണ്ണായിരം പേരെ നൽകാമെന്നാണു സർക്കാരിനു സൈന്യം നൽകിയിരിക്കുന്ന വാഗ്ദാനം.
ഇറ്റലിയുടെ വടക്കൻ പ്രദേശവുമായി ചേർന്നു കിടക്കുന്ന രാജ്യം എന്നതാണ് രോഗം പെട്ടെന്നു വ്യാപിക്കാൻ കാരണമെന്ന വിലയിരുത്തലുണ്ട്.
ഏതായാലും രാജ്യത്തിന്റെ അതിർത്തികൾ അടച്ചിടാൻ ഒടുവിൽ സർക്കാർ തീരുമാനിച്ചു കഴിഞ്ഞു. ഇറ്റലിയുടെ അതിർത്തിയോടു ചേർന്നു കിടക്കുന്ന ടിസിനോയിലാണ് രോഗം ഏറ്റവും രൂക്ഷമായിരിക്കുന്നത്. ഇന്നലെ വരെ ഏകദേശം 17,000 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ജോസ് കുന്പിളുവേലിൽ