ആലുവ: പുഴയിൽ മുങ്ങിത്താഴുന്ന സഹപാഠിയെ നിസഹായതോടെ നോക്കി നിൽക്കേണ്ടിവന്ന ബിരുദ വിദ്യാർഥികൾ പ്രായശ്ചിത്തം ചെയ്തത് പത്തുനാളുകൊണ്ട് നീന്തൽ വശത്താക്കി പെരിയാർ നീന്തിക്കടന്ന്.
ആലുവ യുസി കോളജിലെ ഒന്നാംവർഷ മലയാളം വിദ്യാർഥിനിയായിരുന്ന എടത്തല ചൂണ്ടി തെക്കേക്കര നഗറിൽ തയ്യാത്താഴത്ത് ശിവന്റെ മകൾ മിഥുന (21) യുടെ സ്മരണാർഥമാണ് സഹപാഠികളായ ഷൈനി തോമസ്, കെ. അഞ്ജു, ആർ. ദിവ്യ, ശ്രുതി ബാബു, കെ.എസ്. ഐശ്വര്യ, മെബിൻ സെബാസ്റ്റ്യൻ എന്നിവർ പെരിയാർ നീന്തിക്കടന്നത്. ഇന്നലെ രാവിലെയാണ് ആലുവ കൊട്ടാരക്കടവിൽനിന്നു മണപ്പുറത്തേക്കും തിരിച്ചും അഞ്ച് പെൺകുട്ടികളും ഒരു ആൺകുട്ടിയുമടങ്ങുന്ന സംഘം നീന്തിയത്.
മിഥുന കഴിഞ്ഞ ഫെബ്രുവരി 11 ന് കോളജിന് സമീപമുള്ള കടവിൽ മുഖം കഴുകാൻ ഇറങ്ങിയപ്പോൾ മുങ്ങി മരിക്കുകയായിരുന്നു. കൂടെ സഹപാഠികൾ ഉണ്ടായിരുന്നെങ്കിലും നീന്തൽ അറിയാത്തതിനാൽ ആർക്കും രക്ഷപ്പെടുത്താനായില്ല. ഇതേത്തുടർന്നുണ്ടായ മനോവിഷമത്തിലാണ് കോളജിലെ കായികാധ്യാപിക ബിന്ദു മുൻകൈയെടുത്ത് കുട്ടികളെ നീന്തൽ പഠിപ്പിക്കുന്നതിന് ശ്രമമാരംഭിച്ചത്.
അടുത്ത അധ്യായന വർഷങ്ങളിൽ കൂടുതൽ കുട്ടികൾക്ക് പരിശീലനം നൽകുന്നതിന് നടപടി സ്വീകരിക്കുമെന്ന് ബിന്ദു ടീച്ചർ പറഞ്ഞു. ആലുവ വാളാശേരിൽ സ്വിമ്മിംഗ് ക്ലബിലെ മുഖ്യപരിശീലകൻ സജി വാളാശേരിയുടെ നേതൃത്വത്തിലായിരുന്നു പരിശീലനം.