തിരുവനന്തപുരം: സ്വർണക്കടത്തു കേസിലെ മുഖ്യ പ്രതികളായ സ്വപ്ന സുരേഷിനേയും സന്ദീപ് നായരേയും കൊണ്ട് എൻഐഎ ഇന്നലെ നടത്തിയത് ദിവസം മുഴുവൻ നീണ്ട തെളിവെടുപ്പ്.
സെക്രട്ടേറിയറ്റിനു സമീപത്തെ പുന്നൻ റോഡിലെ ഹെദർ ഫ്ളാറ്റിൽ സ്വപ്നയേയും സന്ദീപിനേയും എത്തിച്ചു തെളിവെടുപ്പു നടത്തുന്നതിനിടയിലാണ് രാവിലെ 11 ഓടെ മാധ്യമപ്രവർത്തകർ വിവരം അറിയുന്നത്.
പ്രതികളെ വാഹനത്തിൽനിന്നു പുറത്തിറക്കാതെയായിരുന്നു തെളിവെടുപ്പ്. മാധ്യമ പ്രവർത്തകർ കൂട്ടത്തോടെ എത്തിത്തുടങ്ങിയതോടെ എൻഐഎ അംഗങ്ങൾ രണ്ടു സംഘങ്ങളായി തിരിഞ്ഞു.
ഒരു സംഘം കറുത്ത ടീ ഷർട്ടും പാന്റുസുമണിഞ്ഞു കറുത്ത തുണികൊണ്ടു മുഖവും മറച്ചു വാഹനത്തിലിരുന്ന സ്വപ്ന സുരേഷുമായി കുറവൻകോണം ഭാഗത്തേക്കുപോയി.
മറുസംഘം സന്ദീപ്നായരുമായി അരുവിക്കരയിലേക്കും. സന്ദീപിന്റെ അരുവിക്കരയിലെ വീട്ടിൽ എത്തിച്ചായിരുന്നു തെളിവെടുപ്പ്. വാഹനത്തിൽനിന്നു പുറത്തിറക്കി, തെളിവുകൾ ശേഖരിക്കുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു. പിന്നാലെ നെടുമങ്ങാട്ട് ആരംഭിച്ച കാർബൺ ഡോക്ടർ വർക്ക് ഷോപ്പിലുമെത്തി.
ഫ്ളാറ്റിലെ തെളിവെടുപ്പിനു പുറത്തിറക്കി
തിരുവനന്തപുരം: സ്വപ്ന കുടുംബസമേതം താമസിച്ചിരുന്ന അന്പലമുക്കിനു സമീപമുള്ള ഫ്ളാറ്റിൽ എത്തിച്ചപ്പോൾ, തിങ്ങി നിറഞ്ഞിരുന്നു മാധ്യമ പ്രവർത്തകർ അടക്കമുള്ളവർ. കേന്ദ്ര അർധസൈനിക വിഭാഗമായ സിആർപിഎഫായിരുന്നു സുരക്ഷ ഒരുക്കിയിരുന്നത്.
ഇവിടെ സ്വപ്നയെ കാറിൽനിന്നു പുറത്തിറക്കി, ഫ്ളാറ്റിൽ കൊണ്ടുപോയാണു തെളിവെടുത്തത്. തുടർന്നു കുറവൻകോണത്തു വ്യാജ സർട്ടിഫിക്കറ്റുകൾ നിർമിച്ചതെന്നു കരുതുന്ന സ്റ്റുഡിയോയിലേക്കും
കൊണ്ടുപോയി മൊഴികളിലെ വൈരുധ്യം പരിശോധിക്കുന്നതിനു കൂടിയായിരുന്നു നേരിട്ടു തെളിവെടുപ്പു നടത്തിയത്. പിടിപി നഗറിലെ സ്വപ്നയുടെ വീട്ടിലെത്തിയും തെളിവെടുത്തു.
ഉച്ചകഴിഞ്ഞും ഇരുവരേയുംകൊണ്ടുള്ള വാഹനങ്ങൾ പേരൂർക്കട എസ്എപി ക്യാന്പിനു സമീപമുള്ള പോലീസ് ക്ലബിലെത്തി. ഇവിടെയായിരുന്നു ചോദ്യം ചെയ്യൽ. ഇതിനിടയിൽ സന്ദീപിനേയുംകൊണ്ടു വ്യാജരേഖ നിർമിച്ച കുറവൻകോണത്തെ ഫ്ളാറ്റിലും എത്തിച്ചു തെളിവെടുത്തു.