മുംബൈ: കന്നഡ നടി ശ്വേത കുമാരിയെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) അറസ്റ്റ് ചെയ്തു.
മുംബൈയിലെ മിറ-ബയാൻഡർ മേഖലയിലെ ക്രൗൺ ബിസിനസ് ഹോട്ടലിൽ നടത്തിയ പരിശോധനയിൽ 400 ഗ്രാം മെഫെഡ്രോൺ (എംഡി) ഇവരിൽനിന്നും പിടിച്ചെടുത്തു.
നർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ് (എൻഡിപിഎസ്) നിയമത്തിന്റെ അടിസ്ഥാനത്തില്‍ ശ്വേത കുമാരിക്കെതിരെ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെ പറഞ്ഞു.
ഹൈദരാബാദ് സ്വദേശിനിയായ ഇവർ നിലവിൽ പോലീസ് കസ്റ്റഡിയിലാണ്.
മയക്കുമരുന്ന് വിൽപനയിലെ പ്രധാനിയെ കണ്ടെത്തുന്നതിനായുള്ള അന്വേഷണം നടക്കുകയാണ്. സംസ്ഥാനാന്തര മയക്കുമരുന്ന് സിൻഡിക്കേറ്റിന്റെ വരുമാനസ്രോതസിനെക്കുറിച്ചും എൻസിബി അന്വേഷിക്കുന്നുണ്ട്.
നേരത്തെ, മയക്ക് മരുന്ന് കേസുമായി ബന്ധപ്പെട്ട് നടിമാരായ രാഗിണി ദ്വിവേദി, സഞ്ജന ഗൽറാണി എന്നിവർ അറസ്റ്റിലായിരുന്നു.