കൊച്ചി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടു കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസില്‍ പ്രതികളായ സ്വപ്ന സുരേഷിന്റെയും സരിത്തിന്റെയും രഹസ്യമൊഴി എറണാകുളം അഡീ. ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതി രേഖപ്പെടുത്തി.
കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട ഉന്നതവ്യക്തികളെക്കുറിച്ച് ഇവര്‍ കസ്റ്റംസിനു മൊഴി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് രഹസ്യമൊഴി രേഖപ്പെടുത്താന്‍ ആവശ്യപ്പെട്ട് ഇവര്‍ കോടതിയെ സമീപിച്ചത്. സിആര്‍പിസി 164 പ്രകാരമുള്ള മൊഴിയാണെടുത്തത്.
അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ ദേശീയ അന്വേഷണ ഏജന്‍സികള്‍ സംയുക്തമായി ഉന്നതരിലേക്കു ചുവടുവയ്ക്കുകയാണ്. അതിന്റെ സൂചന നല്കി കോടതിയില്‍ റിപ്പോര്‍ട്ടും സമർപ്പിച്ചു.
ഇനിയും വന്പൻ സ്രാവുകളുണ്ടെന്ന കോടതിയുടെ നിരീക്ഷണം കൂടി വന്ന സ്ഥിതിക്കു വരുംദിവസങ്ങളില്‍ ഉന്നതതലങ്ങളിലേക്കുള്ള അന്വേഷണം നീളുമെന്നാണു സൂചന.
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനു പുറമെ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരില്‍ സ്വാധീനമുള്ള പ്രമുഖരെയാണ് ഇഡി, കസ്റ്റംസ് ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികൾ ലക്ഷ്യം വയ്ക്കുന്നത്.
സ്വപ്ന, സരിത്ത് തുടങ്ങിയ പ്രതികളുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ഈ ആഴ്ച ചോദ്യം ചെയ്യാനാണ് തീരുമാനം.
രവീന്ദ്രനുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലെല്ലാം റെയ്ഡ് നടത്തി വിശദമായ വിവരം ശേഖരിച്ചു കഴിഞ്ഞു. ഊരാളുങ്കല്‍ സൊസൈറ്റിയില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.
സിപിഎം നേതാക്കളും അവരുടെ കുടുംബങ്ങളും സംശയനിഴലിലാണ്. സ്വപ്ന സുരേഷിനു മുഖ്യമന്ത്രിയുടെ ഓഫീസില്‍ നല്ല സ്വാധീനമുണ്ടെന്ന് അന്വേഷണ സംഘം കോടതിയിൽ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.