കാസർഗോഡ്: വ്യാജരേഖ ഉപയോഗിച്ച് പല ബാങ്കുകളിൽനിന്നായി 18 കോടി രൂപ തട്ടിയെടുത്ത സിനിമാ നിർമാതാവിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.
ചട്ടഞ്ചാൽ തെക്കിൽ സ്വദേശിയും കരാറുകാരനുമായ ടി.കെ. മെഹഫൂസ് (30) ആണ് അറസ്റ്റിലായത്.
ഇയാൾ നിർമിച്ച ഗോകുൽ സുരേഷും ധ്യാൻ ശ്രീനിവാസനും കേന്ദ്രകഥാപാത്രങ്ങളാകുന്ന ‘സായാഹ്ന വാർത്തകൾ’ എന്ന സിനിമ ഇന്നു റിലീസാകാനിരിക്കെയാണ് അറസ്റ്റ്.
2018ലാണ് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ചെർക്കള ശാഖയിൽനിന്നു വ്യാജരേഖകൾ ഹാജരാക്കി 4,17,44,000 രൂപ ഇയാൾ വായ്പയെടുത്തത്.
മഞ്ചേശ്വരത്തെ ഇയാളുടെ രണ്ടേക്കർ സ്ഥലം വായ്പയ്ക്ക് ഈടായി നൽകിയിരുന്നു. വ്യാജരേഖ ചമച്ച് സ്ഥലത്തിന്റെ മൂല്യം പെരുപ്പിച്ചു കാട്ടിയാണ് ഇയാൾ ഇത്രയും വലിയ വായ്പ സംഘടിപ്പിച്ചത്.
ഇയാൾ വായ്പ തിരിച്ചടയ്ക്കാത്തതിനെത്തുടർന്ന് ബാങ്കധികൃതർ നടത്തിയ അന്വേഷണത്തിലാണു ബാങ്കിൽ സമർപ്പിച്ച രേഖകൾ ഉൾപ്പെടെ വ്യാജമായിരുന്നുവെന്നു തെളിഞ്ഞത്.
തുടർന്ന് വായ്പ അനുവദിച്ച മാനേജരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്യുകയും ബാങ്കധികൃതർ വിദ്യാനഗർ പോലീസിൽ പരാതി നൽകുകയും ചെയ്തു. പിന്നീടാണ് കേസന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്.
ഡിവൈഎസ്പി പി.എ. സതീഷ്കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തപ്പോൾ സമാനമായരീതിയിൽ മറ്റു ധനകാര്യസ്ഥാപനങ്ങളിൽനിന്നു പണം തട്ടിയതായി വ്യക്തമായി.
സംസ്ഥാന സർക്കാർ സ്ഥാപനമായ കേരള ഫിനാൻഷ്യൽ കോർപറേഷൻ കാസർഗോഡ് ബ്രാഞ്ചിൽനിന്ന് പത്തു കോടിയും ഐഡിബിഐ കാസർഗോഡ് ബ്രാഞ്ചിൽനിന്ന് നാലുകോടി രൂപയും ഇത്തരത്തിൽ വ്യാജരേഖ ചമച്ച് തട്ടിയെടുത്തതായി തെളിഞ്ഞിട്ടുണ്ട്.