കോഴിക്കോട്: സൈബര്‍ തട്ടിപ്പില്‍ കുടുങ്ങി കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് നഷ്ടപ്പെട്ടത് 763 കോടി രൂപ. ഇതില്‍ പോലീസിനു തിരിച്ചുപിടിക്കാന്‍ കഴിഞ്ഞത് 107.44 ലക്ഷം മാത്രവും. 2023നെ അപേക്ഷിച്ച് വന്‍ വര്‍ധനവാണ് കഴിഞ്ഞ വര്‍ഷം സൈബര്‍ തട്ടിപ്പു രംഗത്തുണ്ടായത്. 2023ല്‍ 210 കോടിയാണ് സൈബര്‍ തട്ടിപ്പുകാര്‍ ആളുകളെ പറ്റിച്ച് കൈവശപ്പെടുത്തിയത്. ഇതില്‍ 37.16 കോടി രൂപ പോലീസ് തിരികെ പിടിച്ചു.
2022-ല്‍ സംസ്ഥാനത്ത് 48 കോടിയുടെ തട്ടിപ്പാണ് നടന്നത്. ഇതില്‍ 4.38 കോടി തിരികെ പിടിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ തുകയുടെ സൈബര്‍ തട്ടിപ്പു നടന്നത് എറണാകുളം ജില്ലയിലാണ്. 174 കോടി രൂപയുടെ തട്ടിപ്പാണ് നടന്നത്. തിരുവനന്തപുരം ജില്ലയില്‍ 114 കോടിയുടെ തട്ടിപ്പുനടന്നു. കോഴിക്കോട്ട് 46 കേസുകളിലായി 23 കോടിയാണ് സൈബര്‍ തട്ടിപ്പുസംഘം കവര്‍ന്നത്. ഉത്തരേന്ത്യന്‍ സംഘങ്ങളാണ് തട്ടിപ്പിനു പിന്നില്‍ മുഖ്യമായും പ്രവര്‍ത്തിക്കുന്നത്.
കോഴിക്കോട്ട് കഴിഞ്ഞ ദിവസവും വയോധികന് വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പില്‍ കുടുങ്ങി. 8.80 ലക്ഷം രൂപയാണ് ഇയാള്‍ക്ക് നഷ്ടമായത്. വെസ്റ്റ്ഹിൽ സ്വദേശിയായ വയോധികന് മുംബൈയിലെ സൈബർ ക്രൈം പോലീസ് ഡെപ്യൂട്ടി കമ്മീഷണർ എന്ന പേരിലാണ് ഫോൺ വന്നത്. വയോധികൻ മുംബൈയിൽ ഇറിഗേഷൻ വകുപ്പിൽ ജോലി ചെയ്തിരുന്നു.
മുംബൈയിൽ ജോലി ചെയ്ത സമയത്ത് മനുഷ്യക്കടത്ത് നടത്തിയെന്നു പറഞ്ഞാണ് തട്ടിപ്പ് സംഘം ബന്ധപ്പെട്ടത്. കേസിന്റെ ആവശ്യത്തിനായി ബാങ്ക് രേഖകൾ അയച്ചു കൊടുക്കാൻ ആവശ്യപ്പെട്ടു. ബാങ്ക് രേഖകൾ കൈക്കലാക്കിയ സംഘം അക്കൗണ്ടിൽനിന്ന് പണം ട്രാൻസ്ഫർ ചെയ്യുകയായിരുന്നു. ജനുവരിയിലായിരുന്നു തട്ടിപ്പ് നടന്നത്. തെലുങ്കാനയിലെ അക്കൗണ്ടിലേക്കാണു പണം പോയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയെന്ന് എലത്തൂർ പോലീസ് പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.