ഇങ്ങനെപോയാല്‍ ശരിയാവില്ല, തടി കുറയ്ക്കണം, എന്ന് ഓസ്‌ട്രേലിയക്കാരി ജെനിഫര്‍ ചിന്തിച്ചു തുടങ്ങിയപ്പോള്‍ അവളുടെ ഭാരം 150 കിലോയായിരുന്നു. എങ്കിലും വണ്ണം കുറയ്ക്കാന്‍ തന്നെ അവള്‍ തീരുമാനിക്കുകയായിരുന്നു. സിഡ്‌നിയിലെ യൂണിവേഴ്‌സിറ്റിയില്‍ നിയമ വിദ്യാര്‍ഥിനി ആണ് ജെനിഫര്‍. തടിച്ചിയെന്ന വിളി കേട്ടു മടുത്ത് ഒരു സുപ്രഭാതത്തില്‍, സ്ലിം ബ്യൂട്ടികളായ കൂട്ടുകാരോടു ജെനിഫര്‍ പറഞ്ഞു. ഞാന്‍ വണ്ണം കുറയ്ക്കാന്‍ പോവുകയാണ്. ആദ്യം അവര്‍ കളിയാക്കിയെങ്കിലും ഒരു വര്‍ഷം കഴിഞ്ഞു നേരില്‍ കണ്ടപ്പോള്‍ കൂട്ടുകാരൊക്കെ ഞെട്ടി.
പലരും തിരിച്ചറിഞ്ഞതുപോലുമില്ല. കാരണം ഒന്നോ രണ്ടോ കിലോയല്ല, ജെനിഫര്‍ കുറച്ചത് 84 കിലോയായിരുന്നു. അതായത് ഇപ്പോള്‍ ഭാരം വെറും 66 കിലോ. അമിതവണ്ണം കാരണം ആത്മവിശ്വാസം കുറഞ്ഞുതുടങ്ങിയപ്പോള്‍ ജെനിഫര്‍ ആദ്യം നല്ലൊരു ഡോക്ടറെ കണ്ട് ശരീരഭാരം കൂടുന്നതിന്റെ കാരണം കണ്ടുപിടിച്ചു. കഴിക്കുന്ന കാര്‍ബോഹൈഡ്രേറ്റിന്റെ അളവു കൂടുതലാണ്. കാര്‍ബോഹൈഡ്രേറ്റിന്റെ അളവു കുറച്ചു പ്രോട്ടീനിന്റെയും പച്ചക്കറിയുടെയും അളവു കൂട്ടിയാല്‍ ഭാരം കൂടുന്നതു തടയാം. പോഷണക്കുറവുണ്ടാവുകയുമില്ല.
ഭക്ഷണ നിയന്ത്രണം കൊണ്ടു മാത്രം 12 കിലോ കുറച്ചതിനു ശേഷം വയറില്‍ ഒരു ഓപറേഷന്‍ നടത്തി. വയറിന്റെ വലുപ്പം കുറയ്ക്കുന്നതിനുള്ള ഗാസ്ട്രിക് സ്ലീവ് സര്‍ജറി ആയിരുന്നു അത്. അടുത്ത രണ്ട് ആഴ്ചത്തേക്ക് ദ്രവ രൂപത്തിലുള്ള ഭക്ഷണം മാത്രമാണു കഴിച്ചത്. വയറിന്റെ വലുപ്പം കുറഞ്ഞതുകൊണ്ട് അമിത ഭക്ഷണം വേണമെന്ന തോന്നലും ഇല്ലാതായി. പിന്നെ പതിയെ പ്രോട്ടീന്‍ ഭക്ഷണത്തിലേക്കു മാറി. അങ്ങനെ അഞ്ചു മാസം കൊണ്ട് കുറഞ്ഞത് 54 കിലോ. ജിം എക്‌സര്‍സൈസ് ആയിരുന്നു അടുത്ത ഘട്ടം. ദിവസം രണ്ടു നേരം ജിമ്മില്‍ വര്‍ക്ക്ഔട്ട്. ശരീരത്തിലെ കൊഴുപ്പു നീക്കം ചെയ്യുന്ന ഒരു സര്‍ജറി കൂടി നടത്തി. അങ്ങനെ ഒരു വര്‍ഷത്തെ പരിശ്രമത്തിനൊടുവില്‍ 66 കിലോയില്‍ സ്ലിം ബ്യൂട്ടിയായി മാറി. ആര്‍ക്കും പരീക്ഷിക്കാവുന്നതാണ് തന്റെ ഈ വെയ്റ്റ് ലൂസിംങ് മെതേഡ് എന്നാണ് ജെനി പറയുന്നത്.