പ്രത്യേക ലേഖകൻ
ന്യൂഡൽഹി: ജോസ് കെ. മാണി നേതൃത്വം നൽകുന്ന വിഭാഗത്തിന് കേരള കോണ്‍ഗ്രസ്-എം പാർട്ടിയുടെ പേരും രണ്ടില ചിഹ്നവും അനുവദിച്ച കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ തീരുമാനം ശരിവച്ച കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിക്കെതിരേ പി.ജെ. ജോസഫ് വിഭാഗം സുപ്രീംകോടതിയെ സമീപിച്ചു.
ഹൈക്കോടതി വിധി ഉടൻ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടു കഴിഞ്ഞ ചൊവ്വാഴ്ച ഓണ്‍ലൈനിൽ നൽകിയ പരാതി പക്ഷേ സുപ്രീംകോടതി ഇന്നലെയും ഫയലിൽ സ്വീകരിച്ചില്ല.
നിയമസഭാ തെരഞ്ഞെുപ്പു വിജ്ഞാപനം വരുന്നതിനു തൊട്ടു മുന്‍പായാണു ജോസഫ് വിഭാഗത്തിനു വേണ്ടി അഡ്വ. റോമി ചാക്കോ മുഖേന പി.സി. കുര്യാക്കോസ് സുപ്രീംകോടതിയെ സമീപിച്ചത്.
കേസ് ഫയലിൽ സ്വീകരിച്ചു കോടതി നോട്ടീസ് അയച്ചാൽ ജോസ് കെ. മാണി വിഭാഗം തടസഹർജി നൽകും. തങ്ങളുടെ ഭാഗം കൂടി കേട്ട ശേഷമേ പരാതിയിൽ തീർപ്പു കൽപിക്കാവൂ എന്നാകും ജോസ് വിഭാഗം ആവശ്യപ്പെടുക.
അറ്റോർണി ജനറൽ കെ.കെ. വേണുഗോപാലിന്റെ മകനും മുതിർന്ന അഭിഭാഷകനുമായ കൃഷ്ണൻ വേണുഗോപാലുമായി ഇതു സംബന്ധിച്ച് ജോസ് കെ. മാണി പ്രാഥമിക ചർച്ച നടത്തി.